Latest News

പെണ്‍വാണിഭ കേന്ദ്രത്തില്‍ സദാചാര പോലീസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടുന്ന റാക്കറ്റിന്റെ സൂത്രധാരന്‍ അറസ്റ്റില്‍

പഴയങ്ങാടി: പെണ്‍വാണിഭത്തിന് ആള്‍ക്കാരെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന ശേഷം സദാചാര പോലീസ് ചമഞ്ഞ് പണം തട്ടിയെടുക്കുന്ന സംഘത്തിന്റെ സൂത്രധാരന്‍ പഴയങ്ങാടിയില്‍ പോലീസ് പിടിയിലായി. ഇരട്ട പാസ്‌പോര്‍ട്ട് കൈവശം വച്ച കേസില്‍ ഇരിക്കൂര്‍ പോലീസ് അന്വേഷിക്കുന്ന ആന്ധ്ര സ്വദേശി കെ.സി. അബ്ദുള്‍ സലാമി (40)നെയാണ് എസ്.ഐ: ഇ.കെ. ഷിജുവും സംഘവം അറസ്റ്റ് ചെയ്തത്. 

കോഴിബസാറില്‍ ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. സ്ത്രീകളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം തുടങ്ങുകയും ഇവിടേക്ക് എത്തിപ്പെടുന്ന സമ്പന്ന യുവാക്കളെ സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അബ്ദുള്‍സലാം. 

2012 മെയ് 15ന് കൊട്ടില അടിപ്പാലത്ത് ഒരു വീട് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന് ഒത്താശ ചെയ്തു കൊടുത്തത് അബ്ദുള്‍ സലാമായിരുന്നു. ഹയറുന്നീസ എന്ന സ്ത്രീയും 26കാരിയായ മറ്റൊരു യുവതിയും അന്ന് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നു. 

കാസര്‍കോട് കളനാട് സ്വദേശി എം.എ. നിസാറും സുഹൃത്ത് മുഹമ്മദ്കുഞ്ഞിയുമാണ് അന്ന് ഇവരുടെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവര്‍. ഇവര്‍ നല്‍കിയ പരാതിയില്‍ സംഭവത്തിന്റെ ഇടനിലക്കാരനായ ആരിഫ് എന്നയാളെ അക്കാലത്ത് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അടിപ്പാലത്തെ മുസ്തഫ ഹാജി എന്നയാളില്‍ നിന്ന് വാടകയ്‌ക്കെടുത്ത വീട് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഈ വീട് ഏര്‍പ്പാടാക്കിയതും മറ്റ് എല്ലാ ഒത്താശകളും സംഘത്തിന് ചെയ്തുകൊടുത്തതും അബ്ദുള്‍ സലാമായിരുന്നു. ഹയറുന്നീസ എന്ന സ്ത്രീ കളനാട്ടെ നിസാറിനും മുഹമ്മദ് കുഞ്ഞിക്കും 30,000രൂപ നല്‍കാനുണ്ടായിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞ് തങ്ങളെ അടിപ്പാലത്തേക്ക് ഹയറുന്നീസ ക്ഷണിച്ചതാണെന്നായിരുന്നു നിസാറിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍ പെണ്‍വാണിഭത്തിന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നതാണെന്ന് പിന്നീട് പോലീസിന് മനസ്സിലാകുകയായിരുന്നു. മെയ് 15ന് അടിപ്പാലത്തെ വീട്ടില്‍ എത്തിയ നിസാര്‍, മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്ക് മുന്നില്‍ 26 കാരി എത്തുകയും അല്‍പ്പം കഴിഞ്ഞ് മൂന്ന് യുവാക്കള്‍ സദാചാര പോലീസാണെന്ന വ്യാജേനയെത്തുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് തന്നെ ബലാല്‍സംഗത്തിന് ശ്രമിച്ചുവെന്ന് യുവതി പരാതി പറഞ്ഞതോടെ സദാചാര പോലീസ് ചമഞ്ഞവര്‍ ഇരുവരെയും കെട്ടിയിട്ടു. 

പിന്നീട് 26 കാരിയുടെ സഹോദരനെന്ന് പറഞ്ഞ് സമീര്‍ഭായ് എന്ന പേരില്‍ മറ്റൊരാളെത്തി. സഹോദരിയെ ബലാല്‍സംഗം ചെയ്തതിന് നാട്ടുകാരെ വിളിച്ചുകൂട്ടി പോലീസിലേല്‍പ്പിക്കാതിരിക്കണമെങ്കില്‍ പത്ത് ലക്ഷം രൂപ തരണമെന്ന് സമീര്‍ഭായി ആവശ്യപ്പെട്ടുവത്രെ. ഒടുവില്‍ അഞ്ച് ലക്ഷം നല്‍കിയ ശേഷമാണ് ഇരുവരെയും മോചിപ്പിച്ചത്. 

ഇതിന് ശേഷം നാട്ടിലെത്തിയ നിസാര്‍ ഈ തട്ടിപ്പ് സംഘത്തിനെതിരെ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഈ വിവരമറിഞ്ഞയുടന്‍ സംഘം വീട് പൂട്ടി രക്ഷപ്പെട്ടു. ഇടനിലക്കാരനായ ആരീഫിനെയൊഴികെ മറ്റുള്ളവരെ കിട്ടിയിരുന്നില്ല. ആന്ധ്ര സ്വദേശിയാണെങ്കിലും നന്നായി മലയാളമറിയാവുന്ന അബ്ദുള്‍ സലാമിന്റെ അടുത്ത ബന്ധുക്കള്‍ ഇവിടെയുണ്ട്. 

ഇരിക്കൂര്‍ പെരുവളത്ത് പറമ്പിലാണ് ഇയാളുടെ ഭാര്യ വീട്. ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് അവിടുത്തെ മേല്‍ വിലാസത്തില്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയ ഇയാള്‍ പെരുവളത്ത് പറമ്പിലെ ഭാര്യാ ഗൃഹത്തിന്റെ മേല്‍വിലാസത്തില്‍ മറ്റൊരു പാസ്‌പോര്‍ട്ടുമുണ്ടാക്കിയിരുന്നു. ഇതുസംബന്ധിച്ച് ഇരിക്കൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.