Latest News

ബാലന്‍ 32 വര്‍ഷങ്ങളായി അക്ഷരങ്ങളുടെ കൂടെയാണ്...

ഷാര്‍ജ: കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ബാലന്‍ കഴിഞ്ഞ 32 വര്‍ഷങ്ങളായി അക്ഷരങ്ങളുടെ കൂടെയാണ്. ഇന്ത്യയിലെ വിവിധഭാഷകള്‍ കൂടാതെ നിരവധി വിദേശ ഭാഷകളിലുള്ള പത്രങ്ങളും ആഴ്ചപ്പതിപ്പുകളും മറ്റ് പുസ്തകങ്ങളും ഷാര്‍ജ റോളയില്‍ ബാലന്‍ വില്പന നടത്തുകയാണ്. ചെറിയൊരു കുടുസ്സുമുറിയില്‍ ഇത്രയധികം അക്ഷരക്കൂട്ടുകള്‍ക്കിടയില്‍ ഉപജീവനത്തിന്റെ ഭാഗമായി ബാലന്‍ തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം തള്ളി നീക്കിയെങ്കിലും ഇത്രകാലവും ജീവിതത്തെ ഭിന്നധ്രുവത്തില്‍നിന്ന് ഈ പ്രവാസി വായിച്ചെടുക്കുകയായിരുന്നു. വിഷമം വരുമ്പോഴും വായനതന്നെ കൂട്ട്.

മാതൃഭാഷയായ മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, മറാഠി, ഉര്‍ദു, ബംഗാളി തുടങ്ങിയ ഇന്ത്യയിലെ മിക്ക ഭാഷകളിലുമുള്ള പത്രങ്ങളും ആനുകാലികങ്ങളും ബാലന്‍ വില്പന നടത്തുന്നു. അതുപോലെ പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭിക്കും. അല്‍സാര്‍സ് എന്ന പാകിസ്താന്‍പത്രവും ലങ്കാദീപയെന്ന ശ്രീലങ്കന്‍ പത്രവുമെല്ലാം പതിറ്റാണ്ടുകളായി കൃത്യമായി വാങ്ങാന്‍ വരുന്നവരെക്കുറിച്ച് ബാലന് ധാരണയുണ്ട്. തെലുങ്ക് പത്രമായ 'ഈനാട്' ഉം 'സിതാര' യും 'സന്തോഷ' വും തമിഴ് പത്രങ്ങളായ 'ദിനതന്തി' യും 'ദിനമലര്‍' ഉം കന്നഡ പത്രങ്ങളായ 'ഉദയവാണി' യും 'മഹാരാഷ്ട്രാ ടൈംസ്' ഉം 'തരംഗ' യുമെല്ലാം ഭാഷയറിയില്ലെങ്കിലും ബാലന് ദിവസവും മറിച്ചൊന്നു നോക്കണം. അല്ലെങ്കില്‍ അക്ഷരങ്ങളുടെ ഈ കാവല്‍ക്കാരന് വല്ലാത്തൊരു അസ്വസ്ഥതയായിരിക്കും. 'ഗുജറാത്ത് സമാചാറി' ന് പണ്ടുമുതലേ ഏറെ വായനക്കാരുണ്ടെന്ന് അദ്ദേഹം പറയുന്നു. കൂടാതെ 'അഭിയാന്‍' 'ചിത്രലേഖ' തുടങ്ങിയ വീക്കിലിയും ഏറെ പ്രിയംതന്നെ.

