Latest News

മംഗലാപുരം വിമാനദുരന്തത്തിന് നാല് വര്‍ഷം; വാഗ്ദാനങ്ങള്‍ ആകാശത്തില്‍ വരച്ച വരപോലെ....

കാസര്‍കോട്: 158 പേര്‍ വെന്തുകരിഞ്ഞ മംഗലാപുരം വിമാനദുരന്തത്തിന് വ്യാഴാഴ്ച നാലുവര്‍ഷം തികയുമ്പോള്‍ അധികൃതര്‍ നല്കിയ വാഗ്ദാനങ്ങള്‍ ആകാശത്തില്‍ വരച്ച വരപോലെയായി. 2010 മെയ് 22നായിരുന്നു ആ ദുരന്തം. ദുബായില്‍നിന്ന് മംഗലാപുരത്തേക്കുവന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സാണ് മംഗലാപുരം വിമാനത്താവളത്തിന് തൊട്ടടുത്ത് കെഞ്ചാരില്‍ വീണുതകര്‍ന്നത്. 

അമ്പതോളം മലയാളികളടക്കമുള്ള യാത്രക്കാര്‍ അതിലുണ്ടായിരുന്നു. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍പോലും കഴിയാതെ കത്തിക്കരിഞ്ഞനിലയിലായിരുന്നു. 

ദുരന്തത്തിനുശേഷം ഒട്ടേറെ വാഗ്ദാനങ്ങള്‍ സര്‍ക്കാരും അധികൃതരും നല്കിയിരുന്നെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. രാജ്യത്തെ നടുക്കിയ സംഭവത്തിനു നാലാണ്ട് പിന്നിട്ടിട്ടും മംഗലാപുരം ബജ്‌പെ എയര്‍പോര്‍ട്ടിന്റെ റണ്‍വേ വികസനം യാഥാര്‍ഥ്യമായില്ല. അപകടത്തിനു ശേഷം സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി പഠനം നടത്തി റണ്‍വേക്ക് നീളം കൂട്ടണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ 2,400 മീറ്ററാണ് റണ്‍വേയുടെ നീളം. ഇത് 3,450 മീറ്ററായി ഉയര്‍ത്തണമെന്നായിരുന്നു വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നത്.

അപകടം നടന്ന ശേഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 289 ഏക്കര്‍ സ്ഥലം എയര്‍പോര്‍ട്ടിന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി കര്‍ണാടക സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സ്ഥലമെടുപ്പ് ഇതുവരേയും പൂര്‍ത്തിയാക്കുകയോ പ്രാരംഭ നടപടികള്‍ ആരംഭിക്കുകയോ ചെയ്തില്ല. ഇതോടെ റണ്‍വേയും വികസിപ്പിക്കാനാവാത്ത സ്ഥിതിയിലാണ്. കുന്നില്‍മുകളില്‍ സ്ഥിതിചെയ്യുന്ന വിമാനത്താവളങ്ങളില്‍ ഇമാസ് (എന്‍ജിനീയേര്‍ഡ് മെറ്റീരിയല്‍ അറസ്റ്റിങ് സിസ്റ്റം) നിര്‍ബന്ധമാണ്.

എന്നാല്‍, മംഗലാപുരം എയര്‍പോര്‍ട്ടില്‍ ഈ സംവിധാനം ഇല്ല. വിമാനം ലാന്‍ഡിങ് പോയിന്റ് കഴിഞ്ഞാണ് ഇറങ്ങുന്നതെങ്കില്‍ സ്പീഡ് നിയന്ത്രിക്കാനോ യഥാസ്ഥാനത്ത് നിര്‍ത്താനോ ഇതിനാല്‍ കഴിയില്ല. റണ്‍വേക്ക് ആവശ്യത്തിനു നീളമില്ലാത്തതും ഇമാസ് ഇല്ലാത്തതും അപകടങ്ങള്‍ക്കു കാരണമാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അപകടത്തിനിരയായവരുടെ ആശ്രിതര്‍ക്ക് നല്‍കേണ്ട അന്താരാഷട്ര ഉടമ്പടിപ്രകാരമുള്ള സഹായധനംപോലും പൂര്‍ണമായി നല്കാതെ എയര്‍ ഇന്ത്യാ കേസുമായി മുന്നോട്ടുപോകുകയാണ്. പരിക്കോടെ രക്ഷപ്പെട്ടവര്‍ക്ക് ജോലി നല്കാമെന്ന് വാക്കു നല്കിയിരുന്നെങ്കിലും അതും നടന്നിട്ടില്ല. 

ഉദുമ ബാരയിലെയും കണ്ണൂരിലെയും ഓരോ മലയാളിയുള്‍െപ്പടെ എട്ടുപേരാണ് അപകടത്തില്‍ പരിക്കോടെ രക്ഷപ്പെട്ടത്. മരിച്ചവരുടെ സ്മരണയ്ക്കായി മലവൂര്‍ പഞ്ചായത്തിലെ കെഞ്ചാറില്‍ എയര്‍ ഇന്ത്യ സ്ഥാപിക്കുമെന്നറിയിച്ച കമ്യൂണിറ്റിഹാള്‍, ലൈബ്രറി, ആരോഗ്യകേന്ദ്രം എന്നിവയുടെ പ്രാരംഭനടപടികള്‍പോലും പൂര്‍ത്തിയാക്കാനായില്ല.
അപകടംനടന്ന് ഒരുവര്‍ഷം പൂര്‍ത്തിയായപ്പോഴാണ് എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.ചന്ദ്രകുമാര്‍ സ്മാരകനിര്‍മാണം വാഗ്ദാനം ചെയ്തത്. കമ്യൂണിറ്റിഹാളും ലൈബ്രറിയും ആരോഗ്യകേന്ദ്രവും നിര്‍മിക്കുമന്നായിരുന്നു പ്രഖ്യാപനം നടത്തിയത്. നിര്‍മാണത്തിന്റെ 90 ശതമാനം ചെലവും എയര്‍ ഇന്ത്യ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 25 ദിവസങ്ങള്‍ക്കുള്ളില്‍ മലവൂര്‍ പഞ്ചായത്തോഫീസിലേക്ക് ആദ്യഘട്ടം സംഖ്യ അനുവദിച്ചെന്നറിയിച്ചുകൊണ്ട് എയര്‍ ഇന്ത്യ ഓഫീസില്‍നിന്ന് അറിയിപ്പ് വന്നിരുന്നു. എന്നാല്‍, നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും പദ്ധതി കടലാസില്‍ത്തന്നെ. 

അപകടത്തെത്തുടര്‍ന്ന് പല ഏജന്‍സികളും നടത്തിയ പഠനത്തില്‍ റണ്‍വേയുടെ അശാസ്ത്രീയത പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ അറിയിച്ചിരുന്നു. ഇതൊന്നും നടപ്പാക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ പ്രശ്‌നത്തില്‍ ഇരകളുടെ നേതൃത്വത്തിലുള്ള സംഘടന ഇപ്പോഴും നിയമപോരാട്ടത്തിന്റെ വഴിയിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.