Latest News

28 ആഴ്ചകൊണ്ട് 28 ജോലിയില്‍ പ്രവേശിച്ച ഇന്ത്യന്‍ യുവാവ്; ഹൗസ്‌ബോട്ട് ഡ്രൈവറായി കേരളത്തിലും

ന്യൂഡല്‍ഹി: ഇഷ്ടമുള്ള ജോലികള്‍ തെരഞ്ഞെടുത്താന്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടാന്‍ കഴിയുമെന്ന സന്ദേശമാണ് “ത്രീ ഇഡിയറ്റ്‌സ്’ എന്ന അമീര്‍ ഖാന്‍ ചിത്രം നല്‍കുന്നത്. എന്നാല്‍ സ്വന്തം ഇഷ്ടത്തിനായി വിവിധ ജോലികള്‍ ചെയ്യുന്ന ഇന്ത്യക്കാരന്‍ യുവാവിന്റെ കഥയാണിത്. ഹോട്ടല്‍ വെയിറ്റര്‍ മുതല്‍ ഹൗസ് ബോട്ട് ഡ്രൈവര്‍ വരെയും റിസര്‍ച്ച് അനലിസ്റ്റ് മുതല്‍ ഫോട്ടോഗ്രാഫര്‍ വരെയുമുള്ള ജോലികള്‍ ചെയ്ത് ഇഷ്ട വിനോദമായ യാത്രകള്‍ വഴി ഇന്ത്യയെ അടുത്തറിയാനുള്ള ഇഷ്ടത്തിന് പുതിയ സൂത്രവാക്യങ്ങള്‍ രചിക്കുന്ന വ്യക്തിയാണ് ജുബനാശ്വ മിശ്ര എന്ന 29 വയസുകാരന്‍.

കഴിഞ്ഞ 28 ആഴ്ചകളില്‍ 28 ജോലികളാണ് ഈ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ചെയ്തിട്ടുള്ളത്. അതുവഴി യാത്ര ചെയ്തതാകട്ടെ ഇന്ത്യ എമ്പാടുമായി 15,000 മൈലുകളും. കഴിഞ്ഞ വര്‍ഷം മേയിലാണ് ജോലികള്‍ക്ക് (യാത്രകള്‍ക്ക്) തുടക്കം കുറിച്ചത്. അതുവരെ ചെയ്തിരുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ജോലി ഉപേക്ഷിച്ചാണ് തുടങ്ങിയത്. ആ ജോലി ഒട്ടും ആസ്വദിക്കാന്‍ കഴിയാത്തതിനാലാണ് ഉപേക്ഷിച്ചതെന്ന് ജുബനാശ്വ മിശ്ര പറയുന്നു.ഫോട്ടോഗ്രാഫര്‍, അധ്യാപകന്‍, ഫിലിം എക്‌സിക്യുട്ടീവ്, ഇമോഷണല്‍ സപ്പോര്‍ട്ട് കണ്‍സല്‍ട്ടന്റ്, റിവര്‍ റാഫ്റ്റിങ് ഗൈഡ് എന്നിങ്ങനെ പോകുന്ന ജുബനാശ്വ മിശ്രയുടെ ജോലികള്‍. ഇടയ്ക്ക് ഒരാഴ്ച ആലപ്പുഴയിലെത്തി ഹൗസ് ബോട്ട് ഡ്രൈവറുമായി.

തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജോലികള്‍ കണ്ടെത്തി ചെയ്യാന്‍ യുവാക്കളെ പ്രേരിപ്പിക്കുകയാണ് തന്റെ യാത്രകളിലൂടെ ജുബനാശ്വ ലക്ഷ്യമിടുന്നത്. മെഡിസിനിലും എന്‍ജിനീയറിങ്ങിലും ഉന്നതമായ വിദ്യാഭ്യാസം നേടി അതിനനുസൃതമായ ജോലി ചെയ്യുക എന്നതാണ് ഇന്ത്യയിലെ പരമ്പരാഗതമായ ശൈലി. കുട്ടിക്കാലത്തുതന്നെ അവര്‍ക്കിഷ്ടപ്പെട്ട മറ്റനേകം ജോലികളുണ്ടായിരിക്കാം. എന്നാല്‍ കൗമാരത്തില്‍ ആ സ്വപ്‌നങ്ങളെയെല്ലാം മാതാപിതാക്കള്‍ തകര്‍ത്തുകളയും.

വ്യത്യസ്തങ്ങളായ ജോലികളെടുത്ത് ഈ ട്രെന്‍ഡ് തകര്‍ക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് മിശ്ര വെളിപ്പെടുത്തി. നാളെ യുവാക്കള്‍ തന്റെ മാതൃക പിന്തുടുരമെന്നാണ് മിശ്രയുടെ പ്രതീക്ഷ. 28 സംസ്ഥാനങ്ങളില്‍ യാത്ര ചെയ്താണ് മിശ്ര ഈ ജോലികളൊക്കെ ചെയ്തത്. ഇതിനായി വിമാനം, ട്രെയിന്‍ , ബസ്, കാര്‍, ടാക്‌സി, ഓട്ടോറിക്ഷ, മോട്ടോര്‍ബൈക്ക് എന്നിവയൊക്കെ യാത്രമാധ്യമമാക്കി. കേരളത്തിന് പുറമെ മണിപ്പൂര്‍ , ബിഹാര്‍ ,രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ മിശ്ര യാത്ര ചെയ്തു.

ഇപ്പോള്‍ വീട്ടിലെത്തി സാഹിത്യ രചനകളും മോട്ടിവേഷണല്‍ പ്രഭാഷണവും നടത്തി ജീവിക്കുകയാണ്. ഇനിയുമൊരു ജോലി മാറ്റം ചിലപ്പോള്‍ വേണ്ടിവരുമെന്ന് മിശ്ര കൂട്ടിച്ചേര്‍ക്കുന്നു. അസമില്‍ തേയില നുള്ളുകാരനായപ്പോള്‍ നാഗാലാന്‍ഡില്‍ ഹാര്‍ഡ്‌വെയര്‍ ഷോപ്പ് അസിസ്റ്റന്റിന്റെ ജോലിയാണ് ലഭിച്ചത്‌ കര്‍ണാടകയിലാണ് ഇമോഷണല്‍ സപ്പോള്‍ കണ്‍സള്‍ട്ടന്റായത്. ഹരിയാനയിലെത്തിയപ്പോള്‍ ഫോട്ടോഗ്രാഫിയിലായി കമ്പം.

കാഷ്മീരില്‍ റിവര്‍ റാഫ്റ്റിം ഗൈഡായപ്പോള്‍ തമിഴ്‌നാട്ടില്‍ നിലക്കടല വില്‍പ്പനയാണ് ജോലിയായി ലഭിച്ചത്‌. മണിപ്പൂരില്‍ പാര്‍ട്ട് ടൈം ജേണലിസ്റ്റ്, ഉത്തരാഖണ്ഡില്‍ കൃഷി, ഒഡീഷയില്‍ ചാനലിന്റെ ടിആര്‍പി അനലിസ്റ്റ്, പഞ്ചാബില്‍ സുവര്‍ണ ക്ഷേത്രത്തിലെ സേവകന്‍ തുടങ്ങിയ ജോലികളിലും ഒരുകൈ പരീക്ഷിച്ചു. സിക്കിമില്‍ ബാര്‍ ജോലിക്കാരനായപ്പോള്‍ യുപിയില്‍ ലഭിച്ചത്‌ ശ്മശാന സഹായിയുടേതായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Job

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.