എന്നാല്‍ 'ഇവായന' പരന്ന പ്രവാസഭൂമിയില്‍ ബാലനും നിരാശനാണ്. അഞ്ച് വര്‍ഷത്തോളമായി പഴയ കച്ചവടമില്ല, വ്യവസായ മേഖലയില്‍നിന്നുവരുന്ന സാധാരണ തൊഴിലാളികളാണ് പണ്ടുകാലം മുതല്‍ ഇവിടെ ഏറ്റവുംകൂടുതല്‍ വായനക്കാരായി വന്ന് പത്രങ്ങളും പുസ്തകങ്ങളും വാങ്ങിക്കൊണ്ടു പോയത്. എന്നാല്‍ വായനകള്‍ ഉള്ളംൈകയിലേക്ക് ചേക്കേറിയതോടെ അവരും വരാതെയായി. പഴയകാലത്ത് ഒരാഴ്ചയില്‍ അഞ്ഞൂറോളം വ്യത്യസ്ത തെക്കേ ഇന്ത്യന്‍ ഭാഷകളിലുള്ള ആഴ്ചപ്പതിപ്പുകള്‍ ബാലന്‍ വില്പന നടത്തിയിരുന്നു. എന്നാലിപ്പോള്‍ അത് കേവലം പതിനഞ്ചായി ചുരുങ്ങി എന്നുപറയുമ്പോള്‍ പ്രവാസികള്‍ക്ക് പഴയ പരന്നവായന നഷ്ടമായെന്നോ അവര്‍ സൈബര്‍ വായനയിലേക്ക് ചുരുങ്ങിപ്പോയെന്നോ പറയാനുള്ള ബൗദ്ധികമായ കഴിവില്ലെങ്കിലും ബാലന് ഒന്നറിയാം... അച്ചടിവായനയുടെ സുഖം മറ്റൊരു വായനയ്ക്കും കിട്ടില്ല. എന്നാല്‍ കുട്ടികളുടെ പുസ്തകങ്ങള്‍ക്കും പഠനസഹായി കള്‍ക്കും ഇന്നും ആവശ്യക്കാര്‍ ഏറെയുണ്ട്. ഒരുകാലത്ത് ആഘോഷവേളകളില്‍ ചൂടപ്പംപോലെ വിറ്റിരുന്ന ആശംസാകാര്‍ഡുകള്‍ക്ക് ഇന്ന് ആവശ്യ ക്കാരായി ആരും എത്താറില്ലെന്നും ബാലന്‍ പറയുന്നു.

പണ്ട് കാലത്ത് ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് വരുമ്പോഴാണ് റോളയില്‍ ബാലന്റെ കടയില്‍നിന്നും മലയാളികള്‍ ഏറ്റവും കൂടുതല്‍ പത്രം വാങ്ങിയിരുന്നത്. അക്കാലത്ത്  പ്രമുഖ മലയാളപത്രങ്ങള്‍ ദിനംപ്രതി അഞ്ഞൂറിലധികം ചെലവായിരുന്നു. അത്രയധികം വായനയെ സ്‌നേഹിച്ചവരായിരുന്നു പ്രവാസി മലയാളികള്‍. പത്രങ്ങള്‍ മൂന്ന് ദിവസം കഴിഞ്ഞ് ഗള്‍ഫുനാടുകളില്‍ എത്തിയ ഒരുകാലമുണ്ടായിരുന്നു. അത്രയും പഴക്കമുള്ള വാര്‍ത്തകള്‍ ആര്‍ത്തിയോടെ പ്രവാസി മലയാളികള്‍ വായിച്ചത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കാലത്തിന്റെ മാറ്റം എത്രവേഗമാണെന്ന് ബാലന്‍ പറയും. 1985 86 വരെ മിക്കവാറും എല്ലാ ആനുകാലികങ്ങളും കറുപ്പും വെളുപ്പും മാത്രമായി അച്ചടിച്ചുവന്നു.

32 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ മറക്കാന്‍ പറ്റാത്ത ഒരനുഭവം, ഒരു ഇറാക്കി വംശജന്‍ പത്രം വാങ്ങി പോകുന്നതിനിടയില്‍ അദ്ദേഹത്തിന്റെ അമേരിക്കന്‍ ഡോളറുകള്‍ അടുക്കിവെച്ച കനമുള്ള പേഴ്‌സ് കടയില്‍ മറന്നുപോയി. ഉടനെതന്നെ ബാലന്‍ പേഴ്‌സ് ഷാര്‍ജ പോലീസില്‍ ഏല്പിച്ചു. ബാലന്റെ സത്യസന്ധതയ്ക്കുള്ള അംഗീകാരമായി ഒരു വാച്ചും പോലീസിന്റെ സ്വഭാവസര്‍ട്ടിഫിക്കറ്റും ലഭിച്ചു. ജീവിതത്തില്‍ മറ്റെന്തിനെക്കാളും വലിയ അംഗീകാരമായി ബാലന്‍ ഓര്‍മിക്കുന്നതും ഇതുതന്നെ.

ബാലന്റെ ബന്ധുകൂടിയായ അശോകനും കൂടെ ജോലിചെയ്യുന്നു. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാര്‍ജയില്‍ എത്തി. വായന മറ്റുള്ളവരില്‍ എത്തിച്ച് കുടുംബം പോറ്റുന്ന ബാലനും അശോകനും ഒരേസ്വരത്തില്‍ പറയുന്നു, 'വായന മരിക്കാതിരിക്കട്ടെ..'
(കടപ്പാട്: മാതൃഭൂമി)
 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.