Latest News

ഗര്‍ഭിണിയായ യുവതി കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍

തെന്മല: മൂന്നുമാസം ഗര്‍ഭിണിയായ യുവതി കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍. ഭര്‍ത്താവ് പിടിയില്‍ ഇടമണ്‍ ചരുവുകാലായില്‍ വീട്ടില്‍ മാജിദ (23)ആണ് തിങ്കളാഴ്ച ദാരുണമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം കോട്ടയത്തേക്കു മുങ്ങിയ ഭര്‍ത്താവ് തിരുവനന്തപുരം തുമ്പോട് സ്വദേശി ജാഫര്‍ഖാനെ (28) കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് തെന്മല പോലീസിന് കൈമാറി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ജാഫര്‍ഖാന്‍ കുന്നിക്കോട്ട് വാടകയ്ക്ക് താമസിച്ചുവരവെയാണ് മാജിദയെ വിവാഹം കഴിച്ചത്. എട്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുടുംബവീട്ടിലെ താമസത്തിനിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിനെതുടര്‍ന്ന് മാജിദയുടെ ബന്ധുക്കള്‍ ഇടപെട്ട് അവരുടെ വീടിന് സമീപം ഒരു വീട് വച്ചുനല്‍കി.

ദമ്പതികള്‍ ഈ വീട്ടില്‍ താമസമായിട്ട് ഒരാഴ്ചയായതേയുള്ളു. ഇവിടെ താമസമായതിനുശേഷം മാജിദ ടിവി കാണാനായി വൈകുന്നേരങ്ങളില്‍ വീടിന് സമീപത്തെ ബന്ധുവീട്ടില്‍ പോകുമായിരുന്നു. പതിവുപോലെ തിങ്കളാഴ്ച വൈകുന്നേരം മാജിദയെ കാണാത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ തിരക്കി മാജിദയുടെ വീട്ടിലെത്തിയപ്പോഴാണ് ബഡ്ഷീറ്റ് പുതപ്പിച്ച നിലയില്‍ മാജിദയുടെ മൃതദേഹം കാണപ്പെട്ടത്. ബന്ധുക്കളുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയും വിവരം തെന്മല പോലീസിലറിയിക്കുകയുമായിരുന്നു. ഇതിനിടയില്‍ ജാഫര്‍ഖാനെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ കോട്ടത്തേക്കുള്ള ബസില്‍ കയറിപോയതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതിനെതുടര്‍ന്ന് പോലീസ് കോട്ടയത്ത് അന്വേഷിച്ചു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോട്ടയം വെസ്റ്റ് പോലീസ് രാത്രി 12-ഓടെ ജാഫര്‍ഖാനെ പിടികൂടി തെന്മല പോലീസിന് കൈമാറി. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യയുടെ ചാരിത്രശുദ്ധിയിലുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പറഞ്ഞു. വിദേശത്ത് ജോലിയിലായിരുന്ന ജാഫര്‍ഖാന്‍ അത് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടിലെത്തുകയായിരുന്നു. ഇതിനിടയിലാണ് കുന്നിക്കോട്ട് വീട്ടുകാര്‍ താമസം മാറ്റിയത്. മാജിദയുടെ മൃതദേഹം പോലീസ് പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Wife, Pregnant, Murder, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.