Latest News

വിദ്യാര്‍ഥിനി പൊള്ളലേറ്റു മരിച്ച സംഭവം: അസ്വസ്ഥതയായി റോഡിലെ ചിത്രവും വരികളും

തൃപ്പൂണിത്തുറ: ക്യാംപസിനുള്ളില്‍ വിദ്യാര്‍ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനോട് അനുബന്ധിച്ച് റോഡില്‍ പെയിന്റുകൊണ്ട് വരച്ചിട്ട ചിത്രവും വാക്കുകളും പൊലീസിനെയും നാട്ടുകാരെയും ആശയക്കുഴപ്പത്തിലാക്കി.

റോഡില്‍ പെണ്‍കുട്ടിയുടെ ചിത്രത്തിനൊപ്പം ഓര്‍മകള്‍ മരിക്കുന്നില്ലെന്ന വരികളാണ് വരച്ചിട്ടത്. മരണം അറിഞ്ഞ് പെട്ടെന്നുള്ള വികാരത്തില്‍ ആരെങ്കിലും ചെയ്തതാവാം എന്നാണ് കരുതുന്നതെങ്കിലും മരണവിവരം അറിയുംമുമ്പേ ഈ ചിത്രവും വാചകങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്ന സമീപകടക്കാരന്റെ മൊഴി പൊലീസിനെ കുഴക്കുന്നു.

തൃപ്പൂണിത്തുറ എന്‍എസ്എസ് വനിത കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനി, മരട് ബിടിഎസ് റോഡ് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ജി. വിദ്യ(20)യെയാണ് ക്യാംപസിലെ ടോയ്‌ലറ്റില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാരും വിദ്യാര്‍ഥികളും കോളജ് പരിസരത്തേക്ക് ഓടിയെത്തി. ആളെ തിരിച്ചറിഞ്ഞില്ലെന്ന് അറിഞ്ഞതോടെ രക്ഷിതാക്കളും കൂട്ടമായി വന്നു. സംഭവം അറിഞ്ഞപാടെ കൂടുതല്‍ കുട്ടികളെ വിവരം അറിയിക്കാതെ കോളജിന് അവധി നല്‍കി. ക്യാംപസ് അടച്ചു. കുട്ടികളില്‍ പലരും വീടുകളിലെത്തിയ ശേഷമാണു വിദ്യര്‍ത്ഥിനിയുടെ ദാരുണ അന്ത്യം അറിഞ്ഞത്.

പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന നിരാശയില്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണു പൊലീസിന്റെ അന്വേഷണത്തില്‍ ബലപ്പെടുന്നത്. ചൊവ്വാഴ്ച രാവിലെ 8.30നു ശേഷം ടോയ്‌ലറ്റിന്റെ വാതില്‍ കത്തുന്നതു കണ്ടു കോളജ് അധികൃതര്‍ പരിശോധിച്ചപ്പോഴാണു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. ഉടനേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയെന്നാണു പൊലീസിന്റെ നിഗമനം. മറ്റേതെങ്കിലും തരത്തില്‍ ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടില്ല. സമീപത്തുനിന്നു പാതി കത്തിയ ചെറിയ കുപ്പിയും ബാഗും ചോറുപാത്രവും കണ്ടെത്തി. ബാഗില്‍ കത്താതെ അവശേഷിച്ച ബുക്കില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

പൊലീസിനു ലഭിച്ച വിവരങ്ങള്‍ ഇതാണ്: ആറുമാസം പ്രായമുള്ളപ്പോള്‍ വിദ്യയെ മുത്തശ്ശിയെ ഏല്‍പ്പിച്ചു പിതാവ് ഗോപാലകൃഷ്ണനും മാതാവ് ജയന്തിയും മധുരയ്ക്കു പോയതാണ്. അന്നു മുതല്‍ ഇടക്കൊച്ചിയിലെ വീട്ടിലായിരുന്നു വളര്‍ന്നത്. മുത്തശ്ശിയുടെ മരണത്തെ തുടര്‍ന്ന് മൂന്നു വര്‍ഷമായി മരട് ലക്ഷംവീട് കോളനിയില്‍ അമ്മയുടെ അനുജത്തി കാഞ്ചനയോടൊപ്പമാണു താമസം.

സമീപവാസിയായ അന്യസമുദായത്തില്‍പ്പെട്ട യുവാവുമായി ഉണ്ടായ പ്രണയവും വിവാഹിതരാകാനുള്ള തീരുമാനവും വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് വിദ്യയെ വഴക്കുപറയുകയും സ്വന്തം സമുദായത്തില്‍ നിന്നുള്ള മറ്റൊരാളുമായി വിവാഹാലോചന നടത്തുകയും ചെയ്തു. പ്രണയിക്കുന്ന യുവാവിനെ മാത്രമേ വിവാഹം കഴിക്കൂവെന്നു വിദ്യ വ്യക്തമാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞു രഹസ്യമായി വിവാഹം നടക്കുന്നതുവരെ കാര്യങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ വിദ്യാര്‍ഥിനിയും കാമുകനും തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ചു കൈമാറിയ മെസേജുകള്‍ ഫോണില്‍ നിന്നു കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെ കാഞ്ചനയുടെ മകന്‍ പ്രണാഭാണു വിദ്യയെ സൈക്കിളില്‍ കോളജ് കവാടംവരെ കൊണ്ടുവിട്ടത്. അധ്യാപികമാരടക്കം കുറച്ചുപേര്‍ എത്തിയപ്പോഴാണു ഗേറ്റ് തുറന്നതെന്നും വിദ്യ ക്യാംപസിലേക്കു പോയതെന്നുമാണു പ്രണാഭിന്റെ മൊഴി. അധികം വൈകാതെ തന്നെ മരണം സംഭവിച്ചു.

വിദ്യക്ക് ആത്മഹത്യ ചെയ്യാന്‍ തക്ക ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉള്ളതായി അധ്യാപകര്‍ക്കോ സഹപാഠികള്‍ക്കോ അറിയില്ലായിരുന്നു. രക്ഷിതാക്കളുടെ കാവലും ഇഷ്ടമില്ലാത്ത വിവാഹാലോചനയും ആഴ്ചകളായി മനസ്സിനെ അലട്ടിയിട്ടും ഇതൊന്നും പുറത്ത് പ്രകടിപ്പിച്ചിട്ടില്ലെന്ന് വിദ്യയുടെ അധ്യാപികമാര്‍ ഓര്‍മിച്ചു.

സംഭവമറിഞ്ഞ് നഗരസഭ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് സി.എന്‍. സുന്ദരന്‍, മരട് നഗരസഭ ചെയര്‍മാന്‍ ടി.കെ. ദേവരാജന്‍, വൈസ് ചെയര്‍മാന്‍ അജിത നന്ദകുമാര്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എം. ഗോവിന്ദന്‍കുട്ടി തുടങ്ങിയവരും കോളജിലെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.