Latest News

മംഗലാപുരം വിമാനദുരന്തം: ഇരകള്‍ക്കായി സലാം പോരാട്ടം തുടരുന്നു

കാസര്‍കോട്: രാജ്യത്തെ നടുക്കിയ മംഗലാപുരം ബജ്‌പെ വിമാനദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരത്തിനു വേണ്ടി നിയമപോരാട്ടം നടത്തുകയാണ് കുമ്പള ആരിക്കാടിയിലെ അബ്ദുല്‍സലാം. 2010 മെയ് 22നു പുലര്‍ച്ചെ 6.10ന് മംഗലാപുരം ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിനു തീപ്പിടിച്ച് മകനുള്‍പ്പെടെയുള്ളവര്‍ക്കു നഷ്ടപരിഹാരത്തിനായാണ് പിതാവ് ആരിക്കാടിയിലെ അബ്ദുല്‍സലാം പോരാട്ടം നടത്തുന്നത്. ദുരന്തം നടന്ന് നാലു വര്‍ഷം പൂര്‍ത്തിയാവാനിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ടുന്ന അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ ഇപ്പോഴും ലഭിച്ചിട്ടില്ല.

ദുരന്തത്തില്‍ 103 പുരുഷന്‍മാരും 32 സ്ത്രീകളും 23 കുട്ടികളും നാലു കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 158 പേരാണു മരിച്ചത്. ഇതില്‍ 58 പേരും മലയാളികളാണ്. അപകടത്തിനിടെ കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

വിമാനദുരന്തം നടന്നയുടനെ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 2009ല്‍ ഇംഗ്ലണ്ടിലെ മോണ്‍ട്രിയയില്‍ ഉണ്ടാക്കിയ മോണ്‍ട്രിയന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. 75 ലക്ഷം രൂപയാണ് ഉടമ്പടി പ്രകാരം നഷ്ടപരിഹാരം ലഭിക്കേണ്ടത്. എന്നാല്‍, എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കുന്നതിനായി ചുമതലപ്പെടുത്തിയ മുംബൈ ആസ്ഥാനമായുള്ള നാനാവതി കമ്മീഷന്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഇരകളോട് ചര്‍ച്ചനടത്തി നഷ്ടപരിഹാരത്തുക കുറച്ചു നല്‍കുകയായിരുന്നു. മരിച്ചവര്‍ക്കു ഗള്‍ഫില്‍ ലഭിച്ചിരുന്ന ശമ്പളം അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ തയ്യാറായത്. ഇതനുസരിച്ച് ചിലര്‍ക്ക് ഒന്നരക്കോടി രൂപവരെ നഷ്ടപരിഹാരം ലഭിച്ചു. സലാമിന്റെ മകന്‍ മുഹമ്മദ് റാഫിക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍, ഈ തുക വാങ്ങാന്‍ സലാം തയ്യാറായില്ല.

തുച്ഛമായ തുകയ്‌ക്കെതിരേ സലാം ഹൈക്കോടതിയെ സമീപിച്ചു. അന്താരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും അതിനെതിരേ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കി. തുടര്‍ന്ന് എയര്‍ക്രാഷ് വിക്ടിംസ് ഫാമിലി ആന്റ് റിലേറ്റീവ് അസോസിയേഷന്‍ അഡ്വ. സഞ്ജയ് ഹെഗ്‌ഡെ മുഖേന സലാം സുപ്രിംകോടതിയിലെത്തി. കേസ് ഇപ്പോഴും സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ദുരന്തത്തില്‍ മരിച്ച പൈലറ്റിന്റെ ആശ്രിതര്‍ക്ക് എട്ടുകോടിയോളം രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.