Latest News

വീടിന്റെ വാതിൽ തീയിട്ട് കവർച്ച: അന്തർസംസ്ഥാന മോഷണ സംഘം പിടിയിൽ

ആറ്റിങ്ങൽ: വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച ശേഷം മോഷണം നടത്തുന്ന നാലംഗ സംഘത്തെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. പാങ്ങോട് നാലുസെന്റ് കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന പള്ളിക്കൽ കുന്നത്തുകോണം ഷബ്ന മൻസിലിൽ നൗഷാദ് (42), ചിറയിൻകീഴ് മുടപുരം, തുണ്ടുവിള വീട്ടിൽ അനിൽദാസ് എന്നും അടി അപ്പൂപ്പൻ എന്നും വിളിക്കുന്ന അനിൽകുമാർ (39), വർക്കല കനാൽ പുറമ്പോക്കിൽ മണികണ്ഠൻ (40), നാഗർകോവിൽ അമ്മൻകോവിൽ തെക്കേ തെരുവിൽ റാബിൻകുമാർ (24) എന്നിവരാണ് പിടിയിലായത്.

ഇവർ പിടിയിലായതോടെ സംസ്ഥാനത്തെ 150 കവർച്ചക്കേസുകൾക്ക് തുമ്പുണ്ടായതായി ആറ്റിങ്ങൽ ഡിവൈ.എസ്.പി ആർ. പ്രതാപൻ നായർ പറഞ്ഞു. തമിഴ്നാട്, ഗോവ, കർണാടക എന്നിവിടങ്ങളിലും ഇവർ നിരവധി കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു.

കർണാടകത്തിലെ മുഹമ്മദ് ഷെരീഫിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും കവർന്ന കേസുമായി ബന്ധപ്പെട്ട് റൂറൽ എസ്.പി രാജ്പാൽ മീണയ്ക്ക് ലഭിച്ച സന്ദേശത്തെ തുടർന്നാണ് ഇവർ വലയിലായത്. മുഹമ്മദ് ഷെരീഫിന്റെ വീട്ടിൽ നിന്നു മോഷ്ടിച്ച സ്വർണം വിറ്റ പണവുമായി വരും വഴിയാണ് പൊലീസ് ഇവരെ പിടികൂടിയത്.

കേരളത്തിൽ മാത്രം ഇവർ ഇതുവരെ 30 ലക്ഷം രൂപയും 100 പവനും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഒരു കവർച്ച കഴിഞ്ഞാൽ വിമാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഇവരുടെ യാത്ര. പിടിയിലാകുമ്പോൾ ഇവരുടെ കൈയിൽ 15 വിമാന ടിക്കറ്റുകൾ ഉണ്ടായിരുന്നു. ഗൾഫിലാണെന്നാണ് നാട്ടിൽ പറഞ്ഞു പരത്തിയിരുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ തവണ നാട്ടിൽ വരുന്നത് ധാരാളം പണവുമായിട്ടായിരുന്നു. അതുകൊണ്ട് നാട്ടുകാരും സംശയിച്ചിരുന്നില്ല. സംഘാംഗങ്ങൾ അവരുടെ നാട്ടിൽ ആഡംബര വീട് വച്ചുകൊണ്ടിരിക്കുകയാണ്.

ഇവരുടെ മോഷണരീതിയെക്കുറിച്ച് പൊലീസ് പറയുന്നത്: മുൻവാതിലും പിൻവാതിലും കത്തിച്ചാണ് ഇവർ വീട്ടിനുള്ളിൽ കടക്കുന്നത്. സ്ക്രൂ ഡ്രൈവറുകളും തുണിയും എണ്ണയുമാണ് ഇതിന് ഉപയോഗിക്കുന്നത്. സ്ക്രൂഡ്രൈവറിന്റെ മുനയിൽ എണ്ണ പുരട്ടിയ തുണി ചുറ്റി കത്തിച്ചശേഷം വാതിലിന്റെ കുറ്റികളുടെ ഭാഗത്തെ വിടവിൽ തിരുകും. നിശ്ചിത സമയം കഴിഞ്ഞ് എത്തുമ്പോഴേക്കും ഈ ഭാഗം കത്തി കതക് തുറക്കാൻ പാകത്തിനായിരിക്കും. അകത്തു കടന്നാൽ ആദ്യം വീട്ടിലെ എല്ലാ സാധനങ്ങളും മോഷ്ടിക്കും. തുടർന്ന് വീട്ടുകാരുടെ ആഭരണങ്ങളും തന്ത്രപൂർവം കവരും. ആരെങ്കിലും ഉണർന്നാൽ അവരെ ഭീഷണിപ്പെടുത്തി ആഭരണം തട്ടിയെടുക്കുകയാണ് പതിവ്.
റൂറൽ എസ്.പി രാജ്പാൽ മീണയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ആർ. പ്രതാപൻ നായർ, സി.ഐ എം. അനിൽകുമാർ, എസ്.ഐ കെ.ആർ. ബിജു, ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡിലെ ദറാജുദ്ദീൻ, രാജു, സക്കീർഹുസൈൻ, ആർ. ജയൻ, ദിലീപ്, ഫിറോസ്ഖാൻ, ബിജു, ഉണ്ണിക്കൃഷ്ണൻ, റിയാസ്, ശ്രീജിത്, ജ്യോതിഷ്, മുരളി, ദിജീഷ്, സന്തോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.