Latest News

തളിപ്പറമ്പിലെ സംഘര്‍ഷം; പത്തു ദിവസത്തേക്കു നിരോധനാജ്ഞ

തളിപ്പറമ്പ്: തെരഞ്ഞെടുപ്പു ദിവസം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം തളിപ്പറമ്പില്‍ പടരുന്നു. ഇതേത്തുടര്‍ന്ന് പത്തുദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മുസ്‌ലിം ലീഗിന്റെ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസായ ഖായിദെ മില്ലത്ത് സെന്റര്‍ അജ്ഞാത സംഘം പൂര്‍ണമായും അടിച്ചുതകര്‍ത്തിനെത്തുടര്‍ന്നാണ് സംഘര്‍ഷം വ്യാപിച്ചത്. തളിപ്പറമ്പ് പോസ്റ്റ്ഓഫീസ് റോഡില്‍ മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണു തകര്‍ത്തത്. വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്തുകടന്ന സംഘം ഓഫീസ് മുഴുവന്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു ലീഗ് നേതാക്കള്‍ ആരോപിച്ചു.

ഓഫീസിന്റെ ചില്ലുകള്‍ തകര്‍ത്തശേഷം നൂറുകണക്കിനു കസേരകള്‍ വെട്ടിപ്പൊളിച്ച നിലയിലാണ്. ടിവി, അലമാരകള്‍, മേശകള്‍ എന്നിവ പൊളിച്ച സംഘം അടച്ചിട്ട മറ്റൊരു മുറിയിലുണ്ടായിരുന്ന ഇരുമ്പുഷെല്‍ഫുകള്‍ നിലത്തു വലിച്ചിട്ടശേഷം തല്ലിപ്പൊളിച്ചു. ഈ മുറിയില്‍ തീയിട്ടെങ്കിലും പടര്‍ന്നു കത്താതിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.

ഖായിദെ മില്ലത്ത് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രിക പത്രം സബ് ഓഫീസും അടിച്ചുതകര്‍ത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ പോസ്റ്റ് ഓഫീസ് റോഡിലെ നടപ്പാതയില്‍ ഓഫീസിലേക്കു കയറുന്ന വഴിയിലെ ഇരുമ്പു ഗ്രില്‍ പൊളിച്ചിട്ട നിലയില്‍ കണ്ടതോടെയാണു ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഓഫീസ് പരിശോധിച്ചത്. വിവരമറിഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍നിന്നു നൂറുകണക്കിനു ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്തേക്കു കുതിച്ചെത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി.പ്രകടനം നടക്കുന്നതിനിടെ മെയിന്റോഡിലെ കെ.പി. സിദ്ദീഖിന്റെ മില്‍ക്കി ഹോട്ടലിനുനേരേ അക്രമം നടന്നു. വിഷുത്തിരക്കിനിടെ നഗരത്തില്‍ സംഘര്‍ഷം പരന്നതോടെ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ പരിഭ്രാന്തിയിലായി. ഉച്ചയോടെ ജില്ലാ പോലീസ് സൂപ്രണ്ട് പത്തു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തളിപ്പറമ്പ് നഗരസഭാ പരിധിയിലും പട്ടുവം, ചപ്പാരപ്പടവ്, കുറുമാത്തൂര്‍ പഞ്ചായത്തുകളിലുമാണ് ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ 23 ഉച്ചയ്ക്കു 12 വരെ കേരള പോലീസ് ആക്ട് 78, 79 വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പൊതുയോഗം, പ്രകടനം, ഘോഷയാത്ര എന്നിവ വിലക്കി. ആയുധങ്ങള്‍ കൊണ്ടുപോകുന്നതും ശേഖരിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.