Latest News

ആഫ്രിക്കന്‍ കരുത്തിന് മേല്‍ മെക്‌സിക്കന്‍ ജയം

നാറ്റല്‍ : റഫറിയും മഴയും വില്ലനായി മുന്നില്‍ നിന്നിട്ടും മെക്‌സിക്കോയ്ക്ക് ലോകകപ്പില്‍ ചരിത്രവിജയം. റഫറി രണ്ട് ഗോള്‍ അനുവദിക്കാതിരുന്നിട്ടും ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ കാമറൂണിനെ കീഴടക്കിയത്. ലോകകപ്പില്‍ ഇതാദ്യമായാണ് മെക്‌സിക്കോ ഒരു ആഫ്രിക്കന്‍ ടീമിനെ കീഴടക്കുന്നത്.

ഡോസ് സാന്റോസ് രണ്ടു തവണ വല ചലിപ്പിച്ചിട്ടും റഫറി കണ്ണടച്ച മത്സരത്തിന്റെ 61-ാം മിനിറ്റിലായിരുന്നു ആദ്യ ലോകകപ്പ് കളിക്കുന്ന ഒറിബെ പെരാള്‍ട്ടയുടെ വിജയഗോള്‍. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും പെരാള്‍ട്ട ഗോള്‍ നേടിയിരുന്നു.

മിഡ്ഫീല്‍ഡിലെ അത്യധ്വാനിയായ ഹെരേര തള്ളിക്കൊടുത്ത പന്ത് സാന്റോസ് ഗോളിയുടെ ഇടതു വശത്തേയ്ക്ക് ചെത്തിയിട്ടെങ്കിലും അത് തട്ടിത്തിരിച്ചുവന്നു. ഓടിയിറങ്ങിയ പെരാള്‍ട്ട അവസരം പാഴാക്കിയില്ല. റീബൗണ്ട് നേരെ വലയില്‍.

വേഗത കൊണ്ട് കാമറൂണിന്റെ കരുത്തിനെ മറികടന്ന മെക്‌സിക്കോയ്ക്കുവേണ്ടി ഒന്നാം പകുതിയിലാണ് ഡോസ് സാന്റോസ് രണ്ടു തവണ വല ചലിപ്പിച്ചത്. 31-ാം മിനിറ്റില്‍ മിഗ്വല്‍ ലയുന്‍ തൊടുത്ത ഒരു വളഞ്ഞുപുളഞ്ഞ കോര്‍ണറാണ് തക്കംപാര്‍ത്തു നിന്ന പെരാള്‍ട്ട ചെത്തി വലയിലിട്ടത്. എന്നാല്‍, ലൈന്‍സ്മാന്‍ ഓഫ് സൈഡ് വിധിച്ചു. എന്നാല്‍, മിഗ്വല്‍ കിക്കെടുക്കുമ്പോള്‍ കാമറൂണിന്റെ എനൊ ഗോള്‍ലൈനില്‍ ഉണ്ടായിരുന്നു. എന്നാലിത് റഫറിയുടെ കണ്ണില്‍പ്പെട്ടില്ല. ഈ ഗോള്‍ അനുവദിക്കാതിരുന്നത് ഹൃദയഭേദകമായിരുന്നു മെക്‌സിക്കോയ്ക്ക്. ഹെരേരയുടെ ഒരു പാസില്‍ നിന്ന് ഒരിക്കല്‍ക്കൂടി സാന്റോസ് വല ചലിപ്പിച്ചെങ്കിലും അതും റഫറി അനുവദിച്ചില്ല. മെക്‌സിക്കോ രണ്ടു ഗോളിന്റെ ലീഡ് കരസ്ഥമാക്കേണ്ടിയിരുന്ന ഒന്നാം പകുതി അങ്ങനെയാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്.
ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും മെക്‌സിക്കോയ്ക്ക് തന്നെയായിരുന്ന തന്നെയായിരുന്നു കളിയിലുടനീളം ആധിപത്യം. കോരിച്ചൊരിയുന്ന മഴയില്‍ പന്ത് കൈമാറ്റം വിഷമകരമായിരുന്നെങ്കിലും വേഗതയാര്‍ന്ന നീക്കങ്ങളിലൂടെ അവര്‍ കാമറൂണ്‍ പ്രതിരോധത്തെ നിരന്തരം സമ്മര്‍ദത്തിലാക്കിക്കൊണ്ടിരുന്നു. ഇടയ്‌ക്കൊന്ന് മന്ദതാളത്തിലേയ്ക്ക് മാറി അവരുടെ കരുത്തുറ്റ പ്രതിരോധത്തെ പിളര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. ഇങ്ങനെ ഉണ്ടാക്കിയെടുത്ത ഗ്യാപ്പുകളിലൂടെയാണ് സാന്റോസ് രണ്ടു തവണ നിറയൊഴിച്ചത്.
സാന്റോസും അഗ്വിലറും ഹെരേരയുമായിരുന്നു ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഇരു പാര്‍ശ്വങ്ങളിലൂടെയും പറന്നിറങ്ങിക്കൊണ്ടിരുന്ന ഇവരെ പ്രതിരോധിക്കാന്‍ കാമറൂണിന്റെ കരുത്തുറ്റ ഡിഫന്‍സിന് ഏറെ പണിപ്പെടേണ്ടിവന്നു. ഈ ഒഴുക്കിനെതിരെ നല്ല പ്രത്യാക്രമണങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ കാമറൂണിന് തുടക്കത്തില്‍ കഴിഞ്ഞില്ല. എറ്റു ഇരുപതാം മിനിറ്റില്‍ മികച്ചൊരു ഷോട്ട് തൊടുത്തെങ്കിലും പോസ്റ്റ് മുന്നില്‍ തടസം നിന്നു. പിന്നീട് തൊണ്ണൂറാം മിനിറ്റ് വരെ കാത്തുനില്‍ക്കേണ്ടിവന്നു ഇതുപോലൊരു അവസരം കാമറൂണിന് വീണുകിട്ടാന്‍. ഇടതു പാര്‍ശ്വത്തില്‍ നിന്ന് ബെനൊയ്ങ് അസൗ മനോഹരമായ ഒരു ക്രോസ് തൊടുത്തെങ്കിലും കണക്റ്റ് ചെയ്യാന്‍ ആളില്ലാതെപോയി.


Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.