Latest News

പ്രവാസി പുനരധിവാസം ഉറപ്പുവരുത്തണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: നാടിന്റെ വികസനത്തിലും പുരോഗതിയിലും അഭിമാനകരമായ സ്ഥാനം വഹിച്ച പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മുന്നോട്ടു വരണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ടൊയോട്ട ബ്രാഞ്ച് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വരേണ്യ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വര്‍ഷം തോറും സംഘടിപ്പിക്കുന്ന പ്രവാസി ദിവസിനു പോലും കോടികള്‍ ചെലവഴിക്കുമ്പോള്‍ സാധാരണ പ്രവാസിയുടെ പ്രശ്‌നങ്ങള്‍ ഇന്നും പരിഹാരം കാണാതെ തുടരുകയാണെന്നു ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ വിലയിരുത്തി. 

പ്രവാസി വകുപ്പിന് കീഴിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഫണ്ടിലുള്ള കോടിക്കണക്കിനു രൂപ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ വകുപ്പ് തയ്യാറാകണം. അര്‍ഹരായവര്‍ക്ക് പെന്‍ഷനും പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത പഠനത്തിനു സംവരണവും ഏര്‍പ്പെടുത്തണം. വിവിധ കാരണങ്ങളാല്‍ തിരിച്ചു പോകേണ്ടി വരുന്ന പ്രവാസികള്‍ക്ക് അനുയോജ്യമായ തൊഴിലിടങ്ങളില്‍ പ്രത്യേക പരിഗണനയും സ്വയം തൊഴില്‍ ചെയ്യുന്നതിന് ലളിത വ്യവസ്ഥയിലുള്ള വായ്പാ പദ്ധതിയും നടപ്പിലാക്കണമെന്നു പ്രമേയം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഉമര്‍ ഫാറൂക്ക് വവ്വക്കാവ് ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ അയ്യാരില്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറത്തിന്റെ പ്രസക്തിയും നയങ്ങളും ലക്ഷ്യങ്ങളും അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി വിശദീകരിച്ചു. 

പൈതൃകം കൊല്ലം കൂട്ടായ്മ പ്രതിനിധി നൗഷാദ് തഴവ, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി അന്‍സാര്‍ കരിക്കുഴി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അന്‍സാര്‍ പനവൂര്‍ പ്രമേയം അവതരിപ്പിച്ചു. സിറാജുദ്ദീന്‍ വെഞ്ഞാറമൂട് സ്വാഗതവും അബ്ദുല്‍കലാം ആലപ്പുഴ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.