Latest News

ആവേശത്തിരമാലകളുയര്‍ത്തി പി കരുണാകരന്റെ രണ്ടാംഘട്ട പര്യടനം

ഉദുമ: കര്‍ണാടക അതിരിടുന്ന മലയോരം മുതല്‍ അറബിക്കടലോരം വരെ നിവര്‍ന്നുകിടക്കുന്ന ഉദുമ അസംബ്ലി മണ്ഡലത്തില്‍ ആവേശത്തിരമാലകളുയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന്റെ രണ്ടാംഘട്ട പര്യടനം. കത്തുന്ന മീനച്ചൂടിനെ വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഓരോ കേന്ദ്രത്തിലും സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്.

സ്വീകരണ കേന്ദ്രങ്ങള്‍ തമ്മിലുള്ള ദൂരം സ്ഥാനാര്‍ഥിയെത്തുന്നതിന് മണിക്കൂറുകളുടെ കാത്തിരിപ്പ് സമ്മാനിച്ചെങ്കിലും നാടിനെ അറിയുന്ന ജനനായകനെ കാണാനുള്ള ആവേശത്തിന് മുന്നില്‍ ആ കാത്തിരിപ്പ് മടുപ്പായില്ല.
മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്തായിരുന്നു ശനിയാഴ്ചത്തെ ആദ്യ സ്വീകരണം. ശേഷം പാണൂരേക്ക്. ഹ്രസ്വമായ വാക്കുകളില്‍ വോട്ടഭ്യര്‍ഥിച്ച ശേഷം ദേലംപാടി ബെള്ളിപ്പാടിയിലേക്ക്. മണിക്കൂറുകള്‍ നീണ്ട ഓട്ടത്തിനിടയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം ആദ്യമായി പുറത്തുകൊണ്ടുവന്ന ഡോ. മോഹന്‍കുമാറിനെയും ശ്രീപഡ്രെയെയും ഫോണില്‍ വിളിച്ചു. വീട്ടില്‍ പോയി നേരിട്ട് കാണാന്‍ പറ്റാത്തതിന്റെ വിഷമം പറഞ്ഞപ്പോള്‍ വോട്ട് ചോദിക്കാന്‍ വേണ്ടിയുള്ള ഈ വിളിപോലും വേണ്ടിയിരുന്നില്ലെന്ന മറുപടി.
കര്‍ണാടക അതിരിടുന്ന ബെള്ളിപ്പാടിയിലും മയ്യളയിലുമെത്തിയപ്പോള്‍ ആദിവാസി സ്ത്രീകളുള്‍പ്പെടെ നൂറിലേറെപ്പേര്‍ രണ്ടര മണിക്കൂറായി സ്ഥാനാര്‍ഥിയെ കാത്തുനില്‍ക്കുന്നു. ഗതാഗത സൗകര്യങ്ങള്‍ അന്യമായിരുന്ന ദേലംപാടി മേഖലയില്‍ എല്‍ഡിഎഫ് എംഎല്‍എമാരും എംപിയും ചെയ്ത വികസന പ്രവര്‍ത്തനങ്ങളും അടുത്തിടെ അനുവദിച്ച നാല് പിഎംജിഎസ്‌വൈ റോഡുമൊക്കെ ചൂണ്ടിക്കാട്ടി ചുരുക്കം വാക്കുകളിലൂടെ വോട്ട് ചോദിച്ച് മടക്കം.
എടപ്പറമ്പ സ്വീകരണം കഴിഞ്ഞ് പാണ്ടിയിലെത്തിയപ്പോള്‍ സ്ഥാനാര്‍ഥിയുടെ വരവറിയാത്തതിനാല്‍ ചെണ്ടയുമായി നില്‍ക്കുന്ന ശിങ്കാരിമേളക്കാര്‍. വാഹനത്തില്‍ നിന്നിറങ്ങി ചെണ്ടയില്‍ ആദ്യതാളമിട്ട് പി കരുണാകരന്‍ ശിങ്കാരിമേളത്തിന് തുടക്കമിട്ടു. മടങ്ങുമ്പോള്‍ സമീപത്തുള്ള പൂമാണി കിന്നിമാണി ദേവസ്ഥാന മാടയില്‍ വാര്‍ഷിക പൂജ നടക്കുന്നിടത്തേക്ക് പോകണമെന്ന പഞ്ചായത്തംഗം രത്തന്റെ നിര്‍ബന്ധം. അവിടെയെത്തിയപ്പോള്‍ ആവേശകരമായ സ്വീകരണം. ഇളനീര് നല്‍കിയാണ് യാത്രയാക്കിയത്.
ബേത്തൂര്‍പാറയിലെത്തുമ്പോള്‍ ശിങ്കാരിമേളത്തിന്റെയും കതിനാവെടികളുടെയും അകമ്പടിയോടെ സ്വീകരണം. മൂന്നുമണിക്കൂറോളം വൈകിയാണ് എത്തിയതെങ്കിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാനൂറിലേറെ ആളുകള്‍ പൊള്ളുന്ന വെയിലില്‍ തളരാതെ കാത്തുനില്‍ക്കുകയായിരുന്നു. ശങ്കരംപാടിയിലും നാട്ടക്കല്ലും കഴിഞ്ഞ് മാനടുക്ക ശാസ്ത്രിനഗര്‍ കോളനിയില്‍. സ്ഥാനാര്‍ഥി പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ ആദിത്യയുടെ കുട്ടിപ്പാട്ട്. തുടര്‍ന്ന് വോട്ടഭ്യര്‍ഥന. എല്‍ഡിഎഫിന്റെ ശ്രമഫലമായി കോളനിയില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ അവകാശവാദം കോണ്‍ഗ്രസുകാര്‍ നടത്തുന്നത് തിരിച്ചറിഞ്ഞ ഇവിടുത്തുകാര്‍ മുഴുവനും ഒത്തുചേര്‍ന്ന ആവേശകരമായ സ്വീകരണത്തില്‍ കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം നല്‍കിയ എച്ച് പാലയെ സ്ഥാനാര്‍ഥി ഹാരമണിയിച്ച് ആദരിച്ചു. 

