Latest News

മഴവെള്ള ഭീതി; ജാക്കികൊണ്ടു വീടുയര്‍ത്തുന്നു

കടുത്തുരുത്തി: മഴക്കാലത്ത്‌ വെള്ളം കയറുന്നതൊഴിവാക്കാന്‍ ഇരുനിലവീട്‌ തറനിരപ്പില്‍നിന്നും മൂന്നടി ഉയര്‍ത്തുന്നു!. എഴുമാന്തുരുത്ത്‌- വടയാര്‍ റോഡരുകില്‍ തുരുത്തിയില്‍ (അരവിന്ദ വില്ല) ടി.എസ്‌. ഉദയന്റെ വീടാണ്‌ ഉയര്‍ത്തുന്നത്‌. 300 ജാക്കികളുപയോഗിച്ചാണ്‌ 4000 ചതുരശ്ര അടിയുള്ള വീട്‌ ഉയര്‍ത്തുന്നത്‌. ഹരിയാനയിലെ ടി.ഡി.ബി.ഡി. കമ്പനിയാണ്‌ ജോലി ഏറ്റെടുത്തിരിക്കുന്നത്‌. ഡിസംബര്‍ 12-ന്‌ ആരംഭിച്ച ജോലി 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനിടെ ഒന്നര അടിയോളം ഉയര്‍ത്തി.

അമ്പതോളം തൊഴിലാളികളെയാണ്‌ ജോലിക്കു നിയോഗിച്ചിരിക്കുന്നത്‌. പത്തരലക്ഷത്തോളം രൂപ ചെലവ്‌ വരുമെന്ന്‌ ഉദയന്റെ ഭാര്യ പത്മ പറഞ്ഞു. യാതൊരു കേടുപാടുമുണ്ടാക്കാതെ അതിസൂഷ്‌മമായാണ്‌ വീടുയര്‍ത്തുന്നത്‌. വൈദ്യുതി, പൈപ്പ്‌ കണക്ഷനുകള്‍ വേര്‍പെടുത്തിയതിനുശേഷമാണ്‌ ബേസ്‌മെന്റിനിടയില്‍ ജാക്കികള്‍ സ്‌ഥാപിച്ചത്‌. വിവിധ ഭാഗങ്ങളിലായി സ്‌ഥാപിച്ചിരിക്കുന്ന 300 ജാക്കികളും ഒരേസമയത്താണ്‌ ഉയര്‍ത്തുന്നത്‌. വീട്‌ ഉയരുന്നതിനനുസരിച്ച്‌ ബേസ്‌മെന്റിനടിയില്‍ കരിങ്കല്‍ നിറയ്‌ക്കും. 

ഉയര്‍ത്തുമ്പോഴുണ്ടാകുന്ന കേടുപാടുകളുടെ ഉത്തരവാദിത്തവും കമ്പനി ഏറ്റെടുക്കും. എന്നാല്‍ ഇതുവരെ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന്‌ പത്മ പറഞ്ഞു. പതിനെട്ടുവര്‍ഷം മുമ്പ്‌ 20 ലക്ഷത്തോളം രൂപ മുടക്കിയാണ്‌ വീട്‌ നിര്‍മിച്ചത്‌. റോഡ്‌ ഉയര്‍ന്നതും മഴക്കാലത്ത്‌ വെള്ളം കയറുന്നതു പതിവായതോടെയാണ്‌ വീട്‌ ഉയര്‍ത്തുന്നതിനെപ്പറ്റി ചിന്തിച്ചതെന്നു പത്മ പറയുന്നു. വീടുയര്‍ത്തുന്നതു കാണാന്‍ ദൂരദേശങ്ങളില്‍നിന്നു പോലും നിരവധിയാളുകളാണ്‌ ഇവിടെയെത്തുന്നത്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.