Latest News

രാഹുലിനെ വിമര്‍ശിച്ച ചന്ദ്രിക മുഖപ്രസംഗത്തിന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മറുപടി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ ലീഗ് മുഖപത്രമായ ചന്ദ്രികയും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും മുഖപ്രസംഗത്തിലൂടെ കൊമ്പുകോര്‍ക്കുന്നു. കോണ്‍ഗ്രസിന്റെ നാണംകെട്ട തോല്‍വിയുടെ പേരില്‍ രാഹുലിനെ വിമര്‍ശിച്ച ചന്ദ്രിക മുഖപ്രസംഗത്തിന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം വ്യാഴാഴ്ചത്തെ മുഖപ്രസംഗത്തിലൂടെ തന്നെ മറുപടി നല്‍കി. ഓതിക്കനെ ഓത്ത് പഠിപ്പിക്കരുത് എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന എഡിറ്റോറിയല്‍ മുസ്ലിംലീഗിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. 

ഒരു പരാജയത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ കൊത്തിക്കീറുന്ന മുസ്ലിംലീഗ് മുഖപ്രസംഗത്തിന്റെ നടപടി രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണ്. രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വദിനം തന്നെ രാഹുലിനെ ആക്രമിക്കാന്‍ തിരഞ്ഞെടുത്തത് ദുരുദ്ദേശപരമാണെന്ന് വീക്ഷണം കുറ്റപ്പെടുത്തുന്നു.

രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തെ ഊരുചുറ്റലായും വണ്‍മാന്‍ഷോ ആയും വിലകുറച്ചുകാണുന്ന പത്രം സൗഹാര്‍ദ്ദ ഭാഷയിലല്ല ഈ പദപ്രയോഗം നടത്തിയത്. പരിഹാസമാണ് ഈ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും വ്യക്തമാക്കിക്കൊണ്ടാണ് വീക്ഷണം മറുപടി നല്‍കിയിരിക്കുന്നത്.

16 ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഒരു റോളും ഇല്ലാതിരുന്ന മുസ്ലിംലീഗ് ഗ്യാലറിയിലിരുന്ന് കളി ഉപദേശിക്കുകയാണ്. കളിക്കളത്തിലെ പ്രതിരോധത്തിനും മുന്നേറ്റത്തിനും കയ്യടിച്ചുപോലും പ്രോത്സാഹിപ്പിക്കാത്തവര്‍ ഗോള്‍വല കുലുങ്ങാത്തതിന്റെ പേരില്‍ ക്യാപ്റ്റനെ പഴിക്കുന്നത് പോലെയാണ് പത്രത്തിന്റെ വിമര്‍ശനം.

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളില്‍ അടിയെടാ ഗോള്‍ എന്ന് അട്ടഹസിക്കുന്നത് പോലെ തിരഞ്ഞെടുപ്പില്‍ കളിന്യായം പറയാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്. വീഴ്ച തിരുത്തി വീണ്ടും തിരികെ വരാന്‍ കോണ്‍ഗ്രസിന് മുസ്ലിംലീഗിന്റെ എന്‍ട്രന്‍സ് കോച്ചിങോ പാര്‍ട്ടി മുഖപ്രസംഗത്തിന്റെ ഹോം ട്യൂഷനോ ആവശ്യമില്ല. തോറ്റാല്‍ പരുക്ക് മാറ്റാനുള്ള ചികിത്സകരും ചികിത്സയും കോണ്‍ഗ്രസില്‍ തന്നെയുണ്ട്. മുസ്ലിംലീഗിന്റെ മന്ത്രവാദമോ യുനാനി ചികിത്സയോ ആവശ്യമില്ല. വിജയത്തിന്റെയും പരാജയത്തിന്റെയും പാഠങ്ങള്‍ ലീഗിന്റെ മുഖപത്രത്തില്‍ നിന്നും കോണ്‍ഗ്രസിന് പഠിക്കേണ്ടതില്ല.

രാഹുലിന്റെ വണ്‍മാന്‍ഷോ എന്ന ചന്ദ്രികയുടെ വിമര്‍ശനത്തിന് പാണക്കാട്ടെ ആത്മീയ നേതൃത്വമല്ലേ ലീഗിന് നിത്യഹരിതം പകരുന്നതെന്ന് വീക്ഷണം ചോദിക്കുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെയുള്ള ഇത്തരം ഒളിയുദ്ധങ്ങള്‍ ഇതിനു മുമ്പും ലീഗ് പത്രം നടത്തിയിട്ടുണ്ടെന്നും വീക്ഷണം ഓര്‍മ്മിപ്പിക്കുന്നു.

മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
ഓതിക്കനെ ഓത്ത് പഠിപ്പിക്കരുത്
ഒരു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കൊത്തിക്കീറുന്ന മുസ്‌ലിംലീഗ് മുഖപത്രത്തിന്റെ നടപടി രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെയുള്ള ഇത്തരം ഒളിയുദ്ധങ്ങള്‍ ഇതിനു മുന്‍പും ലീഗ് പത്രം നടത്തിയിട്ടുണ്ട്. രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വദിനം തന്നെ രാഹുലിനെ ആക്രമിക്കാന്‍ തെരഞ്ഞെടുത്തത് ദുരുദ്ദേശപരമാണ്. പാര്‍ട്ടി മുഖപത്രത്തിന്റെ വിമര്‍ശനം ക്രിയാത്മകമാണെന്ന ലീഗ് നേതൃത്വത്തിന്റെ ന്യായീകരണം വിശ്വസിക്കാന്‍ ഒരു കോണ്‍ഗ്രസുകാരനും സാധ്യമല്ല. രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ഊരുചുറ്റലായും വണ്‍മാന്‍ ഷോ ആയും വിലകുറച്ച് കാണുന്ന പത്രം സൗഹാര്‍ദ്ദ ഭാഷയിലല്ല ഈ പദപ്രയോഗം നടത്തിയത്. പരിഹാസമാണ് ഈ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഒരു റോളും ഇല്ലാതിരുന്ന മുസ്‌ലിംലീഗ് ഗ്യാലറിയിലിരുന്ന് കളി ഉപദേശിക്കുകയാണ്. കളിക്കളത്തിലെ പ്രതിരോധത്തിനും മുന്നേറ്റത്തിനും കയ്യടിച്ചുപോലും പ്രോത്സാഹിപ്പിക്കാത്തവര്‍ ഗോള്‍വല കുലുങ്ങാത്തതിന്റെപേരില്‍ ക്യാപ്റ്റനെ പഴി പറയുന്നതുപോലെയാണ് പത്രത്തിന്റെ വിമര്‍ശനം. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളില്‍ 'അടിയെടാ ഗോള്‍' എന്ന് അട്ടഹസിക്കുന്നത് പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കളിന്യായം പറയാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിരവധി വേനലും വറുതിയും കണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വീഴ്ച തിരുത്തി വീണ്ടും തിരികെ വരാന്‍ കോണ്‍ഗ്രസിന് മുസ്‌ലിംലീഗിന്റെ എന്‍ട്രന്‍സ് കോച്ചിംഗോ പാര്‍ട്ടി മുഖപത്രത്തിന്റെ ഹോം ട്യൂഷനോ ആവശ്യമില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തീവ്രഹിന്ദുത്വത്തിന്റെ തേരോട്ടം പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ എന്ത് സഹായമാണ് മുസ്‌ലിംലീഗില്‍ നിന്നും ഉണ്ടായിട്ടുള്ളത്. മുസ്‌ലിം ജനസംഖ്യ 25 ശതമാനത്തോളമുള്ള പശ്ചിമ ബംഗാളിലും യു പി യിലും ഒരു പഞ്ചായത്ത് അംഗത്തെപോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്ത മുസ്‌ലിംലീഗ് കേരളമാണ് ഇന്ത്യയെന്ന ധാരണ തിരുത്തണം. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പരുക്ക് മാറ്റാനുള്ള ചികിത്സയും ചികിത്സകരും കോണ്‍ഗ്രസില്‍ തന്നെയുണ്ട്. മുസ്‌ലിംലീഗിന്റെ മന്ത്രവാദമോ യുനാനി ചികിത്സയോ ആവശ്യമില്ല. രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് വേളയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പൈജാമയും കുര്‍ത്തയുമെടുത്തണിഞ്ഞ് ഊരുചുറ്റാനിറങ്ങിയതല്ല. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ ഡല്‍ഹിയില്‍ യു പി എ ഭരണം നടക്കുമ്പോള്‍ ഭരണത്തിന്റെ സൗഭാഗ്യങ്ങളനുഭവിക്കാതെ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിലും ജനപഥങ്ങളിലും സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷവും ആരവവുമില്ലാതെയായിരുന്നു രാഹുലിന്റെ സഞ്ചാരം. ഇന്ത്യയുടെ ഹൃദയത്തെ തൊട്ടറിയാന്‍ വേണ്ടിതന്നെയായിരുന്നു ഈ മഹായാത്ര.

