Latest News

കൈക്കൂലി വാങ്ങുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍

തൃശ്ശൂര്‍: നികുതി കുറച്ചുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ആദായനികുതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സി.ബി.ഐ. അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ജോസ് കുഞ്ഞിപ്പാലു, വിന്‍സന്റ് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂരിലെ വ്യാപാരിയുടെ പരാതിയിലാണ് അറസ്റ്റ്.

50 ലക്ഷം രൂപ നികുതിയിനത്തിലടയ്ക്കാന്‍ ആദായനികുതി വകുപ്പ് വ്യാപാരിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് 50 ലക്ഷം രൂപ ഒരു ലക്ഷമാക്കി കുറച്ചുതരാമെന്ന വാഗ്ദാനം ഇടനിലക്കാര്‍ മുഖേന ഇയാള്‍ക്ക് ലഭിച്ചു. അതിന് പ്രതിഫലമായി പത്തു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ ഇയാള്‍ കാര്യങ്ങള്‍ കൊച്ചിയിലെ സി.ബി.ഐ. ഓഫീസിലറിയിച്ചു. ഫിനോഫ്തലിന്‍ പുരട്ടി സി.ബി.ഐ. നല്‍കിയ പണം ഇയാള്‍ ഇടനിലക്കാരന്‍ മുഖേന അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് കൈമാറുകയായിരുന്നു. ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഇടനിലക്കാരനായത്.

ശനിയാഴ്ച രാവിലെ ഇയാള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ താമസിക്കുന്ന പൂത്തോളിലെ ഫ്ലറ്റിലാണ് പണം എത്തിച്ചത്. ആദായനികുതി വകുപ്പ് എടുത്തിട്ടുള്ള ഫ്ലറ്റാണിത്. ബാഗില്‍ കൊണ്ടുവന്ന പണം ഉദ്യോഗസ്ഥര്‍ കൈയില്‍ വാങ്ങുന്ന സമയത്താണ് മുറിയിലേക്ക് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ കയറിച്ചെല്ലുന്നത്. ഉടന്‍തന്നെ ഇവര്‍ കൈയിലിരുന്ന പണം ഫ്ലറ്റിന് പുറത്തേക്ക് എറിഞ്ഞു. ഉടന്‍ തന്നെ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ആദായനികുതി ഉദ്യോഗസ്ഥരുടെ കൈയില്‍ പറ്റിയിരുന്ന നോട്ടിലെ പൊടി തങ്ങളുടെ കൈയിലുണ്ടായിരുന്ന ലായനിയില്‍ മുക്കി തെളിവെടുത്തു. ശനിയാഴ്ച രാവിലെ 8.45നാണ് സംഭവം.

മുറിയില്‍നിന്ന് നിരവധി മദ്യക്കുപ്പികളും കണ്ടെടുത്തു. ഇത് പരിശോധിക്കുന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫ്ലറ്റില്‍ പരിശോധന നടക്കുമ്പോള്‍ ഇവരുടെ മുംബൈയിലെ വീടുകളിലും സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി. ഇരുവരും മലയാളികളാണെങ്കിലും മുംബൈയില്‍ സ്ഥിരതാമസക്കാരാണ്.

രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷമാണ് സി.ബി.ഐ. ഇവരെ കുടുക്കിയത്. സി.ബി.ഐ. എസ്​പി വി.കെ. കൃഷ്ണകുമാര്‍, ഡിവൈ.എസ്.പി. രാമദേവന്‍, മറ്റ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, ജോബി ജോസഫ്, ബാബു മാത്യു തുടങ്ങി 15 അംഗ സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്. രാവിലെ തുടങ്ങിയ തെളിവെടുപ്പ് വൈകിട്ട് നാലിനാണ് അവസാനിച്ചത്. അറസ്റ്റു ചെയ്ത പ്രതികളെ എറണാകുളത്തേക്ക് കൊണ്ടുപോയി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.