Latest News

നാടിനൊപ്പം നടന്ന് സുരേന്ദ്രന്‍; വികസന സ്വപ്നം പങ്കുവെച്ച് നാട്ടുകാര്‍

ദേലംപാടി: ''വര്‍ഷങ്ങളോളം വോട്ടു ചെയ്തവര്‍ കുടിവെള്ളം പോലും നല്‍കിയില്ല. ജയിച്ചുകഴിഞ്ഞാല്‍ ഞങ്ങളെ ആര്‍ക്കും വേണ്ട. ഈ അവഗണനയ്ക്ക് മാറ്റമുണ്ടാകണം. അതിനാണ് ഞങ്ങള്‍ മാറുന്നത്'' - കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ ദേലംപാടി പഞ്ചായത്തിലെ വെള്ളിപ്പാടിയിലെ കര്‍ഷക കുടുംബങ്ങള്‍ക്ക് സുരേന്ദ്രനോട് പറയുന്നുണ്ടായിരുന്നത് അവഗണനയുടെ കഥകള്‍ മാത്രം.

പ്രദേശത്തെ സിപിഎമ്മിന്റെ പ്രവര്‍ത്തകരായ പത്ത് കുടുംബാംഗങ്ങളാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ജീവിതത്തിലിന്നുവരെ മറ്റൊരു പാര്‍ട്ടിക്ക് വോട്ടു ചെയ്യാത്ത ഇവരുടെ വോട്ട് ഇത്തവണ നരേന്ദ്രമോദിക്കും സുരേന്ദ്രനുമാണ്. ഗ്രാമീണരുടെ നിഷ്ങ്കളങ്കതയോടെ ഉറച്ച വിശ്വാസത്തില്‍ ഇവര്‍ പറയുന്നു. ''സാധാരണക്കാരനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയമാണ് ഞങ്ങള്‍ക്കാവശ്യം.''
തിലമണിയിച്ചും ആരതിയുഴിഞ്ഞുമാണ് വെള്ളിപ്പാടിയിലെ ജനങ്ങള്‍ സുരേന്ദ്രനെ സ്വീകരിച്ചത്. 

കുടുംബാംഗങ്ങളായ വസന്ത പഞ്ചിക്കല്‍, രവീന്ദ്ര പൂജാരി, നവീന്‍ പൂജാരി, ഹരീഷ്, സുരേഷ് റായ്, കിഷോര്‍ പൂജാരി, വല്ല വെള്ളിപ്പാടി, ഭാസ്‌ക്കര പൂജാരി, നാരായണ ഗൗഡ എന്നിവരെ സുരേന്ദ്രന്‍ ഷാളണിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഗ്രാമത്തിന്റെ ദുരിതം വിവരിച്ച് സുരേന്ദ്രന് നാട്ടുകാര്‍ നിവേദനം നല്‍കി.
ഉദുമ നിയോജക മണ്ഡലത്തിലെ ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലേയും വികസന പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞായിരുന്നു സുരേന്ദ്രന്റെ ഇന്നലത്തെ പര്യടനം. രാവിലെ കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാനത്തെ പ്രാര്‍ത്ഥനക്ക് ശേഷമാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കാനത്തൂര്‍ ടൗണില്‍ പൊതുയോഗം. സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന കാനത്തൂര്‍ ചന്ദ്രനെ സുരേന്ദ്രന്‍ സ്വീകരിച്ചു. 

ഇടത് വലത് മുന്നണികളുടെ ഒത്തുകളിയും വികസന മുരടിപ്പും ഉയര്‍ത്തിക്കാട്ടി ഏതാനും മിനിട്ട് പ്രസംഗത്തിനു ശേഷം ബോവിക്കാനത്തേക്ക്. നൂറുകണക്കിന് പ്രവര്‍ത്തകരുടെ ആവേശോജ്ജ്വല സ്വീകരണത്തിനു നടുവിലാണ് സുരേന്ദ്രന്‍ ബോവിക്കാനത്ത് വന്നിറങ്ങിയത്. കാത്തു നിന്നവരെ നിരാശരാക്കാതെ ആവേശം നിറച്ച് ഉദ്ഘാടനപ്രസംഗം. തുടര്‍ന്ന് അഡൂരിലും പാണ്ടിയിലും സ്വീകരണമേറ്റുവാങ്ങി മൂന്നാട് പീപ്പിള്‍സ് കോളേജിലേക്ക്. 

കൂറ്റന്‍ പൂമാലയിട്ടാണ് സുരേന്ദ്രനെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. മുഴുവന്‍ ക്ലാസ്സുകളിലും കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥന. അധ്യാപകരെയും ജീവനക്കാരെയും നേരില്‍ക്കണ്ട് പിന്തുണ നേടി.  കുറ്റിക്കോലായിരുന്നു അടുത്ത പൊതുയോഗം. നട്ടുച്ചവെയിലിലും രണ്ടരമണിക്കൂറോളം വൈകിയെത്തിയ സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നത് സ്ത്രീകളുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍. 

തുടര്‍ന്ന് ബന്തടുക്കയിലെ പരിപാടിക്കുമുമ്പ് ഉച്ചഭക്ഷണം. പടുപ്പിലും സുരേന്ദ്രന് വന്‍ സ്വീകരണമാണ് ലഭിച്ചത്. കുണ്ടംകുഴി, പെര്‍ളടുക്ക, പൊയിനാച്ചി, ബട്ടത്തൂര്‍, പെരിയാട്ടടുക്കം, ഉദുമ, കോളിയടുക്കം, പുല്ലൂര്‍, പാലക്കുന്ന്, ചട്ടഞ്ചാല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പരവനടുക്കത്ത് സമാപിച്ചു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.