കഴിഞ്ഞ 3650 ദിവസങ്ങളില്‍ 580 ദിവസം മാത്രമായിരുന്നു രാഹുല്‍ ഡല്‍ഹിയിലുണ്ടായിരുന്നത്. ബാക്കി ദിനങ്ങളൊക്കെ പാര്‍ട്ടി ചുമതലയുമായി അദ്ദേഹം ഇന്ത്യന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും അലയുകയായിരുന്നു. ഇതിനെയാണോ ലീഗ് പത്രം വണ്‍മാന്‍ഷോ എന്നാക്ഷേപിക്കുന്നത്. വ്യക്തികേന്ദ്രീകൃതമല്ലാത്ത ഒരു പാര്‍ട്ടിയെ ചൂണ്ടിക്കാട്ടാന്‍ ലീഗ് പത്രത്തിന് സാധിക്കുമോ? പാണക്കാട്ടെ ആത്മീയ നേതൃത്വമല്ലേ ലീഗിന് നിത്യഹരിതം പകരുന്നത്. കേരളത്തില്‍ തരക്കേടില്ലാത്ത ഒരു ഭരണവും തെരഞ്ഞെടുപ്പ് വിജയവും ഉണ്ടായപ്പോള്‍ അതിനിടയില്‍ 'കോലിട്ട് കുത്തി' ആ വിജയത്തിന് മങ്ങലേല്പ്പിക്കാന്‍ ലീഗ് പത്രം ശ്രമിക്കരുത്. മുസ്‌ലിംലീഗിന് ശക്തിയുള്ളിടത്തെല്ലാം യു ഡി എഫ് വിജയിച്ചു എന്ന് മുസ്‌ലിംലീഗിന്റെ പ്രസ്താവനയും മുഖപത്രത്തിന്റെ മുഖപ്രസംഗവുമായി ചേര്‍ത്തു വായിക്കേണ്ടതാണ്.

കോണ്‍ഗ്രസില്‍ രാഹുല്‍ ബ്രിഗേഡ് എന്നൊരു വിഭാഗമില്ല. ചില സംസ്ഥാനങ്ങളില്‍ അര്‍പ്പണബോധവും കാര്യശേഷിയുമുള്ള ചില യുവാക്കളെ കണ്ടെത്തി അദ്ദേഹം ഉത്തരവാദിത്വങ്ങള്‍ ഏല്പ്പിച്ചു. 2004 ലും 2009 ലും അത് വിജയകരമായി നടപ്പായി. ഇത്തവണ അത് പരാജയപ്പെട്ടു. അതോടുകൂടി അവരും അവരെ തെരഞ്ഞെടുത്ത രാഹുലും കൊള്ളരുതാത്തവരാകുന്നില്ല. രണ്ടാംലോക മഹായുദ്ധത്തില്‍ സഖ്യകക്ഷികള്‍ക്ക് മികച്ച വിജയം കാഴ്ചവെച്ച വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ 1945 ലെ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അതോടെ ചര്‍ച്ചിലിനെ ബ്രിട്ടീഷ് ജനത പാടെ തള്ളിക്കളഞ്ഞില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ പൂര്‍വ്വാധികം പിന്തുണയോടെ ചര്‍ച്ചിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും അധികാരത്തില്‍ വന്നു.

ചരിത്രം നല്‍കുന്ന ഈ പാഠമാണ് പല വീഴ്ചകള്‍ മറികടന്ന് വാഴ്ചകളിലെത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. വിജയത്തിന്റെയും പരാജയത്തിന്റെയും പാഠങ്ങള്‍ ലീഗിന്റെ മുഖപത്രത്തില്‍ നിന്നും കോണ്‍ഗ്രസിന് പഠിക്കേണ്ടതില്ല. 128 കൊല്ലത്തെ കോണ്‍ഗ്രസിന്റെ ചരിത്രം അത്തരം മഹാപാഠങ്ങളുടെ ബൃഹത് സഞ്ചയമാണ്. ഓതിക്കനെ ഓത്ത് പഠിപ്പിക്കാനും ആശാന് അടവ് പറഞ്ഞുകൊടുക്കാനുമുള്ള പ്രത്യയശാസ്ത്ര സമ്പത്ത് തങ്ങള്‍ക്കില്ലെന്ന് ലീഗിലെ ജ്ഞാനോപദേശകര്‍ മനസ്സിലാക്കണം. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ സന്ധിയുമില്ല; കലര്‍പ്പുമില്ല. എവിടെയൊക്കെ തോറ്റാലും എത്രയൊക്കെ സീറ്റ് കുറഞ്ഞാലും ഇന്ത്യന്‍ മതനിരപേക്ഷതയുടെ കരുത്തും കാവലും കോണ്‍ഗ്രസ് മാത്രമാണ്. ദേശീയതലത്തിലെ തോല്‍വികൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയ വിദ്യാഭ്യാസം നേടാന്‍ നഴ്‌സറി ക്ലാസില്‍ പോയിരിക്കണമെന്ന ഉപദേശത്തിന് മുന്‍പില്‍ 1977ലെ ചരിത്രം ഞങ്ങള്‍ തുറന്നുവെയ്ക്കുന്നു. അതിനുശേഷം 24 വര്‍ഷം പല ഘട്ടങ്ങളിലായി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. ചരിത്ര പാഠങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടെയാണ്. നാളെയും അങ്ങിനെത്തന്നെയായിരിക്കും. വീഴ്ചയിലും വാഴ്ചയിലും കൂടെ നില്‍ക്കുന്നതാണ് മുന്നണി രാഷ്ട്രീയം. ലീഗിന്റെ ഇച്ഛയും നിലപാടുമാണ് മുഖപ്രസംഗത്തിലൂടെ പുറത്തുവന്നതെങ്കില്‍ അത് അത്യന്തം ഖേദകരമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.