Latest News

ഇന്റര്‍നെറ്റില്ലാതെ ചാറ്റ് ചെയ്യാവുന്ന ആപ്പിന് ആവശ്യക്കാരേറുന്നു

ന്യൂയോര്‍ക്ക്: സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാവുന്ന ആന്‍ഡ്രോയിഡ് ആപ്പായ ‘ഫയര്‍ചാറ്റ്’ പുറത്തിറങ്ങി. ചാറ്റിങിനു ഇന്റര്‍നെറ്റും നെറ്റ്‌വര്‍ക്ക് കവറേജും നിര്‍ബന്ധമെന്നിരിക്കെയാണ് ആന്‍ഡ്രോയിഡ് ഫോണുണ്ടെങ്കില്‍ ഇതൊന്നുമില്ലാതെ ചാറ്റ് ചെയ്യാനുള്ള ആപ്പ് അവതരിപ്പിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓപ്പണ്‍ ഗാര്‍ഡനാണ് ഫയര്‍ചാറ്റ് ആപ് വികസിപ്പിച്ചെടുത്തത്.

ആന്‍ഡ്രോയിഡ് ഫോണുകള്‍ കൂടാതെ ആപ്പിള്‍ സ്‌റ്റോറിലും ഫയര്‍ചാറ്റ് ആപ്പിന്റെ സൗജന്യ പതിപ്പ് ലഭ്യമാണ്. ഫയര്‍ചാറ്റിന്റെ ഐ ഫോണ്‍ പതിപ്പാണ് ഒരാഴ്ച മുമ്പ് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ആന്‍ഡ്രോയിഡ് വേര്‍ഷനും പുറത്തിറങ്ങി. ഏതായാലും ആപ്പ് സ്റ്റോറുകളില്‍ ഫയര്‍ചാറ്റിന് ആവശ്യക്കാര്‍ കൂടുകയാണ്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഫയര്‍ചാറ്റ് തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തത്. ആപ്പിള്‍ ഐ സ്‌റ്റോറില്‍ നിന്ന് പ്രതിദിനം ലക്ഷത്തിലേറെ പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത്.

അടുത്തുള്ള ആളുകളുമായി ഇന്റര്‍നെറ്റും ഫോണ്‍സിഗ്‌നലുമിതെ ബന്ധപ്പെടാന്‍ സാധിക്കുമെന്നതാണ് ഫയര്‍ചാറ്റിനെ വ്യത്യസ്തമാക്കുന്നത്. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഫയര്‍ചാറ്റിന്റെ പ്രവര്‍ത്തനം. 30 അടി വരെ ചുറ്റുവട്ടത്തുള്ളവര്‍ക്ക് ഇതുവഴി നെറ്റ് ബന്ധമില്ലാതെ ഡാറ്റ കൈമാറാന്‍ പറ്റും. ഗ്രൂപ്പ് ചാറ്റാണെങ്കില്‍ ആ ഗ്രൂപ്പില്‍ പെട്ട ഏതെങ്കിലും ഒരാള്‍ 30 അടി ചുറ്റുവട്ടത്തില്‍ ഉണ്ടായാല്‍ മതി. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളിലേക്ക് സന്ദേശമെത്തിക്കാന്‍ ദൂരപരിധി തടസ്സമാകില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

കോണ്‍സെര്‍ട്ടുകള്‍, കായിക മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, സബ്‌വേകള്‍, വിമാനത്തില്‍ തുടങ്ങി ഫോണ്‍ സിഗ്‌നല്‍ കുറവായ സ്ഥലങ്ങളിലും കവറേജില്ലാത്ത സ്ഥലങ്ങളിലും ഫോണ്‍ ഉപയോഗിക്കാനാണ് ഫയര്‍ചാറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. ആപ്പിളില്‍ മള്‍ട്ടീപിയര്‍ കണക്ടിവിറ്റി ഫ്രെയിംവര്‍ക്കിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഫയര്‍ചാറ്റ് ആപ് പ്രവര്‍ത്തിക്കുന്നത്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.