Latest News

സിബിഐ ചമഞ്ഞ് ബന്ധുവീട്ടില്‍നിന്നു മൂന്നര പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍

ചാവക്കാട്: സിബിഐ ചമഞ്ഞ് ബന്ധുവീട്ടില്‍നിന്നു മൂന്നര പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതി പിടിയിലായി. മുല്ലശേരി സ്വദേശിനി പാലക്കാട് ഒലവക്കോട് വാടക വീട്ടില്‍ താമസിക്കുന്ന സീന (32)യെയാണ് എസ്‌ഐമാരായ എം.കെ. ഷാജി, വി.ഐ. സഗീര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സിപിഒമാരായ അറുമുഖന്‍, സുജിത്ത്, സൂരജ്, ജാസ്മിന്‍, ബല്‍ക്കീസ് എന്നിവരും പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.

തട്ടിപ്പിന്റെ കഥ ഇങ്ങനെ: സീനയുടെ ബന്ധു ഇരട്ടപ്പുഴ ബ്ലാങ്ങാട് സൗമ്യകുമാറിന്റെ ഭാര്യ കവിതയുടെ മൂന്നരപ്പവന്റെ മാലയാണ് കഴിഞ്ഞയാഴ്ച മോഷണം നടത്തിയത്. ഇരട്ടപ്പുഴയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന സൗമ്യകുമാര്‍ തൃശൂരില്‍ ഡ്രൈവറാണ്. 

പതിനഞ്ചു വര്‍ഷത്തിനുശേഷം തൃശൂരില്‍വച്ചു സീനയെ സൗമ്യകുമാര്‍ കണ്ടുമുട്ടി. ബന്ധുവായ സീനയെ കണ്ടുമുട്ടിയപ്പോള്‍ വിശേഷങ്ങള്‍ ആരാഞ്ഞു. താന്‍ സിബിഐയില്‍ ഇന്‍സ്‌പെക്ടറാണെന്നും എറണാകുളത്താണ് ജോലിയെന്നും ഒരു കേസിന്റെ കാര്യത്തിനായി തൃശൂരില്‍ വന്നതാണെന്നും സീന പറഞ്ഞപ്പോള്‍ സൗമ്യകുമാറിന് യാതൊരു സംശയവും തോന്നിയതുമില്ല.

ബന്ധവും സൗഹൃദവും പുതുക്കുന്നതിനിടെ സിബിഐയില്‍ ഡ്രൈവറുടെ ഒഴിവുണ്ടെന്നും അതിന്റെ ഡയറക്ടര്‍ ഒരു സ്ത്രീയാണെന്നും സീന സൗമ്യകുമാറിനെ അറിയിക്കുകയും ചെയ്തു. ഇവരെ വിളിച്ചു സംസാരിച്ചാല്‍ ജോലി ഉറപ്പാണെന്നും പറഞ്ഞ് സീന തന്റെ മറ്റൊരു മൊബൈല്‍ നമ്പര്‍ ഇയാള്‍ക്കു നല്‍കുകയും ചെയ്തു. സീന പറഞ്ഞതുപ്രകാരം സൗമ്യകുമാര്‍ ഈ സ്ത്രീയെ വിളിച്ച് (സീനയെത്തന്നെ) ജോലി ഉറപ്പുവരുത്തുകയും ചെയ്തു.

സൗമ്യകുമാറിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകയായ സീന പിന്നീട് ഇയാളുടെ ഭാര്യ കവിതയുമായി അടുപ്പംസ്ഥാപിച്ചു. ഇതിനിടെ സൗമ്യകുമാര്‍ വീട്ടിലില്ലാത്ത സമയത്ത് സീനയും രണ്ടുസ്ത്രീകളും വീട്ടിലെത്തുകയും കവിത അവര്‍ക്കു വിരുന്നൊരുക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുശേഷം സീന തന്റെ നാലുവയസുള്ള മകളുമായി സൗമ്യകുമാറിന്റെ വീട്ടിലെത്തുകയും സൗമ്യകുമാറിനെക്കൂട്ടി ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോവുകയും ചെയ്തു. തിരിച്ചെത്തുയപ്പോള്‍ സീനയുടെ ബാഗ് കാണാനില്ലായിരുന്നു. പണവും രേഖകളുമടങ്ങിയ ബാഗ് കാണാതായ സീന വിഷമിച്ചു. തെരച്ചില്‍ നടത്തിയപ്പോള്‍ കവിതയുടെ ബാഗും കാണാനില്ലെന്നു മനസിലായി.

ആശുപത്രിയിലെക്കു പോകുന്നതിനുമുമ്പെ കവിതയുടെ ബാഗിലുള്ള മൂന്നരപവന്റെ മാല കൈക്കലാക്കിയ സീനതന്നെയാണ് ഇരുവരുടേയും ബാഗുകള്‍ പുറത്തേക്കുവലിച്ചെറിഞ്ഞത്. രണ്ടുബാഗുകള്‍ ഒരുമിച്ചു നഷ്ടപ്പെട്ടപ്പോള്‍ അത് കളവുപോയതാണെന്ന ധാരണയില്‍ സൗമ്യകുമാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സീനയെ സംശയിച്ചുമില്ല. എന്നാല്‍ അന്വേഷണത്തിനിടയില്‍ സിബിഐ ഇന്‍സ്‌പെക്ടറായ ബന്ധു വീട്ടില്‍വന്ന വിവരം സൗമ്യകുമാര്‍ പോലീസില്‍ പറയുകയും ഇവരെക്കുറിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. സൗമ്യകുമാറിനെക്കൊണ്ടുതന്നെ സീനയെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റംനിഷേധിച്ച ഇവര്‍ പിന്നീട് എല്ലാം വെളിപ്പെടുത്തുകയായിരുന്നു.

രണ്ടു കുട്ടികളുടെ മാതാവായ സീനയുടെ ജീവിതം വഴിമാറിയപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതായിരുന്നു. മൂത്തമകളെ ഭര്‍ത്താവ് കൊണ്ടുപോയി. രണ്ടാമത്തെ മകളുമായി കഴിയുകയായിരുന്ന സീന പലരുടേയും കൂടെ പോകാറുണ്ടെന്നും അവസരം കിട്ടിയാല്‍ തട്ടിപ്പും മോഷണവും നടത്താറുണ്ടെന്നും പോലീസ് അറിയിച്ചു. തൃശൂരിലെ സ്വര്‍ണ്ണക്കടയില്‍ വിറ്റ സ്വര്‍ണ്ണമാല  പോലീസ് കണ്ടെടുത്തു കോടതിയില്‍ ഹാജരാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, Case, Arrested, Seena

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.