Latest News

ദൈവപുത്രന്റെ പീഡനാനുഭവ സ്മരണയില്‍ മലയാറ്റൂരില്‍ തീര്‍ഥാടക പ്രവാഹം

മലയാറ്റൂര്‍ : ദൈവപുത്രന്റെ പീഡാനുഭവത്തിന്റെ സ്മരണകളുമായി കുരിശുമുടി താണ്ടാന്‍ ആയിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഒരാഴ്ചയോളമായി വൈകിട്ടു പെയ്യുന്ന മഴ വ്യാഴാഴ്ച വഴിമാറിനിന്നതു തീര്‍ഥാടകര്‍ക്ക് അനുഗ്രഹമായി. യേശുവിന്റെ കാല്‍വരിയാത്രയുടെ യാതന സ്വയം അനുഭവിക്കാന്‍ വലിയ മരക്കുരിശുകളുമേന്തി മല കയറിയവര്‍ ഒട്ടേറെ.

തീര്‍ഥാടനപാതയില്‍ മരമണികള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. 'പൊന്നിന്‍ കുരിശു മുത്തപ്പോ പൊന്മല കയറ്റം എന്ന മന്ത്രം നിലയ്ക്കുന്നില്ല. പാപ പരിഹാരാര്‍ഥം തലയില്‍ കല്ലുമേന്തി മല കയറുന്നവരുണ്ട്. ചിലര്‍ മുട്ടില്‍ ഇഴഞ്ഞു മല കയറുന്നു. മലയടിവാരത്തു മാര്‍ത്തോമ്മാശ്ലീഹായുടെ രൂപത്തിനു മുന്നില്‍ മെഴുകുതിരികള്‍ കത്തിച്ചു പ്രാര്‍ഥനയര്‍പ്പിച്ചുകൊണ്ടാണു മലകയറ്റം ആരംഭിക്കുന്നത്. തുടര്‍ന്നുള്ള മലമ്പാതയില്‍ ക്രിസ്തുവിന്റെ അന്ത്യയാത്രയിലെ 14 പ്രധാന സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന 14 സ്ഥലങ്ങളില്‍ മെഴുകുതിരികള്‍ കത്തിച്ചു പ്രാര്‍ഥനയര്‍പ്പിക്കുന്നു.

മലകയറിയെത്തുന്നിടത്തു മാര്‍ത്തോമ്മാ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മാര്‍ത്തോമ്മാ രൂപത്തിനും വിശുദ്ധന്റെ തിരുശേഷിപ്പിനും മുന്നില്‍ വണങ്ങുന്നു. പൊന്‍കുരിശ്, ആന കുത്തിയ പള്ളി, പാറക്കെട്ടിലെ നിലയ്ക്കാത്ത തീര്‍ഥം, വിരിപ്പാറയില്‍ പതിഞ്ഞ വിശുദ്ധന്റെ കാലടിപ്പാടുകള്‍ തുടങ്ങിയ കാഴ്ചകളാണു മലമുകളില്‍. കുരിശുമുടി പള്ളിയില്‍ പ്രാര്‍ഥനയര്‍പ്പിച്ചു തീര്‍ഥാടകര്‍ കുരിശുമുടിയിറങ്ങുന്നു. ഇന്നു കുരിശുമുടി പള്ളിയില്‍ രാവിലെ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു കുര്‍ബാന സ്വീകരണം. താഴത്തെ പള്ളിയില്‍ രാവിലെ 6.30നു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വൈകിട്ടു മൂന്നിനു കുരിശിന്റെ വഴി, കുരിശുമുടി അടിവാരത്തെ വാണിഭത്തടം പള്ളിയിലേക്കു വിലാപയാത്ര എന്നിവയുണ്ടാകും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malayatoor, Church.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.