Latest News

ഈ കുട്ടീബിയുടെ ഒരു ഫുട്ബാള്‍ പിരാന്ത്

കോഴിക്കോട്: കോടിക്കണക്കിന് ഫുട്ബാള്‍ ആരാധകരുടെ മനസ്സില്‍ ഉദ്വേഗവും ആവേശവും നിറച്ച് ബ്രസീലിലെ സാവോപോളോയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ലോകകപ്പിന് വിസിലുയരുമ്പോള്‍ കാതങ്ങള്‍ക്കിപ്പുറത്ത് കോഴിക്കോടിന്‍െറ മണ്ണില്‍ ഒരു 71 കാരിയും കാത്തിരിക്കുന്നുണ്ട്, ആരവങ്ങള്‍ക്ക് സാക്ഷിയാവാന്‍. 

ഇത് കോഴിക്കോട് പുതിയപാലം എം.ഐ.എല്‍.പി സ്കൂളിന് സമീപം മീത്തല്‍ പീടിയേക്കല്‍ കുട്ടീബി. ടെലിവിഷന്‍ വ്യാപകമായത് മുതല്‍ എല്ലാ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങളും ഉറക്കമിളച്ച് കണ്ട വീട്ടുകാരി. 1986ല്‍ ഇവരുടെ വീട്ടിലാണ് പ്രദേശത്ത് ആദ്യം ടി.വി. എത്തിയത്. പതിമൂന്നാം ലോകകപ്പ് മെക്സിക്കോയില്‍ നടക്കുമ്പോള്‍ ചെന്നൈയില്‍ എസ്.ബി.ഐ താരമായ മകന്‍ ഹൈദ്രോസാണ് തന്‍െറ ആവശ്യപ്രകാരം ബ്ളാക് ആന്‍ഡ് വൈറ്റ് ടി.വി വീട്ടില്‍ എത്തിച്ചത്. 

 അയല്‍വീടുകളില്‍നിന്നൊക്കെ ഫുട്ബാള്‍ കമ്പക്കാര്‍ വീട്ടില്‍ നിറഞ്ഞിരുന്നു. മഴക്കാലത്ത് തോണിയേറിയും വെള്ളം നീന്തിക്കടന്നുമൊക്കെയായിരുന്നു പലരും കളി കാണാന്‍ എത്തിയത്. മക്കളായ ഹൈദ്രോസ്, ലൈലാബി, കുഞ്ഞിക്കോയ, അബ്ദുറഹ്മാന്‍ എന്നിവര്‍ക്കൊപ്പമിരുന്നായിരുന്നു കളി കണ്ടത്. 

എല്ലാവര്‍ക്കും ചായനല്‍കി കളിക്കമ്പത്തിന് വീര്യം നല്‍കി. അന്ന് അര്‍ജന്‍റീന രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വെസ്റ്റ് ജര്‍മനിയെ പരാജയപ്പെടുത്തി ഡീഗോ മറഡോണ ലോകകപ്പ് വാനിലുയര്‍ത്തുമ്പോള്‍ ഉയര്‍ന്ന ആരവങ്ങളില്‍ അന്ന് കുട്ടീബിയുടെ സ്വരവും ഉണ്ടായിരുന്നു. അന്നു മുതല്‍ അര്‍ജന്‍റീനയാണ് ഇഷ്ട ടീം. മറഡോണ ഇഷ്ടതാരവും. 

 ടി.വി. വരുന്നതിന് മുമ്പ് റേഡിയോയില്‍ വരുന്ന ഫുട്ബാള്‍ കമന്‍ററികളുടെ ആരാധികയായിരുന്നു. നാഗ്ജി, ചക്കോളാസ്, സന്തോഷ്ട്രോഫി, റൊവേഴ്സ് കപ്പ് തുടങ്ങിയ മത്സരങ്ങളെല്ലാം റേഡിയോയില്‍ കേട്ടു. ‘ഈ കുട്ടീബിയുടെ ഒരു ഫുട്ബാള്‍ പിരാന്ത്’ എന്നാണ് അന്ന് ആളുകള്‍ പറഞ്ഞിരുന്നത്. 

ഹല്‍വബസാര്‍ കുഞ്ഞിക്കോയയുടെ ഒമ്പത് മക്കളില്‍ അഞ്ചാമതാണ് കുട്ടീബി. ചെറുപ്പം മുതലേ കളിക്കമ്പക്കാരിയായിരുന്നു. തന്നെപ്പോലെ സഹോദരി പാത്തൈയും സഹോദരന്‍ അബ്ദുറഹ്മാനും ഫുട്ബാള്‍ കമ്പക്കാരാണ്. 

സ്കൂളില്‍ പഠിക്കുമ്പോള്‍ മാനാഞ്ചിറ മൈതാനത്ത് വലിയ ടൂര്‍ണമെന്‍റുകള്‍ നടക്കുമ്പോള്‍ അകത്തുകയറാന്‍ മടിച്ച് ഗാലറിയുടെ പുറത്തുനിന്ന് ഓലമറവിലൂടെ നോക്കി കളി കണ്ടിട്ടുണ്ട്. സ്ത്രീകള്‍ അധികമൊന്നും പുറത്തിറങ്ങാത്ത കാലമായിരുന്നു അത്. വിവാഹം കഴിയുംവരെ സിനിമകളും നാടകങ്ങളുമൊക്കെ കാണാന്‍ പോകുമായിരുന്നു. കളിക്കമ്പക്കാരനായ മമ്മദ്കോയയാണ് ഭര്‍ത്താവായി എത്തിയത്. ഇതോടെ ഫുട്ബാളിന്‍െറ സ്വന്തം ആരാധികയായി. 

കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്‍റീന പുറത്തായതാണ് തന്‍െറ ഏറ്റവും വലിയ ദു:ഖം. ഫുട്ബാള്‍ കഴിഞ്ഞാല്‍ രാഷ്ട്രീയമാണ് ഏറെ താല്‍പര്യമുള്ള വിഷയം. അഞ്ചാംതരം വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും പത്രങ്ങളെല്ലാം അരിച്ചുപെറുക്കി വായിക്കും. തന്‍െറ ആഗ്രഹംപോലെ മകന്‍ ഹൈദ്രോസ് ദേശീയ ഫുട്ബാള്‍ താരമായി. മറ്റൊരു മകന്‍ അബ്ദുറഹ്മാനും ഫുട്ബാള്‍ താരമാണ്. മകള്‍ ഡോ. ലൈലയുടെ ഭര്‍ത്താവ് ഷക്കീര്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിന്‍െറയും മറ്റും കളിക്കാരനാണ്. 

എങ്കിലും എല്ലാ ലോകകപ്പ് വരുമ്പോഴും ഒരു ദു:ഖം തന്നെ വന്ന് മൂടുമെന്ന് കുട്ടീബി പറയുന്നു. ഇളയ മകന്‍ അബ്ദുല്‍ മനാഫിന്‍െറ അപകടമരണമാണത്. 1994ല്‍ 19ാം വയസ്സിലാണ് അവന്‍ മരിച്ചത്. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവന്‍ നല്ളൊരു ഫുട്ബാള്‍ താരമായേനെ. ഫുട്ബാളിന്‍െറ ആരവങ്ങളില്‍ ആ ദു$ഖം അലിഞ്ഞുപോകുമെന്ന ആശയില്‍ കുട്ടീബി കാത്തിരിക്കുകയാണ് വ്യാഴാഴ്ച പുലര്‍ച്ചെ 1.30 വരെ.
(കടപ്പാട്: മാധ്യമം)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.