Latest News

അനാഥായങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തല്ല: കെ.പി.എ. മജീദ്

മലപ്പുറം: അഗതികളും അനാഥരുമായ അന്യസംസ്ഥാന വിദ്യാര്‍ത്ഥികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്കു പഠനത്തിനു ചേര്‍ക്കാന്‍ കൊണ്ടുവരുന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. 

ത്യാഗത്തിന്റെയും രാഷ്ട്രനിര്‍മ്മാണത്തിന്റെയും വലിയ ചരിത്രമാണ് യതീംഖാനകള്‍ക്കുള്ളത്. രാജ്യത്തിന് മുതല്‍ക്കൂട്ടായ പതിനായിരക്കണക്കിന് പൗരന്മാരെ വാര്‍ത്തെടുത്ത ഇത്തരം സ്ഥാപനങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കണം.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയ രാജ്യമാണ് ഇന്ത്യ. ആഗ്രഹിക്കുന്നിടത്ത് ചേര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നത്. അനാഥശാലകള്‍ ഏറ്റവും കൂടുതലുള്ളതും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതും കേരളത്തിലാണ്.

മറ്റു സംസ്ഥാനങ്ങളില്‍ അനാഥര്‍ക്ക് പഠിക്കാന്‍ ആവശ്യമായ ഭൗതിക സൗകര്യമില്ലാത്ത പശ്ചാത്തലത്തിലാണ് കേരളത്തിലെ യതീംഖാനകളില്‍ പ്രവേശനം തേടുന്നത്. ഇത് രാജ്യദ്രോഹ കുറ്റമായി ചിത്രീകരിക്കുന്നത് ക്രൂരമാണ്. ഇത്തരം കുപ്രചരണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന തിരിച്ചറിയണം.

മനുഷ്യക്കടത്തെന്ന പേരില്‍ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണം. മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകകളാണ് അനാഥാലയങ്ങള്‍. നിരവധി പേരുടെ കരുണാര്‍ദ്രതയിലാണ് യതീംഖാനകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. കശ്മീര്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ യതീംഖാനകളില്‍ പഠിച്ച് ഉന്നത സ്ഥാനങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നത്. സുരക്ഷിതത്വത്തോടെയുള്ള പഠനവും അവസരവും നല്‍കാന്‍ യതീംഖാനകള്‍ക്ക് കഴിയുന്നു എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

ഇതെല്ലാം മറച്ചുപിടിച്ച് ഊഹാപോഹങ്ങള്‍ സൃഷ്ടിക്കുന്നത് ആര്‍ക്കും ഗുണകരമല്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികളുടെ രേഖകള്‍ ഉറപ്പ് വരുത്താന്‍ യതീംഖാനകള്‍ ശ്രദ്ധിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, muslim Leegu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.