Latest News

കാരുണ്യത്തിന്റെ കടാക്ഷം കാത്ത് സരസ്വതി

രാജപുരം: മരണം എന്ന് മാടിവിളിക്കുമെന്ന് സരസ്വതിക്ക് നിശ്ചയമില്ല. എങ്കിലും ദുര്‍ബലമായ തന്റെ ശരീരത്തില്‍ ജീവന്റെ അവസാന തുടിപ്പ് നിലനിര്‍ത്താനുള്ള പെടാപാടിലാണ് അവരിപ്പോള്‍.

പനത്തടി കോളിച്ചാല്‍ പ്രാന്തര്‍കാവിലെ പരേതനായ ചാത്തന്‍-കുമ്പ ദമ്പതികളുടെ മകളായ സരസ്വതി എന്ന 48 കാരി കാരുണ്യത്തിന്റെ കടാക്ഷം കാത്ത് ദുരിതക്കിടക്കയില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നു.
പ്രാന്തര്‍കാവിലെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുമൂടിയ തകര്‍ന്ന് വീഴാറായ ചെറ്റക്കുടിലില്‍ മൂന്ന് വര്‍ഷമായി കിടപ്പിലാണ് സരസ്വതി. മാരകമായ അര്‍ബുദരോഗം അവരെ വല്ലാതെ കാര്‍ന്നു തിന്നുകയാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥ. ഭര്‍ത്താവ് മാധവന്റെ അമ്മയാണ് സരസ്വതിയെ പരിചരിക്കുന്നത്. 

മാധവന്റെ കൂലിവേലക്ക് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടുവേണം സരസ്വതിയുടെ ചികിത്സയും കുടുംബത്തിന്റെ ജീവിത ചിലവും നടത്തിക്കൊണ്ടുപോകാന്‍. എവിടെയും കൂട്ടിമുട്ടാത്ത ചിലവ് മാധവനെ വല്ലാതെ ആശങ്കയിലാക്കുന്നുണ്ട്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. നീണ്ട ചികിത്സ നടന്നെങ്കിലും രോഗം ഒരിക്കലും ഭേദമാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചതോടെ സരസ്വതിയെ വീട്ടിലേക്ക് തിരിച്ച് കൊണ്ടുവന്നു. ദ്രാവക രൂപത്തിലുള്ള ആഹാരമാണ് സരസ്വതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
സരസ്വതിക്ക് സര്‍ക്കാറിന്റെ യാതൊരു ആനുകൂല്യവും ലഭിച്ചില്ല. ഇല്ലാത്ത വല്ലാത്ത രോഗങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് കുബേരന്മാര്‍ പോലും സര്‍ക്കാറില്‍ നിന്ന് ചികിത്സാധന സഹായങ്ങള്‍ തരപ്പെടുത്തുമ്പോള്‍ സരസ്വതിയെ തിരിഞ്ഞ് നോക്കാന്‍ സര്‍ക്കാരോ ജനപ്രതിനിധികളോ തയ്യാറാവാത്തത് കഷ്ടം തന്നെ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.