Latest News

ജോലി വാഗ്ദാനം ചെയ്തും ആല്‍ബം സിനിമാ നിര്‍മ്മാണത്തിന്റെ പേരിലും യുവാവ് തട്ടിയത് കോടികള്‍

ഖത്തറില്‍ വിസ വാഗ്ദാനം ചെയ്ത് യുവാക്കളില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത സംഭവത്തിലെ പ്രതി യുവാക്കളെ വലയിലാക്കിയത് ആല്‍ബം നിര്‍മാണത്തിന്റെയും മറ്റും പേരില്‍. തട്ടിപ്പിനിരയായ കണ്ണൂര്‍ മയ്യില്‍ സ്വദേശികളായ 105 പേര്‍ ഉള്‍പ്പെടെ 144 പേര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. മുന്നൂറോളം പേരെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പ്രതികളില്‍ ഏറ്റുമാനൂര്‍ സ്വദേശികളായ മൂന്നുപേരാണ് ഇപ്പോള്‍ ഒളിവിലുള്ളത്. ഇവരുടെ ആള്‍ക്കാര്‍ തട്ടിപ്പിനിരയായ യുവാക്കളെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. പ്രതികളിലൊരാളുടെ വീട് തട്ടിപ്പിനിരയായവര്‍ വളഞ്ഞുവെങ്കിലും ആള്‍ മുങ്ങിയിരുന്നു. ഇതിനിടെ തട്ടിപ്പിനിരയായവരുടെ നേരെ കല്ലെറിയുകയും പോലീസ് സ്‌റ്റേഷന്‍ വളപ്പിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അഞ്ചുപേരെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

സീരിയല്‍, ആല്‍ബം തുടങ്ങിയ മേഖലകളിലും ലക്ഷങ്ങള്‍ വാരിയെറിഞ്ഞിട്ടുണ്ട്. പ്രസിദ്ധ ഗായകരെ ഉള്‍പ്പെടുത്തിയ പുതിയ ആല്‍ബം ഏതാനും നാള്‍ മുമ്പ് ആഡംബര ചടങ്ങില്‍ പുറത്തിറക്കിയിരുന്നു. ഏറ്റുമാനൂര്‍ തവളക്കുഴി വല്ലേച്ചാലില്‍ ശരത് മോഹന്റെ (34) അതിരമ്പുഴ - നാല്‍പ്പാത്തിമല റോഡിലെ വാടക വീടാണു തട്ടിപ്പിനിരയായ 144 പേര്‍ കണ്ണൂരില്‍ നിന്നെത്തി വളഞ്ഞത്. ഇവര്‍ക്കു പുറമെ കോട്ടയം ഉള്‍പ്പെടെ വിവിധ ജില്ലകളിലെ മുന്നൂറിലേറെ പേര്‍ തട്ടിപ്പിനിരയായതായാണു സൂചന.

അഞ്ചു കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഖത്തറില്‍ എയര്‍പോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ടു വിവിധ തസ്തികകളില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്നു കാണിച്ചു കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഗോ ഇന്റര്‍നാഷനലിന്റെ പേരില്‍ പരസ്യം നല്‍കിയായിരുന്നു ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച തട്ടിപ്പെന്നാണു പരാതി. ശരത് മോഹനും പാറോലിക്കല്‍ സ്വദേശി അഫ്‌സലും സോഗോ ഇന്റര്‍നാഷനലിന്റെ ഫീല്‍ഡ് സ്റ്റാഫായി പ്രവര്‍ത്തിച്ചു വരികയാണ്.

ഇവര്‍ വഴിയാണു യുവാക്കള്‍ പണം നല്‍കിയത്. സ്ഥാപനത്തിന്റെ എംഡി: എമില്‍, മാനേജര്‍ ഷിബു, ശരത്, അഫ്‌സല്‍, ഇവരുടെ ബന്ധുക്കള്‍ എന്നിവരുടെ അക്കൗണ്ടിലാണു പണം നിക്ഷേപിച്ചത്. 35,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് ഓരോരുത്തരും നിക്ഷേപിച്ചത്. അക്കൗണ്ട് വഴി നൂറിലേറെ പേര്‍ പണം നല്‍കിയപ്പോള്‍ 40 പേര്‍ കൊച്ചിയിലെ ഓഫിസില്‍ നേരിട്ടു പണം നല്‍കി. പണം നല്‍കിയതിനു കമ്പനി രസീത് നല്‍കി. എല്ലാവരുടെയും പാസ്‌പോര്‍ട്ട് വാങ്ങി വച്ചു.

