Latest News

കുട്ടികളെ കൊണ്ടുവന്ന സംഭവം: സര്‍ക്കാര്‍ നിലപാട് ശരിയായില്ല-കാന്തപുരം

ദുബായ്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനത്തുനിന്ന് കുട്ടികള്‍ എത്തിയത് സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ശരിയായില്ലെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കുട്ടികളെ മടക്കിയയക്കേണ്ടിവന്നത് സര്‍ക്കാറിന്റെ വീഴ്ചകൊണ്ടാണ്. കുട്ടികളെ കൊണ്ടുവന്നത് സംബന്ധിച്ച രേഖകള്‍ ശരിയാക്കാന്‍ സാവകാശം നല്‍കണമായിരുന്നു. പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍തന്നെ പെട്ടെന്ന് പരിഹരിക്കാമായിരുന്നു. ഇതേക്കുറിച്ച് ആഭ്യന്തര, വിദ്യാഭ്യാസ, റവന്യൂ മന്ത്രിമാരോട് സംസാരിച്ചിരുന്നു. കുട്ടികളെ മടക്കിയയയ്ക്കരുതെന്ന് അവരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അനാഥരായ ധാരാളം കുട്ടികള്‍ കേരളത്തില്‍ എത്തുന്നുണ്ട്. അതിനെ മനുഷ്യക്കടത്തെന്ന് ആഭ്യന്തരമന്ത്രി വിശേഷിപ്പിക്കാന്‍ പാടില്ലായിരുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇതിന് മുമ്പും കുട്ടികള്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിനും മറ്റുമായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാറുമുണ്ട്. കേരളത്തിന് പുറത്തുള്ളവര്‍ ഇങ്ങോട്ടുവരുന്നതിനെ ആ രീതിയിലാണ് കാണേണ്ടിയിരുന്നത്. അനാഥക്കുട്ടികളെ കൊണ്ടുവരുന്നതിന് രേഖകള്‍ വേണമെന്നത് ഏവര്‍ക്കും അറിയുന്നതാണ്. പക്ഷേ, രേഖ എന്ന വാക്കിന്റെ അര്‍ഥം പലരും അറിയാത്ത ആളുകളാണ് ഹരിയാണ, മധ്യപ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളത്. അവരോട് രേഖയുടെ കാര്യം പറയുന്നതില്‍ അര്‍ഥമില്ല.

മര്‍ക്കസ് നിരവധി അനാഥവിദ്യാര്‍ഥികളെ കൊണ്ടുവന്നിട്ടുണ്ട്. അതൊക്കെ രേഖകളോട് കൂടി തന്നെയാണ്. കേരളത്തിന് പുറത്ത് നിരവധി അനാഥാലയങ്ങള്‍ മര്‍കസ് സ്ഥാപിച്ചിട്ടുണ്ട്. കശ്മീരില്‍ എട്ട് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. കശ്മീരില്‍ നിന്ന് കേരളത്തിലേക്ക് ആദ്യമായി കുട്ടികളെ കശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രത്യേക എഴുത്തുമായിട്ടാണ് കൊണ്ടുവന്നത്.

ഇന്ത്യയില്‍ പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുന്നതിനെ വര്‍ഗീയമായി കാണരുത്. മര്‍കസിനെ സംബന്ധിച്ചാണെങ്കില്‍ നാട്ടുകാരായ കുട്ടികള്‍ക്ക് മാത്രമാണ് സര്‍ക്കാറിന്റെ ഗ്രാന്റ് ലഭിക്കുന്നത്. അനാഥാലയങ്ങളെ മുന്‍നിര്‍ത്തിയുള്ള വര്‍ഗീയ പ്രചാരണം ശരിയല്ല. ബന്ധപ്പെട്ട സ്ഥാപനങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്നും കാന്തപുരം പറഞ്ഞു.

ഇറാഖില്‍ നടക്കുന്ന ഷിയാ-സുന്നി പോരാട്ടം ദുഃഖകരമാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പക്ഷേ, ചെറിയ കലാപങ്ങളായിരുന്നു ഇതേവരെ. ഇന്ന് സര്‍വ നാശത്തിലേക്ക് നീങ്ങുകയാണ്. ഇതിന് ആരാണ് ഉത്തരവാദി എന്ന് ചോദിച്ചാല്‍ വ്യക്തമായി ഇപ്പോള്‍ പറയാന്‍ കഴിയില്ല. ബാഹ്യമായ ഇടപെടല്‍ ഉണ്ടായിരിക്കുമെന്നാണ് സംശയിക്കുന്നത്.

ഇസ്ലാമില്‍ ആശയത്തെ ആശയം കൊണ്ട് മാത്രമേ എതിര്‍ക്കാന്‍ പാടുള്ളൂ. ഇറാഖിലെ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ സഊദി അറേബ്യയും യു.എ.ഇയും മറ്റും ഇടപെടണം. ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കുറേക്കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

ജാമിഅഃ സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ തങ്ങള്‍ (കൂറ തങ്ങള്‍), അബ്ദുല്‍ ഹക്കീം സഅദി പഴശ്ശി എന്നിവരും പങ്കെടുത്തു.

Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.