Latest News

സൗദി മരുഭൂമിയില്‍ കുടുങ്ങിയ ഒരു കാസര്‍കോട്ടുകാരന്‍ കൂടി രക്ഷപ്പെട്ട് എംബസിയില്‍ അഭയം തേടി

കുവൈത്ത് സിറ്റി: കുവൈത്ത് വിസയില്‍ കൊണ്ട് വന്ന് സ്‌പോണ്‍സര്‍ സൗദി മരുഭൂമയില്‍ ഒട്ടകം മേയ്ക്കുന്ന ജോലിക്ക് നിയോഗിച്ചതിനാല്‍ ദുരിതത്തിലായ നാല് കാസര്‍കോട്‌ സ്വദേശികളില്‍ ഒരാല്‍ കൂടി രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി.

കാസര്‍കോട് ബങ്കളം കക്കാട്ട് ഹൗസില്‍ എരിക്കുളം പുതിയകം ബാലന്റെ മകന്‍ പുതിയോടന്‍ വീട്ടില്‍ ഗിരീഷാണ് (33) ഹഫര്‍ അല്‍ ബാത്തിനടുത്ത മരുഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത്. പക്കം പച്ചിക്കാരന്‍ കുഞ്ഞിരാമന്റെ മകന്‍ സന്തോഷ് (38), നിലേശ്വരം എരിക്കുളം മുലൈപള്ളി പാലക്കില്‍ കുഞ്ഞമ്പുവിന്റെ മകന്‍ പുലിക്കോടന്‍ വീട്ടില്‍ സന്തോഷ് (33), ഉമേഷ് എന്നിവരാണ് ഹഫര്‍ മരുഭൂമിയില്‍ കുടുങ്ങിയ മറ്റുമലയാളികള്‍. 

ഇതില്‍ പച്ചിക്കാരന്‍ കുഞ്ഞിരാമന്റെ മകന്‍ സന്തോഷ്, ഉമേഷ് എന്നിവര്‍ നേരത്തേ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. കുഞ്ഞമ്പുവന്റെ മകന്‍ പി വി സന്തോഷ് ഇപ്പോഴും മരുഭൂമിയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം സ്‌പോണ്‍സര്‍ മരുഭൂമിയില്‍ നിന്ന് കുവൈത്തിലേക്ക് കൊണ്ടു വന്ന ഗിരീഷ് അവിടെ നിന്ന് രക്ഷപ്പെട്ട് കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.

2011 ജൂണിലാണ് പിച്ചിക്കാരന്‍ സന്തോഷ് ഡ്രൈവര്‍ വിസയില്‍ കുവൈത്തിലെത്തിയത്. അധികം വൈകാതെ സൗദിയിലേക്ക് കൊണ്ടുപോയി. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കുക്ക് വിസയില്‍ കുവൈത്തിലെത്തിയ മറ്റ് രണ്ടു പേരെയും പിന്നീട് സൗദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

മരുഭൂമിയിലെ ദുരിതത്തില്‍ നിന്ന് മോചനം തേടി ഇവര്‍ തങ്ങളുടെ വീട്ടുകാരുമായും സാമൂഹിക പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടതോടെയാണ് ഇവരുടെ കഥ പുറംലോകം അറിഞ്ഞത്. ഹഫര്‍ അല്‍ ബാത്തിനും റഫയക്കും ഇടയില്‍ മരുഭൂമിയിലാണ് ഇവര്‍ ജോലിക്ക് നിയോഗിക്കപ്പെട്ടത്. വളരെ ദുരിതപൂര്‍ണമായ സാഹചര്യത്തിലാണ് ദിവസം കഴിച്ചുകൂട്ടുന്നതെന്നും ശരിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവര്‍ വിവരിച്ചു. 

