Latest News

ജില്ലാ കലോത്സവം; വിധികര്‍ത്താവിനെ സാരി വലിച്ചഴിച്ച് അപമാനിച്ചതായി പരാതി

കാസർകോട് : "നൂറുകണക്കിനാളുകൾ നിറഞ്ഞ കലോത്സവവേദിയിൽ എന്റെ സാരി വലിച്ചഴിച്ചു. കസേരയെടുത്ത് തലയ്ക്കടിക്കാൻ ശ്രമിച്ചു. തള്ളിവീഴ്‌ത്തി. പൊലീസും സംഘാടകരും നോക്കിനിന്നു. ആരും സഹായിച്ചില്ല. പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല.'
അപമാനത്തിന്റെ നടുക്കം മാറാത്ത ലതാനന്പൂതിരിയുടെ വാക്കുകൾ മുറിഞ്ഞു.

കുമ്പള ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ശനിയാഴ്ച കാസർകോട് ജില്ലാകലോത്സവത്തിലെ ഹയർ സെക്കൻഡറി വിഭാഗം തിരുവാതിരക്കളിയുടെ വിധിപ്രഖ്യാപനത്തിനിടയിലാണ് ഇവരെ അപമാനിച്ചത്.

അന്നു തന്നെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം വന്നത്: `സ്വർണക്കുടം തലയിൽ വച്ച് രാത്രിയിൽ പോയാലും സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടാകാത്ത തരത്തിൽ പൊലീസ് സംവിധാനം വരും'.
ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും ഡി.പി.ഐക്കും കാസ‌ർകോട് കളക്ടർക്കും ഡി.ഡി.ഇക്കുമെല്ലാം പരാതി അയച്ചിട്ട് നാല് ദിവസം കഴിഞ്ഞു. ഒരു നടപടിയുമുണ്ടായില്ല.
" 23 വർഷമായി കലോത്സവങ്ങളിൽ വിധികർത്താവാണ് ഞാൻ. പലപ്പോഴും ദുരനുഭവങ്ങൾ ഉണ്ടായെങ്കിലും ഇത്രയധികം അപമാനിതയായിട്ടില്ല. വിധിനിർണയത്തിന് ശേഷം സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ ടീമിനെ പ്രഖ്യാപിച്ചു. മറ്റു ടീമുകൾക്ക് ലഭിച്ച ഗ്രേഡും. അപ്പോഴാണ് കുറെ അദ്ധ്യാപകരും രക്ഷിതാക്കളും തള്ളിക്കയറി വന്ന് രണ്ടും മൂന്നും സ്ഥാനക്കാരെക്കൂടി പ്രഖ്യാപിക്കണമെന്നും ഓരോ ടീമിന്റെയും മികവും പോരായ്മയും അപ്പോൾ തന്നെ പറയണമെന്നും ആവശ്യപ്പെട്ടത്. പ്രോഗ്രാം കൺവീനറുടെ സമ്മതത്തോടെ പിന്നീട് വിശദീകരിക്കാമെന്ന് പറഞ്ഞെങ്കിലും ക്ഷുഭിതരായ അവർ എന്നെ അസഭ്യം പറഞ്ഞു. ഒരാൾ കസേരയെടുത്ത് എന്റെ തലയ്ക്ക് നേരെ വീശി. അപ്പോഴാണ് കൂട്ടത്തിലൊരു സ്ത്രീ എന്റെ സാരി വലിച്ചഴിച്ചത്. തള്ളിയിടുകയും ചെയ്‌തു. 

സംഘാടകരോട് പരാതി പറഞ്ഞെങ്കിലും എന്നെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിടുകയായിരുന്നു. ആ ട്രെയിൻ പോയാൽ അന്നെനിക്ക് പോകാൻ പറ്റില്ലായിരുന്നു. അതിനാൽ പൊലീസ് സ്റ്റേഷനിൽ പോകാനായില്ല. പിറ്റേന്ന് കാലത്ത് തന്നെ കാസർകോട് എസ്.പിക്ക് സ്‌പീഡ‌് പോസ്റ്റിലും ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഫാക്സിലും പരാതി അയച്ചു. ഇതുവരെ ആരിൽ നിന്നും പ്രതികരണമുണ്ടായില്ല.' ആകാശവാണി, ദൂരദർശൻ ഫോക്ക് ആർട്ടിസ്റ്റും സംഗീത അദ്ധ്യാപികയും തിരുവാതിരക്കളിയിലെ സീനിയർ പരിശീലകയുമായ ലതാനന്പൂതിരി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.