Latest News

സുഹൃത്ത് കൊടുത്തയച്ച പാക്കറ്റില്‍ മയക്കുമരുന്ന്; കാഞ്ഞങ്ങാട്ടെ യുവാവ് കുവൈത്തില്‍ പിടിയില്‍

കാഞ്ഞങ്ങാട്‌: വിശ്വസ്‌ത സുഹൃത്തിന്റെ ചതിയില്‍ പെട്ട്‌ കാഞ്ഞങ്ങാട്‌ മീനാപ്പീസ്‌ സ്വദേശിയായ യുവാവ്‌ കുവൈത്തില്‍ ജയിലിലായി. മീനാപ്പീസിലെ അബൂബക്കറിന്റെയും കുഞ്ഞാസ്യയുടെയും മകന്‍ ചേലക്കാടത്ത്‌ റാഷിദാണ്‌ (25) കുവൈത്ത്‌ വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയിലായത്‌.

അബ്ബാസിയയില്‍ ഇന്റര്‍നെറ്റ്‌ കഫെ ജീവനക്കാരനായ റാഷിദ്‌ അവധി കഴിഞ്ഞ്‌ ഇക്കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയിലാണ്‌ കുവൈത്തിലേക്ക്‌ മടങ്ങിയത്തിയത്‌. വിമാനത്താവളത്തില്‍ റാഷിദിന്റെ ലഗേജില്‍ നിന്ന്‌ മയക്കു മരുന്ന്‌ എന്നു സംശയിക്കുന്ന പാക്കറ്റ്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ യുവാവിനെ അധികൃതര്‍ പിടികൂടി സഫ ജയിലിലടക്കുകയായിരുന്നു.

വ്യാഴാഴ്‌ച വൈകിട്ട്‌ കോഴിക്കോട്‌ എയര്‍പോര്‍ട്ടില്‍ നിന്നാണ്‌ റാഷിദ്‌ കുവൈത്തിലേക്ക്‌ യാത്ര തിരിച്ചത്‌. നാട്ടില്‍ നിന്ന്‌ തിരിക്കുന്നതിന്‌ കുറച്ചു ദിവസം മുമ്പ്‌ കുവൈത്തിലുള്ള സുഹൃത്ത്‌ പഴയങ്ങാടി മാട്ടൂലിലെ ഫവാസ്‌ റാഷിദിനെ കുവൈത്തില്‍ നിന്ന്‌ ഫോണില്‍ ബന്ധപ്പെടുകയും തന്റെ പിതാവിന്റെ കണ്ണടയും മരുന്നും അടങ്ങുന്ന പാക്കറ്റ്‌ മാട്ടൂലിലെ വീട്ടില്‍ പോയി വാങ്ങിച്ച്‌ കുവൈത്തിലേക്ക്‌ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

തനിക്ക്‌ മാട്ടൂലിലേക്ക്‌ ചെല്ലാന്‍ സമയം കിട്ടില്ലെന്നും മരുന്ന്‌ പാക്കറ്റ്‌ കാഞ്ഞങ്ങാട്ട്‌ എത്തിക്കണമെന്നും റാഷിദ്‌ മറുപടി പറഞ്ഞതിനെത്തുടര്‍ന്ന്‌ തൊട്ടടുത്ത ദിവസം ഒരു അപരിചിതന്‍ റാഷിദിനെ ഫോണില്‍ ബന്ധപ്പെടുകയും പാക്കറ്റ്‌ കാഞ്ഞങ്ങാട്‌ എത്തിക്കുന്നുണ്ടെന്ന്‌ അറിയിക്കുകയും ചെയ്‌തു.

ഇതനുസരിച്ച്‌ കാഞ്ഞങ്ങാട്‌ റെയില്‍വേഗേറ്റിനടുത്തു ഇരുവരും നേരില്‍ കാണുകയും അപരിചിതന്‍ പാക്കറ്റ്‌ റാഷിദിനെ ഏല്‍പ്പിക്കുകയുമായിരുന്നു. സുഹൃത്ത്‌ ഫവാസിന്റെ ബാപ്പക്കുള്ള മരുന്നും കണ്ണടയുമാണെന്ന്‌ വിശ്വസിച്ച റാഷിദ്‌ പാക്കറ്റ്‌ ഭദ്രമായി ലഗേജില്‍ വെക്കുകയും കുവൈത്തിലേക്ക്‌ യാത്രതിരിക്കുകയുമായിരുന്നു.

വ്യാഴാഴ്‌ച രാത്രി 11 മണിയോടെ കുവൈത്തിലിറങ്ങി ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട റാഷിദ്‌ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തു വരാത്തതിനെ തുടര്‍ന്ന്‌ ബന്ധുക്കളും സുഹൃത്തുക്കളും നേരം പുലരും വരെ എയര്‍പോര്‍ട്ടില്‍ കാത്തിരുന്നിരുന്നു. ഇതിനിടെ ഒരു മലയാളി മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ടെന്ന അഭ്യൂഹം പരന്നു. ഇതോടെ പരിഭ്രാന്തരായ ബന്ധുക്കളും സുഹൃത്തുക്കളും എ ന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോഴാണ്‌ റാഷിദിനെ ആന്റി നാര്‍ക്കോട്ടിക്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ നിന്ന്‌ പുറത്തേക്ക്‌ കൊണ്ടുവരുന്നത്‌ കണ്ടത്‌.

ഇവരുടെ കസ്റ്റഡിയില്‍ നിന്ന്‌ തന്നെ താന്‍ ചതിയില്‍പ്പെട്ടുവെന്ന്‌ റാഷിദ്‌ വിളിച്ചു പറഞ്ഞു. മാട്ടൂലിലെ ഫവാസാണ്‌ തന്നെ കുടുക്കിയതെന്നും റാഷിദ്‌ വിലപിച്ചു. തുടര്‍ന്ന്‌ റാഷിദിന്റെ ഉറ്റവരും നാട്ടുകാരും ഫവാസിനെ തേടി ചെന്നെങ്കിലും അപ്പോഴേക്കും യുവാവ്‌ മുങ്ങിയിരുന്നു. ഫവാസിന്റെ പിതാവ്‌ ജോലി ചെയ്യുന്ന കടയിലെത്തിയ നാട്ടുകാര്‍ ഫവാസിനെ കിട്ടാതെ പിരിഞ്ഞു പോകില്ലെന്ന്‌ ശഠിച്ച്‌ പിതാവിനെ തടഞ്ഞുവെക്കുകയും ചെയ്‌തു.

യഥാര്‍ത്ഥ കുറ്റവാളിയെ നിയമനത്തിന്‌ മുന്നില്‍ കൊണ്ടുവന്ന്‌ നിരപരാധിയായ റാഷിദിനെ കുറ്റവിമുക്തമാക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ മുസ്‌ലിംലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ എ.ഹമീദ്‌ഹാജി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, ഗവ. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌, ഇ.അഹമ്മദ്‌ എം.പി എന്നിവര്‍ക്ക്‌ ഫാക്‌സ്‌ സന്ദേശമയച്ചു.

Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.