Latest News

മോദി നല്ലതുചെയ്താല്‍ നല്ലതെന്ന് പറയണമെന്ന് നിയുക്ത എംപി ഇന്നസെന്റ്‌

തൃശൂര്‍: നരേന്ദ്രമോദി നല്ലതുചെയ്താല്‍ നല്ലതെന്ന് പറയണമെന്ന് നിയുക്ത എംപി ഇന്നസെന്റ്‌. പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണപക്ഷം നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അനുമോദിക്കുകയും അഭിനന്ദിക്കുകയും വേണമെന്നും മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്നും എന്നാല്‍ മാത്രമേ നമ്മുടെ സംസ്ഥാനത്തേക്ക് കേന്ദ്രത്തിന്റെ സഹായങ്ങള്‍ ലഭ്യമാകൂവെന്നും ഇന്നസെന്റ് തൃശൂര്‍ പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ വാശിയും മത്സരവും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മനസ്സില്‍നിന്ന് കളയണം. പലരും അത് കാലങ്ങളോളം മനസില്‍ കൊണ്ടുനടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ അതുതെറ്റാണെന്ന് പാര്‍ട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ആദ്യം ശ്രമിക്കുമെന്നും എന്നാല്‍ പാര്‍ട്ടി അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ വഴങ്ങുമെന്നും ഇന്നസെന്റ് പറഞ്ഞു. എന്നെ ജയിപ്പിച്ചവരായതുകൊണ്ട് അങ്ങിനെചെയ്യാനേ പറ്റൂവെന്നും ഇന്നസെന്റ് സൂചിപ്പിച്ചു.

പാര്‍ട്ടിയുടെ ആളായി മത്സരിച്ചതുകൊണ്ടാണ് ജയിച്ചതെന്നും അല്ലാതെ ഇന്നസെന്റ് എന്ന നിലയില്‍ മത്സരിച്ചിരുന്നെങ്കില്‍ ഏതാനും വോട്ടുകളേ കിട്ടുമായിരുന്നുള്ളുവെന്നും അദ്ദേഹം സമ്മതിച്ചു. ഉദ്ഘാടനത്തിനോ കല്യാണങ്ങള്‍ക്കോ ചോറൂണിനോ പന്തുകളി ഉദ്ഘാടനത്തിനോ പോകലല്ല എംപിയുടേയും എംഎല്‍എമാരുടേയും പ്രധാന പണിയെന്നും ഇന്നസെന്റ് അഭിപ്രായപ്പെട്ടു. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും വിദേശ സാങ്കേതിക വിദ്യകള്‍ മാലിന്യസംസ്‌ക്കരണത്തിന് ഉപയോഗപ്പെടുത്തണമെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും ഏഴ് മണ്ഡലങ്ങളിലേയും എംഎല്‍എമാരുമായി വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും നിയുക്ത എംപി വ്യക്തമാക്കി.

അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആരെങ്കിലും സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ സ്ഥാനമൊഴിയുമെന്നും ഇന്നസെന്റ് പറഞ്ഞു. വര്‍ഷത്തില്‍ മൂന്നോ നാലോ സിനിമയില്‍ അഭിനയിച്ച് പണമുണ്ടാക്കണമെന്നും അല്ലാത്തപക്ഷം കേന്ദ്രത്തില്‍നിന്ന് കിട്ടുന്ന ഫണ്ട് നാട്ടിലേക്കെത്തില്ലെന്നും ഇന്നസെന്റ് തമാശയായി പറഞ്ഞു. ജയിക്കുമെന്ന് പ്രചരണവേളയില്‍ ബോധ്യപ്പെട്ടതായും എന്നാലും വോട്ടെണ്ണല്‍ സമയത്ത് ടെന്‍ഷന്‍ തോന്നിയെന്നും അദ്ദേഹം സമ്മതിച്ചു.

ഹിന്ദിയും ഉറുദുവും കന്നഡയും അറിയാമെന്നും ഭാഷ അറിയില്ലെന്ന വാദം ശരിയല്ലെന്നും ഭാഷയല്ല ബുദ്ധിയാണ് പ്രധാനമെന്നും ഇന്നസെന്റ് പ്രതികരിച്ചു. പന്ത്രണ്ട് ഭാഷയറിയുന്ന ഒരു വിഡ്ഢിയേക്കാള്‍ ഒരു ഭാഷയറിയുന്ന ബുദ്ധിമാനാണ് നല്ലത. വിഡ്ഢി പന്ത്രണ്ട് ഭാഷയില്‍ വിളമ്പുന്ന വിഡ്ഢിത്തം പന്ത്രണ്ട് നാട്ടുകാര്‍ക്കും മനസ്സിലാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കാനുള്ള നടപടികള്‍, മലയാള സിനിമയുടെ പുരോഗതിക്ക് സഹായകമാകുന്ന നടപടികള്‍ എന്നിവയ്ക്കായി ശ്രമം നടത്തുമെന്നും ഇന്നസെന്റ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പി.സി.ചാക്കോ കളിയാക്കിയപ്പോള്‍ ആദ്യം വിഷമം തോന്നിയെങ്കിലും അദ്ദേഹം തോറ്റതു കാരണം ഇപ്പോള്‍ താന്‍ അദ്ദേഹത്തോടൊപ്പമാണെന്നും കിലുക്കത്തിലെ കിട്ടുണ്ണിയെ കണ്ട് ചാക്കോയും ചിരിച്ചിട്ടുണ്ടാകുമെന്നും ഇന്നസെന്റ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, MP, Innocent, Chalakudi, Modi.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.