Latest News

സുന്നി ഐക്യം: ഉപാധികളും കുത്തുവാക്കുകളും യോജിപ്പിന്റെ മാര്‍ഗ്ഗമല്ല: നൂറുല്‍ ഉലമ

കാസര്‍കോട്:  ഉപാധികളും കുത്തുവാക്കുകളും യോജിപ്പിന്റെ മാര്‍ഗ്ഗമല്ലെന്ന് ബുദ്ധിയുള്ളവര്‍ക്ക് വിലയിരുത്താവുന്ന കാര്യമാനെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സമസ്ത പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഉടനെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് യോജിപ്പ് അടഞ്ഞ അധ്യായമല്ലെന്ന് ഞാന്‍ പ്രതികരിച്ചത്. അല്ലാതെ മുശാവറ തീരുമാനം അറിയിച്ചതല്ല. അതിനോട് പ്രതികരിക്കേണ്ടത് മറുഭാഗത്തെ പണ്ഡിതരാണ്. മാന്യമായ അഭിപ്രായം പറയുന്നതിനു പകരം വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
യോജിപ്പിക്കാനായി പ്രമുഖന്മാരും മാന്യന്മാരും കുറെയധികം ഉത്സാഹിച്ചതും പ്രതിപക്ഷത്തിന്റെ നിസ്സഹകരണം കാരണമായി നടക്കാതിരുന്നതുമാണ്. 1951 മുതല്‍ സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കായ വ്യക്തി എന്ന നിലയ്ക്ക് ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനത്തിലുള്ള വൈഷമ്യം കണക്കിലെടുത്തു കൊണ്ടാണ് വിശാല മനസ്‌കനും ഉന്നത നേതാവുമായിരുന്ന മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ടത്. സഹപ്രവര്‍ത്തകന്‍ കെ. പി ഹംസ മുസ്‌ലിയാരും കൂടെയുണ്ടായിരുന്നു. മംഗലാപുരം മുഹമ്മദ് ഹാജി എന്നയാളുടെ വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച. കാസര്‍കോട്ടെ പ്രധാന വ്യക്തികളിലൊരാളായ എന്‍. എ അബൂബക്കര്‍ ഹാജിയും, അന്നു മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബും ദൃസാക്ഷികളായിരുന്നു.
പൂര്‍വ്വബന്ധമനുസരിച്ച് വ്യക്തിപരമാണ് എന്റെ കൂടിക്കാഴ്ചയെന്നും, ഞാനുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ പ്രതിനിധിയായിട്ടല്ലെന്നും ഞാന്‍ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ ഭാഗത്ത് നേതൃത്വം വഹിക്കുന്ന ബഹുമാനപ്പെട്ട മര്‍ഹൂം താജുല്‍ ഉലമയെ സഹകരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാമെന്നും മറുവശത്തുള്ളവരെ താങ്കളും ബന്ധപ്പെട്ട് സഹകരിപ്പിക്കണമെന്നുമായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്.
അന്ന് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും മറുവശക്കാരുമായി ബന്ധപ്പെടട്ടെ എന്നു പറഞ്ഞു പിരിയുകയുമാണുണ്ടായത്. മഹാനവര്‍കളുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ സ്ഥാനമേറ്റെടുത്ത സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളും ഞാനുമായി കാസര്‍കോട് മാലിക് ദീനാര്‍ പള്ളിയില്‍ ഒത്തുകൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഇനി തുടര്‍ പ്രവര്‍ത്തനം നിങ്ങള്‍ നടത്തണമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഈ വസ്തുത ഓര്‍ത്ത് കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അടഞ്ഞ കാര്യമല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞത്.
വേണ്ടി വന്നാല്‍ മുശാവറ ചേര്‍ന്ന് വേണ്ട തീരുമാനങ്ങള്‍ ഞങ്ങള്‍ എടുക്കുന്നതാണ്. ഉപാധികളില്ലാത്ത ഇരുവിഭാഗത്തിന്റെ പ്രതിനിധികള്‍ ഒരു മേശക്കിരിന്ന് സംസാരിക്കാന്‍ മറുവശം തയ്യാറാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നാണ് എന്റെ പ്രതീക്ഷ.
ആവശ്യമാണെങ്കില്‍ രണ്ട് വിഭാഗവും അംഗീകരിക്കുന്ന മധ്യസ്ഥന്മാരെയും കൂടെ ഇരുത്താവുന്നതാണ്. മറുഭാഗം തയ്യാറാണെങ്കില്‍ മുശാവറ ചേര്‍ന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ തയ്യാറാണ്. സന്മനസ്സോടെ കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു. എം.എ ഉസ്താദ് നയം വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.