Latest News

റസീനയുടെ മരണം: ബേക്കല്‍ സ്വദേശിയായ ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കള ഇന്ദിരാനഗര്‍ വിവേകാനന്ദ സഹകരണ കോളജിലെ മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ത്ഥിനി മുളിയാര്‍ കാട്ടിപ്പള്ളത്തെ റസീന (20)യുടെ മരണവുമായി ബന്ധപ്പെട്ട് ബി.എസ്.എഫ് ജവാനെ ആദൂര്‍ എസ്.ഐ ടി.പി ദയാനന്ദന്‍ അറസ്റ്റ് ചെയ്തു. 

പശ്ചിമ ബംഗാള്‍ കല്യാണിയിലെ 47 ബെറ്റാലിയന്‍ ബി.എസ്.എഫ് ജവാന്‍ സുനില്‍ ചന്ദ്രന്‍ 22 ആണ് അറസ്റ്റിലായത്. പള്ളിക്കര കോട്ടക്കുന്ന് ബിലാല്‍ നഗര്‍ സ്വദേശിയാണ് സുര്‍ജി എന്ന് വിളിക്കുന്ന സുനില്‍ ചന്ദ്രന്‍. ശനിയാഴ്ച വൈകിട്ടായിരുന്നു അറസ്റ്റ്. ഞായറാഴ്ച കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. 

റസീനയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. റസീനയുടെ സഹപാഠിയായ സുനില്‍, റസീനയുടെ ഫോണ്‍ ഉപയോഗിച്ച് സുനില്‍ ചന്ദ്രനുമായി ഒരു പരീക്ഷയുടെ കാര്യം അന്വേഷിച്ചിരുന്നു. സുനിലിന്റെ ഫോണില്‍ ബാലന്‍സ് ഇല്ലാത്തതിനാലായിരുന്നു റസീനയുടെ ഫോണ്‍ ഉപയോഗിച്ചത്. അതുവഴിയാണ് റസീനയുടെ നമ്പര്‍ സുനില്‍ ചന്ദ്രന് ലഭിച്ചത്.

തുടര്‍ന്ന് റസീനയുടെ ഫോണിലേക്ക് സുനില്‍ ചന്ദ്രന്‍ നിരന്തരം വിളിക്കുകയും അതുവഴി ഇരുവരും അടുപ്പത്തിലാവുകയും ചെയ്തു. ഒടുവില്‍ സുനില്‍ ചന്ദ്രന്‍ ഈയടുപ്പം ദുരുപയോഗം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും റസീനയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 11 ന് രാവിലെയാണ് റസീനയെ വീട്ടുപറമ്പിലെ കുടിവെള്ളമെടുക്കുന്ന കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 10 ന് പുലര്‍ച്ചെ അഞ്ചുമണിക്ക് പ്ലസ് വണ്ണിന് പഠിക്കുന്ന സഹോദരിയോടൊപ്പം പഠിക്കാന്‍ റസീന എഴുന്നേറ്റിരുന്നു. ബാത്‌റൂമില്‍ പോയി മുറിയിലേക്ക് മടങ്ങിയ റസീനയെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് ആദൂര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

മാര്‍ച്ച് ഒന്‍പതിന് അര്‍ധരാത്രി 12.45 മണിയോടെ ജവാന്റെ മൊബൈലിലേക്ക് റസീന ആത്മഹത്യാ സന്ദേശമയച്ചതായി പോലീസിന് സൂചന ലഭിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.