ഒന്നര വര്‍ഷമായിട്ടും വീസ ലഭിക്കാതെ വന്നതോടെ ഉദ്യോഗാര്‍ഥികള്‍ കാരണം തിരക്കിയെങ്കിലും ഇവര്‍ ഓരോ കാരണം പറഞ്ഞൊഴിഞ്ഞു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. പിന്നീട് വീസ ഏജന്റുമാരെ സംബന്ധിച്ചു വിവിരമില്ലാതായി. അന്വേഷണത്തിനിടെ ശരത്തും അഫ്‌സലും അതിരമ്പുഴ ഭാഗത്തുണ്ടെന്നറിഞ്ഞാണ് ഉദ്യോഗാര്‍ഥികള്‍ എത്തിയത്. അതിരമ്പുഴയിലെത്തിയ ഉദ്യോഗാര്‍ഥികള്‍ അഫ്‌സലിനെ കണ്ടെത്തി.

വീസ പ്രശ്‌നം ശരത്തുമായി ചര്‍ച്ച ചെയ്യാമെന്നു വിശ്വസിപ്പിച്ച് ഉദ്യോഗാര്‍ഥികളെ ശരത്തിന്റെ വീട്ടിലെത്തിച്ചശേഷം മുങ്ങിയെന്നു പോലീസ് പറഞ്ഞു. എസ്‌ഐ ബിന്‍സ് ജോസഫ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. അതേസമയം ശരത് മോഹന്റെ വീടുവളഞ്ഞതറിഞ്ഞ് ഉദ്യോഗാര്‍ഥികളെ ആക്രമിക്കാന്‍ തുനിഞ്ഞ അയാളുടെ മൂന്നു സഹായികളെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. കൊടുവത്താനം പനച്ചേല്‍ ബിനു( 31), കുറവിലങ്ങാട് വാഴക്കാല ദെനീഷ്(30), ഏറ്റുമാനൂര്‍ തോപ്പില്‍ തരുണ്‍(39) എന്നിവരാണ് പിടിയിലായത്.

മുഖ്യപ്രതി ശരത് മോഹന്‍ തട്ടിപ്പ് നടത്തി സമ്പാദിച്ച പണം മുഴുവനും ആഡംബര വാഹനങ്ങള്‍ക്കും ആല്‍ബം നിര്‍മ്മാണത്തിനും സുന്ദരിമാരായ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സ്വയം സംഗീത സംവിധായകന്‍ എന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത്. മിറാക്കിള്‍ മ്യൂസിക്ക് എന്നൊരു സ്ഥാപനം താന്‍ തുടങ്ങുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് ഗായികമാരെയും ഇയാള്‍ പാട്ടിലാക്കിയിരുന്നു.

ചെറുകിട ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു ശരത് മോഹന്റെ തുടക്കം. കണ്ണന്‍ എന്നാണ് ഇയാള്‍ സുഹൃത്തുക്കിടയില്‍ അറിയപ്പെട്ടിരുന്നത്. പിന്നെ ഏറ്റുമാനൂര്‍, തവളക്കുഴി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവനായി. കൊലപാതകകേസ്സിലെ പ്രതികൂടിയായ ഒരു സഹായിയുടെ പിന്‍ബലമാണ് ക്വട്ടേഷന്‍ രംഗത്ത് പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്. കാശ് ഇഷ്ടംപോലെ വന്നുതുടങ്ങിയതോടെ കഥ മാറി. പിന്നെ ആല്‍ബം നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്നു.

മുന്തിയ കാറുകളും യുവതികളുമായിരുന്നു വീക്ക്‌നെസ്. മറ്റുള്ളവരുടെ മുന്നില്‍ കോടീശ്വരനായി പ്രത്യക്ഷപ്പെടുന്ന ഇയാള്‍ സുഹൃത്തുക്കള്‍ക്ക് മദ്യവും പണവും ഇഷ്ടം പോലെ നല്‍കിയിരുന്നു. എറണാകുളം ആസ്ഥാനമായി മീഡിയാ മിറാക്കിള്‍സ് എന്ന സ്ഥാപനം ആരംഭിച്ച് ചെറിയ വീഡിയോ ആല്‍ബങ്ങള്‍ നിര്‍മ്മിച്ചാണ് കലാരംഗത്തേ്ക്ക് പ്രവേശിച്ചത്. അയ്യപ്പഭക്തിഗാനങ്ങള്‍ളുള്‍പ്പെടെ ചില വീഡിയോ ആല്‍ബങ്ങള്‍ പിടിച്ചിട്ടുണ്ട്.

സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ചും പലരുടെ കയ്യില്‍ നിന്നും പണം തട്ടിയതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ചില വിദേശ മലയാളികളെ പ്രൊഡ്യൂസര്‍ വേഷം കെട്ടിച്ച് പണം തട്ടിയെടുത്തു. സിനിമാ പാതി മുടങ്ങിയതോടെ പിന്നെ കുറേക്കാലം നാട്ടില്‍ നിന്ന് മുങ്ങുകയും ചെയ്തു. ശരത്ത് ഷൂട്ടിംഗിനായി തിരഞ്ഞെടുക്കുന്നത് ഷാപ്പുകളും ബാറുകളുമായിരുന്നു. സംസ്ഥാനത്തെ പ്രധാന ക്വട്ടേഷന്‍ ടീമഗംങ്ങളാണ് അഭിനേതാക്കള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Robbery, Police, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.