Latest News

സിദ്ധന്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

കണ്ണൂര്‍: സിദ്ധന്‍ ചമഞ്ഞ് കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്ന് ഒട്ടേറെ പേരെ കബളിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. ഇയാളുടെ സഹായിയായ മകള്‍ ഒളിവിലായി. കോളയാട് ആലച്ചേരിയിലെ പള്ളിപ്രവന്‍ രവീന്ദ്രനാണ് (58) അറസ്റ്റിലായത്. മകള്‍ ഉദയസ്മിതയെ (30) പൊലീസ് തിരയുന്നു.

അച്ഛനും മകളും ചേര്‍ന്നു വിവിധ ആളുകളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതിയുണ്ട്. ഏറ്റവുമൊടുവില്‍ കതിരൂര്‍ ആറാംമൈലിലെ വീട്ടമ്മയില്‍ നിന്നു നക്ഷത്ര പരിഹാര ക്രിയകളും പൂജകളും നടത്താമെന്നു പറഞ്ഞു രണ്ടു ലക്ഷം രൂപയും 24 പവന്‍ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുമ്പോഴാണ്  തിങ്കളാഴ്ച കൂത്തുപറമ്പ് നഗരപരിധിയില്‍ വ്യാജസിദ്ധന്‍ പിടിയിലായത്.

ആശുപത്രിയില്‍ നിന്നു പരിചയപ്പെട്ട വീട്ടമ്മയോടു രവീന്ദ്രന്റെ ഭാര്യയാണു സിദ്ധന്റെ അതിശയ ഗുണങ്ങളെപ്പറ്റി പറഞ്ഞത്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹാരമുണ്ടാക്കിത്തരാമെന്നു പറഞ്ഞു സിദ്ധന്റെ ഫോണ്‍ നമ്പറും നല്‍കി. വിദേശത്തുള്ള ഭര്‍ത്താവിന്റെ ജോലിയുടെ പുരോഗതിക്കു വേണ്ടി വീട്ടമ്മയ്ക്കു നക്ഷത്ര ദോഷ പരിഹാര പൂജകളും മറ്റും ചെയ്യാനുണ്ടെന്നു വിശ്വസിപ്പിച്ചു ഘട്ടം ഘട്ടമായി പണവും മറ്റും കൈക്കലാക്കുകയായിരുന്നു. രവീന്ദ്രന്റെ മകളാണു പലപ്പോഴും രൂപ വീട്ടമ്മയില്‍ നിന്നു കൊണ്ടുപോയത്.

ഇതിനിടെ പല സ്ഥലങ്ങളില്‍ മുങ്ങിയ രവീന്ദ്രന്‍ ഒടുവില്‍ വയനാട്ടില്‍ പൊങ്ങുകയായിരുന്നു. തവിഞ്ഞാലില്‍ ഉണ്ടെന്നറിഞ്ഞു പൊലീസ് നീങ്ങിയപ്പോള്‍ രവീന്ദ്രന്‍ നാട്ടിലേക്കു മടങ്ങിവന്നു. ഇതിനിടെയാണ് എസ്‌ഐ കുട്ടിക്കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ സതീശന്‍, ഷാജഹാന്‍, മനോഹരന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.