Latest News

വിഷഭൂമിയില്‍ അതിജീവനമറിയിച്ച് ജൈവവെള്ളരി വിളവെടുപ്പ്

ആദൂര്‍: എന്‍ഡോസള്‍ഫാന്‍ വിഷമാരി പെയ്ത ഭൂമിയില്‍ ജൈവ വെള്ളരിക്കൃഷിയുടെ വിളവെടുപ്പ്. എന്‍വിസാജിന്റെ സഹജീവനം ബദല്‍ പദ്ധതിയുടെ നേതൃത്വത്തില്‍ ആദൂര്‍ എരിക്കുളത്തെ യൂസുഫിന്റെ കൃഷിയിടത്തില്‍ നടത്തിയ വെള്ളരിക്കൃഷിയുടെ വിളവെടുപ്പാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ശ്രുതിക്ക് വെള്ളരിക്ക നല്‍കി എരിക്കുളം യൂസുഫ് നിര്‍വ്വഹിച്ചത്.

യൂസുഫിന്റെ മകള്‍ ആയിഷത്ത് നൂറുന്നിസയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയാണ്. മകള്‍ക്കു വിഷബാധ ഏറ്റതുമുതല്‍ യൂസുഫ് കീടനാശിനി ഉപയോഗിക്കാറില്ല. എല്ലാവര്‍ഷവും അദ്ദേഹം ജൈവ കൃഷി നടത്തുന്നു. ഇത്തവണ വെള്ളരി മാത്രമേ കൃഷി ചെയ്തുള്ളൂ. പാലക്കാടു നിന്നാണ് വിത്തു ശേഖരിച്ചത്. 12 സെന്റ് സ്ഥലത്ത് 16 ക്വിന്റല്‍ വെള്ളരിക്ക കിട്ടേണ്ടതായിരുന്നു. എന്നാല്‍ ജലക്ഷാമം മൂലം പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല.

കീടങ്ങളെ അകറ്റാന്‍ കൃഷിയിടത്തിനു ചുറ്റും കര്‍പ്പൂരതുളസി നടുകയാണ് ചെയ്തത്. അടുത്ത കൃഷിക്ക് നാടന്‍ വിത്തുപയോഗിക്കും. അറുപതു ദിവസത്തിനുള്ളിലാണ് വിളവെടുത്തത്. കീടനാശിനി ഉപയോഗിക്കാത്തതു കൊണ്ട് യാതൊരു പ്രശ്‌­നവുമുണ്ടായിട്ടില്ലെന്ന് യൂസുഫ് സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷത്തെ വിളവെടുപ്പില്‍ എന്‍വിസാജിന്റെ ആഭിമുഖ്യത്തില്‍ ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ , യുസുഫിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു.
കഴിഞ്ഞ മഴക്കാലത്ത് ആയിരം വേപ്പിന്‍തൈകള്‍ നട്ടു കൊണ്ടാണ് എന്‍വിസാജ് സഹജീവനം ബദല്‍ ആരംഭിച്ചത്. അന്തരിച്ച കെ.എസ്. അബ്ദുല്ലയായിരുന്നു സഹജീവനം ബദല്‍ കോ ഓര്‍ഡിനേറ്റര്‍. ഇത്തവണത്തെ വെള്ളരി വിളവെടുപ്പില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം നൊമ്പരമുണര്‍ത്തുന്ന ഓര്‍മയായി.
ഒരു വര്‍ഷമായി സാന്ത്വനക്കൂട്ടം പാലിയേറ്റീവ് കെയര്‍ കാറഡുക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വെള്ളരി വിളവെടുപ്പില്‍ എന്‍വിസാജ് സഹജീവനം ബദല്‍ മാനേജിംഗ് ട്രസ്റ്റി ഹസ്സന്‍ മാങ്ങാട്, മൊയ്തീന്‍ പൂവടുക്ക, നാരായണന്‍ ഗുരുമഠം, നയന, ജയന്തി, ബാലാമണി, ജഗദീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.