Latest News

അഞ്ജുവിന് സ്വര്‍ണ്ണം 9 വര്‍ഷത്തിനുശേഷം!

കോട്ടയം: ഒമ്പതുവര്‍ഷം മുമ്പ് മൊണാക്കോയില്‍ നടന്ന ലോക അത്‌ലറ്റിക് ഫൈനല്‍സില്‍ ഇന്ത്യയുടെ അഭിമാനതാരം അഞ്ജുബോബി ജോര്‍ജ് നേടിയ വെള്ളി മെഡല്‍ സ്വര്‍ണ്ണമായി ഉയര്‍ത്തപ്പെട്ടു. അന്ന് സ്വര്‍ണ്ണം നേടിയിരുന്ന റഷ്യക്കാരി തത്യാന കൊട്ടോവ ഉത്തേജക മരുന്നുപയോഗിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് അഞ്ജുവിനെ അവകാശിയാക്കിയത്.
 
ചാമ്പ്യന്‍ഷിപ്പിനിടെ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി (വാഡ) ശേഖരിച്ച കൊട്ടോവയുടെ ശീതീകരിച്ചുവെച്ചിരുന്ന സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് മരുന്നടിച്ചതായി തെളിഞ്ഞത്. അഞ്ജു സ്വര്‍ണ്ണത്തിനവകാശിയായ വിവരം അന്താരാഷ്ട്ര അത്‌ല്റ്റിക് ഫെഡറേഷന്‍ വൃത്തങ്ങള്‍ അവരെ അറിയിച്ചിട്ടുണ്ട്.

നിനച്ചിരിക്കാതെയാണ് മൊണാക്കോ (2005) ലോക അത്‌ലറ്റിക് ഫൈനല്‍സിലെ ലോങ്ജമ്പ് സ്വര്‍ണ്ണം അഞ്ജു ബോബി ജോര്‍ജിനെ തേടിയെത്തിയത്. മൊണാക്കോയില്‍ റഷ്യക്കാരി തത്യാന കൊട്ടോവയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അഞ്ജുവിന് കൊട്ടോവ മരുന്നടിക്ക് പിടിക്കപ്പെട്ടതോടെയാണ് സ്വര്‍ണ്ണം സ്ഥാപിച്ചുകിട്ടിയത്. മൊണാക്കോയില്‍ കൊട്ടോവ 6.83 മീറ്റര്‍ ചാടിയാണ് സ്വര്‍ണ്ണം  നേടിയിരുന്നത്. അഞ്ജു ചാടിയതാകട്ടെ, 6.75 മീറ്ററും.

കൊട്ടോവ കുടുങ്ങിയതോടെ ലോക അത്‌ലറ്റിക് വേദിയില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും അഞ്ജുവിന് സ്വന്തമായി. ഇതുസംബന്ധിച്ച് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ (ഐ.എ.എ.എഫ്). സൈറ്റില്‍ തിരുത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ(എ.എഫ്.ഐ.) സ്ഥിരീകരണം ഉടനെയുണ്ടാവും.

ലോക ഗ്രാന്‍ഡ്പ്രീ മീറ്റുകളുടെ ഫൈനലെന്ന് വിശേഷിപ്പിക്കുന്ന മൊണാക്കോയിലെ ലോക അത്‌ലറ്റിക് ഫൈനല്‍സില്‍ അഞ്ജുവിന് പിന്നില്‍ അമേരിക്കയുടെ ഗ്രേസ് അപ്ഷാ (6.67 മീറ്റര്‍ ) വെങ്കലം നേടിയിരുന്നു. കൊട്ടോവ പുറത്തായതോടെ അപ്ഷായുടെ വെങ്കലം വെള്ളിയായി.

ഓരോയിനത്തിലെയും ലോകത്തെ എട്ട് മികച്ച അത്‌ലറ്റുകളാണ് ലോക അത്‌ലറ്റിക് ഫൈനല്‍സില്‍ മാറ്റുരയ്ക്കുക. മൊണാക്കോയില്‍ മത്സരിക്കുമ്പോള്‍ ലോകറാങ്കിങില്‍ അഞ്ജു നാലാം സ്ഥാനത്തായിരുന്നു.