കുളിച്ചിട്ട് മാസങ്ങളായെന്നും ദിവസവും 50 കിലേമീറ്ററോളം മരുഭൂമിയില്‍ നടന്നു തളരുന്ന തങ്ങളുടെ വിഷമങ്ങള്‍ വിവരണാതീതമാണെന്നും മേല്‍നോട്ട ചുമതലയുള്ള ആന്ധ്ര സ്വദേശിയില്‍ നിന്ന് ശാരീരിക പീഡനമേല്‍ക്കുന്നതായും ഇവര്‍ പരാതിപ്പെട്ടിരുന്നു.

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധികളായ മുനീബ് പാഴൂര്‍ (റിയാദ്), നമീര്‍ ചെറുവാടി (ദമ്മാം) എന്നിവര്‍ വിഷയം റിയാദ് ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പെടുത്തി. ഇരുവരുടെയും പാസ്‌പോര്‍ട്ട്, വിസ വിവരങ്ങളും കുവൈത്ത് ഇന്ത്യന്‍ എംബസിയുമായി സ്‌പോണ്‍സര്‍ ഒപ്പുവച്ച തൊഴില്‍ കരാര്‍ പകര്‍പ്പും ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ രേഖകളും ദമ്മാമിലെ മാധ്യമപ്രവര്‍ത്തകന്‍ പി.എ.എം ഹാരിസിന്റെ സഹായത്തോടെ റിയാദ് ഇന്ത്യന്‍ എംബസി ഡി.സി.എം ജോര്‍ജിനും എംബസി വെല്‍ഫയര്‍ വിഭാഗത്തിനും കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഈ രേഖകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും കുവൈത്ത് ഇന്ത്യന്‍ എംബസിയുടെയും ശ്രദ്ധയില്‍പെടുത്തി റിയാദ് ഇന്ത്യന്‍ എംബസി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.

തൊഴില്‍ കരാര്‍ സാക്ഷ്യപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌പോണ്‍സര്‍ കുവൈത്ത് എംബസിക്ക് ഒപ്പിട്ട് നല്‍കിയ രേഖയില്‍ കുവൈത്തില്‍ നിലവിലുള്ള സാമൂഹിക-സുരക്ഷാ വ്യവസ്ഥകള്‍ നല്‍കുമെന്നും ജോലിസമയം എട്ടു മണിക്കൂറാണെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. എംബസി അംഗീകാരമുള്ള തൊഴില്‍ കരാര്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതി ഉണ്ടായിട്ടില്ല . തുടര്‍ന്നു ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി മുനീബ് പാഴൂര്‍ റിയാദ് ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ വിഭാഗത്തില്‍ പ്രശ്‌നം വീണ്ടും അവതരിപ്പിച്ചു. തുടര്‍ന്ന് വീണ്ടും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിയാദ് എംബസി സെക്കന്റ് സെക്രട്ടറി (ലേബര്‍) എന്‍ സി ചൗഹാന്‍ കുവൈത്ത് എംബസി ലേബര്‍ അറ്റാഷേക്ക് സന്ദേശമയച്ചതോടെയാണ് ഇത് സംബന്ധിച്ച് ചലനമുണ്ടായത്. 

ഇതിനു ശേഷമാണ് സ്‌പോണ്‍സര്‍ പി വി ഗിരീഷിനെ കുവൈത്തിലെത്തിക്കുകയും ഗിരീഷ് അവിടെ നിന്നും രക്ഷപ്പെട്ട് എംബസിയില്‍ അഭയം തേടുകയും ചെയ്തത്. കുവൈത്തിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധികളായ സൈഫുദ്ദീന്‍ നാലകത്ത്, ശിഹാബ് പാലപ്പെട്ടി, നാട്ടുകാരനായ സുരേന്ദ്രന്‍ എന്നിവരാണ് കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ കേസ് സംബന്ധിച്ച സഹായങ്ങള്‍ നല്‍കിയത്. കൂടെയുള്ളവര്‍ക്ക് രക്ഷപ്പെടാനായെങ്കിലും ഇപ്പോഴും മരുഭൂമിയില്‍ തുടരുന്ന പി വി സന്തോഷ് തനിക്കും രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയോടെ ദിനങ്ങള്‍ തള്ളിനീക്കുകയാണ്.
(കടപ്പാട്: ഈജാലകം.കോം)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.