Latest News

ഉടുമുണ്ടഴിഞ്ഞു പോയാല്‍ ഉടുക്കാനറിയാത്ത ഇന്നസെന്റ് എങ്ങനെ എംപിയാകും?പരിഹാസശരം തൊടുത്ത് പിള്ള

ചാലക്കുടി: ഉടുമുണ്ടഴിഞ്ഞു പോയാല്‍ ഉടുക്കാനറിയാത്ത ഇന്നസെന്റ് പാര്‍ലമെന്റില്‍ പോയാല്‍ എന്തു ചെയ്യാനാണെന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. ചാലക്കുടിയില്‍ പി.സി. ചാക്കോയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ പരിഹാസ ശരങ്ങളാണ് മകന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ നടന്‍ ഇന്നസെന്റിനു നേര്‍ക്ക് പിള്ള തൊടുത്തുവിട്ടത്.

ഇരിങ്ങാലക്കുടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ പിന്തുണ തേടി എന്റെയടുക്കല്‍ എത്തിയ ആളാണ് അദ്ദേഹം. ഇന്നസെന്റ് പാര്‍ലമെന്റില്‍ പോയാല്‍ എന്തു സംസാരിക്കാനാണ്. ജനങ്ങളെ സേവിക്കാന്‍ ഒന്നര മാസം സിനിമയില്‍നിന്നു മാറി നില്‍ക്കുമെന്നാണ് ഇന്നസെന്റ് പറയുന്നത്. ഒന്നര മാസത്തെ ജനസേവനമാണ് ഇന്നസെന്റ് ലക്ഷ്യം വയ്ക്കുന്നതെന്നും പിള്ള ചൂണ്ടിക്കാട്ടി. പി.സി. ചാക്കോയാണ് ജയിച്ചു പാര്‍ലമെന്റിലേക്ക് പോകേണ്ടത്. വലതും രണ്ടു വാക്ക് പറയണമെങ്കില്‍ ചാക്കോ അവിടെ വേണം. മോഡി പ്രധാനമന്ത്രിയായാല്‍ പ്രതിപക്ഷത്തുനിന്നാണേലും ചാക്കോ സംസാരിക്കേണ്ടത് ആവശ്യമാണെന്നും പിള്ള പറഞ്ഞു.

അതേസമയം ജയസാദ്ധ്യതയില്ലാത്ത മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി ഇന്നസെന്റിനെ സിപിഎം ചതിക്കുകയായിരുന്നുവെന്ന് ആരോപിച്ച് യുഡിഎഫ്‌ള സ്ഥാനാര്‍ത്ഥി പി.സി. ചാക്കോയും രംഗത്തുവന്നു. എന്നാല്‍ പരാജയഭീതിയില്‍ നിന്ന് ഉടലെടുത്തതാണ് ചാക്കോയുടെ അഭിപ്രായമെന്ന് ഇന്നസെന്റ് മറുപടി നല്‍കി. ധനപാലനായാലും ചാക്കോ ആണെങ്കിലും നല്ല എതിരാളിയുണ്ടെങ്കിലേ മത്സരിക്കുന്നതില്‍ ത്രില്‍ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

ആലുവയില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ വേദികളില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ആദ്യ മുന്നണി നേതൃയോഗത്തിലാണ് ചാക്കോ ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇന്നസെന്റ് നല്ല തമാശക്കാരനാണ്. എന്നാല്‍ രാഷ്ട്രീയവും തിരഞ്ഞെടുപ്പും തമാശയല്ല. ഇത് ജനങ്ങള്‍ക്ക് തിരിച്ചറിയാം. പഴയ മുകുന്ദപുരം എം.പിയായിരുന്ന താന്‍ ചാലക്കുടി മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിക്കണമെന്നാഗ്രഹിച്ചതാണെന്നും ചാക്കോ പറഞ്ഞു.

ആലുവ ജനസേവ ബോയ്‌സ് ഹോമില്‍ വോട്ടര്‍മാരെ കാണാനെത്തിയപ്പോഴാണ് ചാക്കോയുടെ അഭിപ്രായത്തെ ഇന്നസെന്റ് തിരുത്തിയത്. ചാക്കോയുടെ അഭിപ്രായത്തിന് പ്രസക്തിയൊന്നുമില്ല. എതിരാളി ധനപാലനായാലും ചാക്കോയായാലും തനിക്ക് പ്രശ്‌നമില്ല. ശക്തമായി നേരിടുമെന്ന് ഇന്നസെന്റ് പറഞ്ഞു. ബോയിസ് ഹോമിലെ കുട്ടികളുമായി അല്‍പ സമയം ചെലവഴിച്ച ശേഷം അവര്‍ക്ക് പഴവും സമ്മാനിച്ചാണ് ഇന്നസെന്റ് മടങ്ങിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chalakudi, Balakrishna Pillai, Innocent

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.