തുടര്‍ന്ന് കരിവേടകത്ത്. എംപി ഫണ്ടിന്റെ 25 ശതമാനം എസ്‌സി/എസ്ടി മേഖലക്ക് അനുവദിച്ച സംസ്ഥാനത്തെ ഏക മണ്ഡലം കാസര്‍കോടാണെന്ന് പറഞ്ഞാണ് വോട്ട് തേടിയത്. മടങ്ങുംവഴി കരിവേടകം പള്ളിയില്‍ ഫാ. തോമസ് പൈമ്പള്ളിയെ കണ്ടു. വിജയിച്ചുവരാന്‍ പ്രാര്‍ഥിക്കാമെന്ന് പറഞ്ഞാണ് ഫാദര്‍ യാത്രയാക്കിയത്.
അഞ്ചാംമൈലില്‍ സ്വീകരണത്തിനുശേഷം ഭക്ഷണം. വിശ്രമം പോലുമില്ലാതെ തൊട്ടടുത്ത വീടുകളില്‍ വോട്ടഭ്യര്‍ഥിച്ചു. കരിച്ചേരി പുഴ കടന്ന് കൂട്ടപ്പുന്നയിലേക്ക്. അവിടെയും നൂറുകണക്കിനാളുകള്‍. ചട്ടഞ്ചാലും ബെണ്ടിച്ചാലും കോളിയടുക്കവും കഴിഞ്ഞ് പെരുമ്പളയില്‍. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് അമ്മമാരും കുട്ടികളുമുള്‍പ്പെടെ ആവേശകരമായ സ്വീകരണം. മൊബൈലില്‍ ഫോട്ടോയെടുക്കാനും ഹസ്തദാനത്തിനും മത്സരിക്കുന്ന കുട്ടികള്‍. 

ഉദുമ ടൗണില്‍നിന്ന് ബൈക്കുകളിലും കാറിലുമായി രക്തപതാകകള്‍ വീശിയുള്ള യുവാവേശത്തോടെയാണ് ബേവൂരിയിലെത്തിയത്. മേല്‍പറമ്പ്, ചെമ്പരിക്ക, മൗവ്വല്‍ എന്നിവിടങ്ങളില്‍ ഐഎല്‍എല്‍ പ്രവര്‍ത്തകരും ന്യൂനപക്ഷ ജനവിഭാഗങ്ങളും അത്യാവേശകരമായ വരവേല്‍പാണ് നല്‍കിയത്. പെരളത്ത് സമാപന കേന്ദ്രത്തില്‍ രാത്രി വൈകിയാണെത്തിയത്.
സ്വീകരണ കേന്ദ്രങ്ങളില്‍ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ടി കൃഷ്ണന്‍, കെ വി കുഞ്ഞിരാമന്‍, ടി വി കരിയന്‍, രാധാകൃഷ്ണന്‍ പെരുമ്പള, ബി കെ നാരായണന്‍, ടി നാരായണന്‍, ഇ പത്മാവതി, വി സുരേഷ്ബാബു, സി രാമചന്ദ്രന്‍, ഓമന രാമചന്ദ്രന്‍, എം മാധവന്‍, എ മാധവന്‍, ഹൈദര്‍, എം എ ലത്തീഫ്, രാമചന്ദ്രന്‍ നായര്‍ പെരിയ എന്നിവര്‍ സംസാരിച്ചു.


















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.