Latest News

മലയാളിയുടെ വധശിക്ഷ അബൂദാബി സുപ്രീം കോടതി റദ്ദാക്കി

അബൂദാബി: അബൂദാബിയില്‍ മാനഭംഗ കേസില്‍ ആരോപണവിധേയനായ മലയാളിയുടെ വധശിക്ഷ അബൂദാബി സുപ്രീം കോടതി റദ്ദ് ചെയ്​തു. അപ്പീല്‍ കോടതിയിലേക്ക്‌ തീര്‍പ്പ് കല്‍പ്പിക്കാനായി സുപ്രീം കോടതി ഉത്തരവിടുകയും ചെയ്​തു. നിരപരാധിയെന്ന് വിശ്വസിക്കുന്ന മലയാളി പ്രതിയുടെ ബന്ധുക്കള്‍ കോടതിവിധിയില്‍ ഏറെ പ്രതീക്ഷയിലാണ്​.

അബൂദാബിയിലെ സ്​കൂളില്‍ ജീവനക്കാരനായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശിയാണ്​ ഏ‍ഴു വയസ്സുള്ള കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാരോപിക്കപ്പെട്ട് വധശിക്ഷക്ക്‌ വിധിക്കപ്പെട്ടത്​. എന്നാല്‍ ജീവനക്കാരന്‍റെ വധശിക്ഷ അബൂദാബി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. 

മുപ്പത്തിമൂന്ന് വര്‍ഷത്തിലധികമായി സര്‍വീസിലുള്ള ഇയാള്‍ കേവലം പൊലീസില്‍ കുറ്റസമ്മതം നടത്തിയെന്ന കാരണം പറഞ്ഞാണ്​ വധശിക്ഷക്ക്‌ വിധിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്​കൂളിലെ പ്രധാനാധ്യാപകനടക്കമുള്ള സ്റ്റാഫുകളുടെ മൊ‍ഴിയും ഡി.എന്‍.എ പരിശോധനയും ഇയാള്‍ക്കനുകൂലമാണെന്നും പ്രതിക്ക്‌ വേണ്ടി നിയമനടപടികള്‍ നടത്തിയ അഡ്വക്കറ്റ്​ ഹാഷിക്​ ടി.കെ പറയുന്നു.

സ്​കൂള്‍ മാനേജ്​മെന്‍റിനെതിരെ അഞ്ച് മില്യന്‍ ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കാണിച്ചാണ്​ കുട്ടിയുടെ രക്ഷിതാക്കള്‍ കേസ്​ നടത്തുന്നത്​. പ്രതിയെന്നാരോപിക്കപ്പടുന്നയാളുടെ ഭാര്യയും മൂന്ന് പെണ്‍കുട്ടികളും നാട്ടില്‍ നിസ്സഹായരായി നില്‍ക്കുകയാണ്​. അമ്പത്തിയഞ്ച് വയസ്സുള്ള പ്രതിയെന്നാരോപിക്കപ്പെടുന്നയാളുടെ നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ്​ ഇയാളുടെ സഹോദരന്‍.

സ്വദേശി അഭിഭാഷകന്‍ ജാസിം സുബൈദിയും അഭിഭാഷകനായ ഹാഷികും ഇവര്‍ക്ക്‌ നിയമപരമായ സഹായവുമായി കൂടെയുണ്ട്. അപ്പീല്‍ കോടതിയില്‍ അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ്​ എല്ലാവരും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.