മത്സരാര്‍ഥികളുടെയെല്ലാം സാമ്പിള്‍ വാഡ സൂക്ഷിച്ചിരുന്നു. വാഡയുടെ (വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സി) നിയമനുസരിച്ച് എട്ടുവര്‍ഷം വരെ സാമ്പിള്‍ മരവിപ്പിച്ച് സൂക്ഷിക്കാം. ഈ സൂക്ഷിച്ച സാമ്പിളുകള്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വാഡ റാന്‍ഡം ചെക്കിങ് നടത്തിയപ്പോഴാണ് കൊട്ടോവ പിടിക്കപ്പെട്ടത്. തുടര്‍ന്ന് മെഡല്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അക്കാലത്ത് വാഡയുടെ ലിസ്റ്റില്‍ വരാതിരുന്ന ഉത്തേജക മരുന്നുകള്‍ വ്യാപകമായി താരങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന ജര്‍മന്‍ ടെലിവിഷന്റെ വെളിപ്പെടുത്തലാണ് സൂക്ഷിച്ചുവെച്ച സാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ വാഡ തീരുമാനിച്ചത്.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള ഏക ഇന്ത്യന്‍ താരമാണ് അഞ്ജു. 2003 പാരിസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയാണ് അജ്ഞു ഈ ബഹുമതിക്ക് അര്‍ഹയായത്. 2005-ല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു അഞ്ചാമതായിരുന്നു. കൊട്ടോവ പിടിക്കപ്പെട്ടതോടെ അത് നാലാം സ്ഥാനമായും മാറും.

വാഡയുടെ അംബാസഡറായിരുന്നിട്ടുള്ള അഞ്ജു ലോക അത്‌ലറ്റിക്‌സിലെ 'ക്ലീന്‍' അത്‌ലറ്റുകളുടെ ഗണത്തിലാണ്. 2004-ലെ ആതന്‍സ് ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം അര്‍ഹിച്ചത് അഞ്ജുവാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ആതന്‍സില്‍ അഞ്ജു ആറാമതായിരുന്നു. അന്ന് റഷ്യന്‍ താരങ്ങളായ താത്യാന ലെബഡേവ സ്വര്‍ണവും ഐറീന സിമഗിന വെള്ളിയും കൊട്ടേവ വെങ്കലവും നേടിയിരുന്നു.

ഓസ്‌ട്രേലിയയുടെ ബ്രൗണിന്‍ തോംപ്‌സണ് നാലാം സ്ഥാനവും അമേരിക്കയുടെ മരിയന്‍ ജോണ്‍സിന് അഞ്ചാം സ്ഥാനവുമായിരുന്നു. ഇവരില്‍ പലരും പലകാലങ്ങളിലായി മരുന്നടിക്ക് പിടിക്കപ്പെട്ടവരാണ്. മരുന്നടിക്ക് മരിയന്‍ ജോണ്‍സണ് ഐ.എ.എഫ്.എഫ്. വിലക്കുമേര്‍പ്പെടുത്തി. മരിയന്‍ ജോണ്‍സിന്റെ സിഡ്‌നി ഒളിമ്പിക്‌സിലെ മെഡലുകളും 2004-ലെ അഞ്ചാംസ്ഥാനവും റദ്ദാക്കി. അതോടെ അഞ്ജു ഒളിമ്പിക്‌സില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

ക്ലീന്‍ അത്‌ലറ്റുകള്‍ക്കാണ് ഒളിമ്പിക്‌സിലെ മെഡലുകള്‍ ലഭിക്കുന്നതെങ്കില്‍ 2004-ലെ സ്വര്‍ണ്ണം അഞ്ജുവിനും വെള്ളി തനിക്കുമാണ് ലഭിക്കേണ്ടിയിരുന്നതെന്ന് അന്ന് അഞ്ജുവിന് പിന്നില്‍ ഏഴാമെതെത്തിയ ബ്രിട്ടീഷ് അത്‌ലറ്റ് ജേഡ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. 

ജോണ്‍സന്റെ വാക്കുകള്‍ ശരിവെക്കുന്ന വാര്‍ത്തകള്‍ തന്നെയാണ് പിന്നീട് കണ്ടത്. കരിയറിലെ ഔന്നത്യത്തില്‍ നിന്ന 2003-2005 കാലത്ത് അന്നത്തെ പ്രമുഖ താരങ്ങളെയൊക്കെ അഞ്ജു തോല്‍പ്പിച്ചിരുന്നു. ആദ്യം കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കലം, പിന്നാലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം തുടര്‍ന്ന് ഒളിമ്പിക്‌സില്‍ അഞ്ചാം സ്ഥാനം. ഇപ്പോഴിതാ ലോക അത്‌ലറ്റിക് ഫൈനല്‍സില്‍ സ്വര്‍ണ്ണവും. വിരമിച്ച ശേഷം സുവര്‍ണതാരമായി വാര്‍ത്തകളില്‍ നിറയുകയാണ് അഞ്ജു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Athletics, Anju Boby George, Gold

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.