കല്യാശേരി: വിജയരാവങ്ങളുടെ തേരിലേറി എല്‍ഡിഎഫ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി പി കരുണാകരന്‍ പൊതുപര്യടനം തുടങ്ങി. കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി ഇ കെ നായനാര്‍ക്കും ഒട്ടേറെ ധീരന്മാര്‍ക്കും ജന്മം നല്‍കിയ കല്യാശേരി മണ്ഡലത്തിലാണ് പി കരുണാകരന്‍ മൂന്നാം അങ്കത്തിലെ ആദ്യ പര്യടനത്തിന് തുടക്കമിട്ടത്. മീനച്ചൂടില്‍ പൊള്ളുന്ന നാട്ടില്‍ മന്ദസ്മിതവുമായി എത്തുന്ന സ്ഥാനാര്‍ഥി ഏറ്റുവാങ്ങിയത് സ്‌നേഹോഷ്മള സ്വീകരണം.
ഒരു പതിറ്റാണ്ടായി സുഖദുഃഖങ്ങളില്‍ പങ്കാളിയായ കുടുംബാംഗത്തെ വരവേല്‍ക്കുന്നവര്‍ക്ക് സ്വീകരണ പരിപാടിയെന്നത് ഔപചാരിക ചടങ്ങുമാത്രം. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒന്നും പറയാറില്ല. പറഞ്ഞത് ചെയ്യുമെന്ന് ഉറപ്പ്. അതിനാല്‍ വാഗ്ദാനങ്ങളില്ല. നാടിന്റെ വികസനത്തിനായി നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന വിനയം കലര്‍ന്ന സ്വരം. പ്രസംഗമില്ല, സ്‌നേഹം തുളുമ്പുന്ന ഏതാനും വാക്കുകള്‍ മാത്രം. ഇടതുപക്ഷ നന്മയുടെ നായകനെ ജയിപ്പിക്കാനുള്ള തീരുമാനത്തിലും അതിനുള്ള പ്രവര്‍ത്തനത്തിലും മുഴുകിയവര്‍ക്ക് ഊര്‍ജം പകരുന്നതിന് ഇത് ധാരാളം. ജയിപ്പിക്കാന്‍ ഞങ്ങളേറ്റുവെന്ന ഉറപ്പിനുശേഷമാണ് സ്വീകരണത്തിനെത്തിയവര്‍ പിരിഞ്ഞത്.
ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയില്‍ പി കരുണാകരന് ലഭിച്ച വരവേല്‍പ്പ് സമാനതകളില്ലാത്തതായിരുന്നു. ആബാലവൃദ്ധം ഒഴുകിയെത്തിയതോടെ സ്വീകരണം പൊതുയോഗങ്ങളായി. വലതുപക്ഷത്തിന് ഒരിക്കലും നിലയുറപ്പിക്കാനാകാത്ത മണ്ണില്‍ ഇടതുപക്ഷത്തിന്റെ തേരോട്ടമാണ് പര്യടനത്തിലുടനീളം ദൃശ്യമായത്.
രാവിലെ 9.30ന് പറവൂര്‍ അഴീക്കോടന്‍ സെന്ററില്‍നിന്ന് തുടങ്ങിയ പര്യടനം നിശ്ചയിച്ചതിലും വൈകി രാത്രി താവത്താണ് സമാപിച്ചത്. ചന്തപ്പുര, ഏഴിലോട്, എടാട്ട്, ആണ്ടാംകൊവ്വല്‍, വെങ്ങരമുക്ക്, ശ്രീസ്ഥ, മൂന്നാംപീടിക, കൈവേലി, മാണുക്കര, മുള്ളൂല്‍, മാങ്ങാട്, അഞ്ചാംപീടിക, മൊട്ടമ്മല്‍, കുന്നനങ്ങാട് സാമൂഹ്യ വിനോദ കേന്ദ്രം, കണ്ണപുരം കര്‍ഷക വായനശാല, കച്ചേരിത്തറ, മാട്ടൂല്‍ വില്ലേജ് ഓഫീസ് പരിസരം, ജസിന്ത എന്നിവിടങ്ങളില്‍ വരവേല്‍പ് ലഭിച്ചു. മാടായി ചൈക്ലേയിലെയും ഏഴോം അപ്പാരല്‍ പാര്‍ക്കിലെയും ഖാദി നൂല്‍നൂല്‍പ് കേന്ദ്രത്തിലെയും തൊഴിലാളികളും സ്വീകരണം നല്‍കി.
No comments:
Post a Comment