Latest News

കാന്‍സറിനോട് പൊരുതി വിജയിച്ച നേപ്പാളി സുന്ദരി മനീഷയ്ക്ക് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ മോഹം

മുംബൈ: ഒരു കാലത്ത് ബോളിവുഡിലെ നായിക പദവിയില്‍ തിളങ്ങിയിരുന്ന നടി മനീഷാ കെയിരാള ഇപ്പോള്‍ ഇങ്ങനെയാണ്. കാന്‍സറിനോട് പോരാടി വിജയിച്ച ഈ നേപ്പാളി സുന്ദരി വീണ്ടും സിനിമയില്‍ സജീവമാകാന്‍ പദ്ധതിയിടുകയാണ്. രണ്ടുവര്‍ഷത്തോളമായി കാന്‍സര്‍ ചികില്‍സയ്ക്കായി സിനിമാരംഗത്തുനിന്നു വിട്ടു നിന്ന താരം 'പ്രിവെന്‍ഷന്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണം പ്രകാശനം ചെയ്യാനാണ് ഏറെ നാള്‍ക്കു ശേഷം പൊതുവേദിയിലെത്തിയത്.

ഇന്ത്യന്‍ യുവത്വത്തെ ആകര്‍ഷിച്ച നീളന്‍ മുടി ഇപ്പോഴില്ല. കീമോതെറാപ്പിക്ക് വിധേയയായി അവ കൊഴിഞ്ഞു പോയിരിക്കുന്നു. ഇപ്പോള്‍ നീളം കുറഞ്ഞ ചുരുളന്‍ മുടിയാണുള്ളത്. പ്രായം 43 ആയെങ്കിലും പഴയ പ്രസരിപ്പിന് ഒരു കുറവുമില്ല. പ്രിവന്‍ഷന്‍ മാസികയുടെ കവര്‍ ചിത്രവും മനീഷയുടേതാണ്. ചടങ്ങിനെത്തിയ മനീഷ നയം വ്യക്തമാക്കി. സിനിമയിലേക്ക് മടങ്ങിയെത്തണം. മനീഷയുടെ കടന്നുവരവോടെ അപ്രസക്തരായ മാധുരിയും ജൂഹിയും വീണ്ടും സജീവമാകുമ്പോള്‍ മനീഷയ്ക്ക് എങ്ങനെ മാറി നില്‍ക്കാന്‍ കഴിയും?

'ഞാന്‍ തിരിച്ചു വരും. പല വേഷങ്ങളും തേടിയെത്തുന്നുണ്ട്. പ്രധാനപ്പെട്ട വേഷങ്ങളാണെങ്കിലും അവ ഏതാനും സീനുകളില്‍ ഒതുങ്ങുന്നതിനാല്‍ സ്വീകരിച്ചില്ല. ഞാന്‍ മികച്ച വേഷത്തിനും മികച്ച സംവിധായകര്‍ക്കും വേണ്ടി കാത്തിരിക്കുന്നു.' ഏറെ നാളിനു ശേഷം പൊതുവേദിയിലെത്തിയ മനീഷ മാധ്യമങ്ങളോട് പറഞ്ഞു. കാന്‍സര്‍ വിമുക്തയായെങ്കിലും അത് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന ഭീതിയുണ്ടെന്ന് മനീഷ പറഞ്ഞു.

രോഗത്തെ താന്‍ അതോര്‍ത്ത് വിഷമിക്കുന്നില്ല. പോസിറ്റീവായി ജീവിതത്തെ കാണാനാണു കരുതുന്നത്. ശാസ്ത്രം ഏറെ വളര്‍ന്നതിനാല്‍ കാന്‍സര്‍ എന്നാല്‍ മരണവാറന്റല്ല. ചികില്‍സിച്ചു മാറ്റാവുന്നതേയുള്ളൂ. ഇക്കാര്യം പ്രചരിപ്പിക്കാന്‍ താന്‍ ശ്രമിക്കും. കാന്‍സര്‍ ചികില്‍സ സാധ്യമാകാത്തവരെ സഹായിക്കാന്‍ ഏതെങ്കിലും സംഘടനയുമായി ചേര്‍ന്ന് സഹകരിക്കുമെന്നും നടി പറഞ്ഞു. 2012 ലാണ് മനീഷയുടെ അണ്ഡനാളത്തില്‍ കാന്‍സര്‍ കണ്ടെത്തിയത്. ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും ചടങ്ങില്‍ പങ്കെടുത്തു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Boollywood Actress, Maneesha.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.