Latest News

പൊന്നാനിയിലെ വോട്ട് കുറയാന്‍ ലീഗിലെ പ്രശ്നങ്ങളും കാരണമായി –ആര്യാടന്‍

മലപ്പുറം: മുസ്ലിം ലീഗിനുള്ളിലെ പ്രശ്നങ്ങളാണ് കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പൊന്നാനി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് കുറയാന്‍ കാരണമെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്.

അവസരം കിട്ടുമ്പോഴെല്ലാം ലീഗിനെ രൂക്ഷമായി കടന്നാക്രമിക്കാറുള്ള ആര്യാടന്‍ ഏതാനും മാസങ്ങളായി ലീഗ് നിലപാടുകളില്‍ മൗനം പാലിച്ചുവരുന്നതിനിടയിലാണ് പുതിയ ആരോപണം. ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിലയിരുത്തലുകളും തുടര്‍ നടപടികളും ചര്‍ച്ചചെയ്യാന്‍ മലപ്പുറം ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് വൈദ്യുതി മന്ത്രിയുടെ വിമര്‍ശം. 

വോട്ട് കുറഞ്ഞതിന്‍െറ ഉത്തരവാദിത്തം കോണ്‍ഗ്രസില്‍ മാത്രം കെട്ടിവെക്കുന്നത് ശരിയല്ളെന്ന് പറഞ്ഞ ആര്യാടന്‍ ലീഗിനും ഇതില്‍ പങ്കുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ചു. പൊന്മുണ്ടം, ചെറിയമുണ്ടം ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങളുണ്ട്.
ഈ തര്‍ക്കങ്ങളില്‍ ലീഗിനും വ്യക്തമായ പങ്കുണ്ടെന്നാണ് ആര്യാടന്‍ പറയുന്നത്. ഇതാകട്ടെ പൊന്മുണ്ടം, ചെറിയമുണ്ടം ഗ്രാമപഞ്ചായത്തുകളിലെ ലീഗ് വിരുദ്ധ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുതിയ പിടിവള്ളി നല്‍കിയിരിക്കുകയാണ്.
പ്രശ്നങ്ങള്‍ക്ക് കാരണക്കാര്‍ ഇരുപക്ഷവുമാണെന്ന കാര്യം പരിഗണിക്കാതെയുള്ള തെരഞ്ഞെടുപ്പ് വിലയിരുത്തലുകള്‍ ഭാവിയില്‍ മുന്നണിക്ക് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കാനും ആര്യാടന്‍ തയാറായി.
തുടര്‍ന്ന് സംസാരിച്ച മന്ത്രി അനില്‍കുമാറും ആര്യാടന്‍െറ വിമര്‍ശങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പരാമര്‍ശങ്ങളാണ് നടത്തിയത്. മുന്നണി സംവിധാനം തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ആവശ്യമുള്ള ഒന്നാണെന്ന ധാരണ ശരിയല്ളെന്നാണ് അനില്‍ വ്യക്തമാക്കിയത്.
പരസ്പരം പോരടിക്കുന്നവര്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കെട്ടിപ്പിടിച്ചാല്‍ ഐക്യം വരില്ളെന്ന അനിലിന്‍െറ വാക്കുകള്‍ക്ക് പിന്തുണ നല്‍കിയാണ് പിന്നീട് ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞിയും സംസാരിച്ചത്. 

ജില്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ച പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക തയാറാക്കി നടപടിക്ക് ശിപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ആഴ്ച നടന്ന ഡി.സി.സി ഭാരവാഹികളുടെ യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്നുള്ള പിന്‍വാങ്ങലാണ് ആര്യാടന്‍െറ ശക്തമായ നിലപാടിലൂടെ വ്യക്തമായിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.