Latest News

അവശനിലയില്‍ ആസ്പത്രിയിലെത്തിച്ച വിദ്യാര്‍ഥിനി മരിച്ചു; മുങ്ങിയ ഡ്രൈവര്‍ പിടിയില്‍

എടപ്പാള്‍: ബസ് ഡ്രൈവര്‍ അവശനിലയില്‍ ആസ്പത്രിയിലെത്തിച്ച വിദ്യാര്‍ഥിനി മരിച്ചു. മരിച്ചതറിഞ്ഞതോടെ മുങ്ങിയ ഡ്രൈവറെ ആസ്പത്രിയിലെ സി.സി.ടി.വി ദൃശ്യത്തിന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി.

എടപ്പാള്‍ പൊല്‍പ്പാക്കര തറക്കല്‍ പുത്തന്‍വീട്ടുവളപ്പില്‍ പരേതനായ രാമന്റെ മകള്‍ അമ്പിളി(15)ആണ് തിങ്കളാഴ്ച വൈകീട്ട് നാലിന് എടപ്പാള്‍ ആസ്പത്രിയില്‍ മരിച്ചത്. പനമ്പാട് സ്വദേശി പ്രഭാത് (25) ആണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്.
തിങ്കളാഴ്ച വൈകീട്ടാണ് അവശനിലയിലായ പെണ്‍കുട്ടിയുമായി ഒരു യുവാവ് ഓട്ടോറിക്ഷയില്‍ എടപ്പാള്‍ ആസ്പത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചതായി ബോധ്യപ്പെട്ടു. വിവരമറിഞ്ഞതോടെ യുവാവ് ആസ്പത്രിയില്‍നിന്ന് മുങ്ങി.

പെണ്‍കുട്ടിയുമായി വന്ന യുവാവിനെ അപ്പോള്‍തന്നെ ചിലര്‍ തിരിച്ചറിഞ്ഞിരുന്നു. പോത്തന്നൂര്‍-നരിപ്പറമ്പ്-എടപ്പാള്‍ റൂട്ടിലെ ബസ് ഡ്രൈവറായ പ്രഭാത് ആണ് ഇതെന്നറിഞ്ഞ പൊന്നാനി സി.ഐ മനോജ് കബീര്‍ ആസ്പത്രിയിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടി യുവാവ് ഡ്രൈവറായ ബസ്സില്‍ കയറി ഉച്ചയോടെ വീടിനടുത്ത് ഇറങ്ങി.

ഇതിനിടെ ഇരുവരും തമ്മില്‍ പിണങ്ങി. വൈകീട്ട് തന്റെ ഫോണില്‍ വന്ന സന്ദേശമനുസരിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് അമ്പിളിയെ വീട്ടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടു. പിറകുവശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന് കെട്ടഴിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ആസ്പത്രിയിലെത്തിച്ചു. പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രഭാത് പറഞ്ഞ കാര്യങ്ങളാണിവ. കൂടുതല്‍ ചോദ്യം ചെയ്യുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്ത ശേഷമേ കൂടുതല്‍ കാര്യങ്ങളറിയാനാകൂവെന്ന് സി.ഐ പറഞ്ഞു.

എടപ്പാള്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനയയ്ക്കും.
എടപ്പാള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അമ്പിളി. അമ്മ: തങ്കമണി. സഹോദരങ്ങള്‍: അംബിക, അഭിലാഷ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.