Latest News

പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: നാലു യുവാക്കള്‍ പിടിയില്‍

അമ്പലപ്പുഴ: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ നിന്നു ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയ യുവാക്കളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. കാക്കാഴം തോപ്പില്‍ ഷഹാനാസ് (19), ആലപ്പുഴ സക്കറിയ ബസാര്‍ മേക്കുവല്ലൂര്‍ ഷിഫാസ് (20), സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡ് ഐഷ മന്‍സിലില്‍ ബിലാല്‍ (21), വധശ്രമം അടക്കം വിവിധ കേസുകളില്‍ പ്രതിയായ പറവൂര്‍ കല്ലുപുരക്കല്‍ സഞ്ജു സോമന്‍ (19) എന്നിവരെയാണ് എസ്‌ഐ എം.കെ. രമേശും സംഘവും ഞായറാഴ്ച രാത്രി സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരുവാമ്പാടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ വാടയ്‌ക്കെടുത്തു സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.

പൊലീസ് പറയുന്നത്: പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്തു വളഞ്ഞവഴിയിലെ സ്വകാര്യ മില്ലില്‍ ജീവനക്കാരനായിരുന്ന ഷഹാനാസ് പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ഥന നടത്തുകയും പിറകെ നടന്നു ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടിയും മാതാവും വണ്ടാനത്തേക്കു താമസം മാറ്റി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ വീടിനു സമീപത്തുകൂടി ഒരു കാര്‍ ചുറ്റിക്കറങ്ങുന്നതായി നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. വൈകിട്ടു വീടിന്റെ മതില്‍ക്കെട്ടിനകത്തേക്കു കാര്‍ ഓടിച്ചു കയറ്റിയശേഷം അതിലുണ്ടായിരുന്ന സംഘം പെണ്‍കുട്ടിയെ കാറില്‍ പിടിച്ചു കയറ്റി. കാര്‍ വേഗത്തില്‍ ഓടിച്ചു പോകുന്നതിനിടയില്‍ ഷിഫാസിനു കയറാനായില്ല. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി.

ഷിഫാസില്‍ നിന്നു സംഘാംഗങ്ങളുടെ മൊബൈല്‍ നമ്പര്‍ എടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാര്‍ പിന്തുടര്‍ന്നു. രാത്രി 11നു തിരുവാമ്പാടിയില്‍ പെണ്‍കുട്ടിയെയും സംഘത്തെയും പിടികൂടി. പെണ്‍കുട്ടിയുമായി കലവൂരിലെ ക്വട്ടേഷന്‍ സംഘത്തിന്റെ താവളത്തിലെത്തിയശേഷം ബാംഗ്ലൂരിലേക്കു കടക്കാനായിരുന്നു പദ്ധതിയെന്നു ചോദ്യം ചെയ്യലില്‍ സംഘാംഗങ്ങള്‍ സമ്മതിച്ചു. ഷിഫാസ് തിങ്കളാഴ്ച വിദേശത്തു ജോലിക്കു പോകാനിരുന്നതാണ്. പെണ്‍കുട്ടിയെ മാതാവിനു കൈമാറി. 

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ അന്‍വര്‍, സജീവ്, സുരാജ്, ബൈജു, മായാദേവി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.