Latest News

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ തുടരുന്നു

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ചയുണ്ടായ അക്രമങ്ങള്‍ തുടരുന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറിയത്.

പാടിയോട്ടുചാലില്‍ മുസ്‌ലിംലീഗ് പ്രാദേശിക നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പയ്യന്നൂര്‍ കുന്നരുവില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീട് ആക്രമിച്ചു. പാനൂര്‍ കൊളവല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് കാവി തുണിപുതച്ച് റീത്ത് വച്ചു. അഴീക്കോട് അരയാക്കണ്ടിപ്പാറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബാക്രമണമുണ്ടായി.

മുസ് ലിംലീഗ് പെരിങ്ങോം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.പി. അഷറഫിനെയാണ് (35) ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാത്രി 11ഓടെ പാടിയോട്ടുചാലിനടുത്ത പെടേനയിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച പെടേനയില്‍ എസ്ഡിപിഐ ബൂത്ത് ഏജന്റ് ഹക്കീബിന് മര്‍ദനമേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അഷ്‌റഫിനെനേരേയുള്ള അക്രമമെന്ന് പറയുന്നു. പ്രതികള്‍ക്കായി എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുവരെ പെരിങ്ങോം പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ഹക്കീബിനെ മര്‍ദിച്ച സംഭവത്തില്‍ പെടേനയിലെ മനാഫിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

അരയാക്കണ്ടിപ്പായില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മഠത്തില്‍ പീടികയില്‍ അന്‍സാരിയുടെ വീടിനുനേരേയാണ് വ്യാഴാഴ്ച രാത്രി 11ഓടെ ബോംബേറുണ്ടായത്. വീടിന്റെ പിറകുവശത്ത് ഏതാനും അകലെ ബോംബ് വീണുപൊട്ടിയതിനാല്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല. വന്‍ സ്‌ഫോടനത്തോടെ രണ്ടു തവണ ശബ്ദം കേട്ടതായി വീട്ടുകാര്‍ പറഞ്ഞു. അഴീക്കോട് കൊട്ടാരത്തുംപാറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുത്തന്‍പുരയില്‍ ദിലീഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ആക്രമിക്കാന്‍ ശ്രമമുണ്ടായി. വീട്ടുകാരുടെ കൂട്ടക്കരച്ചില്‍ കേട്ട് എത്തിയ ബന്ധുവും അയല്‍വാസിയുമായ പുത്തന്‍പുരയില്‍ ശ്രീജിത്തിന് കല്ലേറില്‍ പരിക്കേറ്റു. ദിലീഷ് അക്രമികളില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. ഇവിടെയും വ്യാഴാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം നടന്നത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

പയ്യന്നൂര്‍ കുന്നരുവിലെ മുട്ടില്‍ സുധാകരന്റെ (53) വീടിനുനേരേയാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. വീടിന്റെ ജനലുകള്‍ അടിച്ചു തകര്‍ക്കുകയും വീട്ടുപറമ്പിലെ വാഴകള്‍ നശിപ്പിക്കുകയും മോട്ടോറിന്റെ പൈപ്പ് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. നവതി പിന്നിട്ട പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും സുധാകരന്റെ പിതാവുമായ എന്‍.വി. കോരന്‍ മാസ്റ്ററാണ് വീട്ടിലുണ്ടായിരുന്നത്.

കുന്നരു യുപി സ്‌കൂളിലെ 104-ാം ബൂത്തില്‍ യുഡിഎഫിന്റെ ബൂത്ത് ഏജന്റായിരുന്നു സുധാകരനും ഭാര്യ സുമയും. ഇരുവരും വ്യാഴാഴ്ച രാത്രി വീട്ടിലുണ്ടായിരുന്നില്ല. രാത്രി 8.30ന് ശേഷമായിരുന്നു ആക്രമണം. സുധാകരന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് മട്ടന്നൂര്‍ അയ്യല്ലൂര്‍ ലക്ഷ്മിയമ്മ വായനശാലയ്ക്കു സമീപത്തെ വി. പ്രതാപിന്റെ വീടിനുനേരേയാണ് കല്ലേറുണ്ടായത്. വ്യാഴാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അയ്യല്ലൂര്‍ എല്‍പി സ്‌കൂളിലെ 58ാം നമ്പര്‍ ബൂത്തിലെ ഏജന്റായിരുന്നു പ്രതാപന്‍. കള്ളവോട്ട് തടയാന്‍ ശ്രമിച്ചതാണ് പ്രതാപന്റെ വീടിനുനേരേ ആക്രമണമുണ്ടായതെന്നു യുഡിഎഫ് ആരോപിച്ചു.

കൊളവല്ലൂര്‍ ചെറുപ്പറമ്പ് അമ്പായക്കുന്ന് അനീഷിന്റെ വീട്ടുമുറ്റത്താണ് കാവി തുണികൊണ്ട്പുതച്ച് റീത്ത് വച്ചത്. വെള്ളിയാഴ്ച രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് റീത്ത് ശ്രദ്ധയില്‍പ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായ പുല്ലായിത്തോടിലെ ഗോവിന്ദന്‍ നായരുടെ വീട്ടില്‍കയറി ഇന്നലെ വൈകുന്നേരം ആറോടെ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനായ സജിത്ത് എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഗോവിന്ദന്‍ നായര്‍ മൈസൂരിലായതിനാല്‍ വീട്ടില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യാതൊരു സംഘര്‍ഷവുമില്ലാത്ത പാനൂര്‍ മേഖലയില്‍ സിപിഎം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. സത്യപ്രകാശ് പറഞ്ഞു.Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Election, Clash, Police, case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.