Latest News

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ വിവാദ മാഗസിന്‍ പിന്‍വലിച്ചു

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളെയും മാതാ അമൃതാനന്ദമയിയെയും അപകീര്‍ത്തിപ്പെടുത്തിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മാഗസിന്‍ പിന്‍വലിച്ചു. മാഗസിന്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്തത് വിവാദമായതിനെത്തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡി. ജയപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് മാഗസിന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിതരണം ചെയ്ത മാഗസിനുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവാങ്ങാനും യോഗം തീരുമാനിച്ചു.

മാഗസിന്‍ പ്രസിദ്ധീകരിച്ചതിനെതിരെ തിങ്കളാഴ്ച യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസ്സും കോളേജിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ മുദ്രവാക്യങ്ങളുമായി കോളേജിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച ഇരുകൂട്ടരെയും പോലീസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
തിങ്കളാഴ്ച രാവിലെ പത്തരയോടെ കൂനംമൂച്ചി സെന്ററില്‍നിന്ന് യുവമോര്‍ച്ചയാണ് ആദ്യം മാര്‍ച്ച് നടത്തിയത്. 300 ലേറെ പ്രവര്‍ത്തകരുമായി അരിയന്നൂര്‍ സെന്ററിലൂടെ കടന്നുവന്ന മാര്‍ച്ച് കോളേജിന്റെ പരിസരത്ത് സിഐ കെ. സുദര്‍ശന്റെയും എസ്‌ഐ എം. ശശിധരന്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. പോലീസിന്റെ വലയം ഭേദിക്കാനുള്ള സമരക്കാരുടെ ശ്രമം തടഞ്ഞപ്പോള്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് പ്രതിേഷധവുമായി കുത്തിയിരിപ്പുസമരമായിരുന്നു.

ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക വാസനയുടെ പരിമളം പരത്തേണ്ട കോളേജ് മാഗസിന്‍ ദുര്‍ഗന്ധം വമിക്കുന്നതാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

സുബിന്‍ കണ്ടാണശ്ശേരി അദ്ധ്യക്ഷനായി. പി. ഗോപിനാഥ്, കെ.വി. രതീഷ്, ഷൈജന്‍ നമ്പനത്ത്, ജെസ്റ്റിന്‍ ജേക്കബ്, സിജിന്‍ വെട്ടത്ത്, ശശി മരുതയൂര്‍, കെ.പി. വിഷ്ണു, സര്‍ജു തൊയക്കാവ്, സുധീഷ് മേനോത്ത്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു 

യുവമോര്‍ച്ചയുടെ മാര്‍ച്ചിനുശേഷം ഒരുമണിക്കൂറോളം കഴിഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. കൂനംമൂച്ചിയില്‍നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് തടഞ്ഞതിനുശേഷം നടത്തിയ പ്രതിഷേധപരിപാടി ഡി.സി.സി. ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ശോഭാ സുബിന്‍ അദ്ധ്യക്ഷനായി. വി. വേണുഗോപാല്‍, സുമേഷ് കൃഷ്ണ, കെ. കെ. ഷിബു, വി.എസ്. നവനീത്, കെ.വി. സത്താര്‍, നിഖില്‍ ജി. കൃഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു.

രണ്ടു കൂട്ടരുടേയും മാര്‍ച്ച് പ്രദേശത്ത് മൂന്നുമണിക്കൂറോളം സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്ടിച്ചു. സംഭവത്തില്‍ പ്രിന്‍സിപ്പലടക്കം 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് അടക്കം ഒന്‍പതു പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Guruvayurm College Magazine.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.