Latest News

തിരുവനന്തപുരത്തും ശാലിനി എസ്.ഐ ചമഞ്ഞ് കെട്ടി ലക്ഷങ്ങള്‍ തട്ടി

തിരുവനന്തപുരം: വിവാഹ ദിവസം വരന്റെ പണവും സ്വര്‍ണവുമായി ആലപ്പുഴ നിന്ന് മുങ്ങിയ ശാലിനി മുമ്പ് തിരുവനന്തപുരത്തും സമാനമായ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചു. പക്ഷേ, മാനക്കേട് ഭയന്ന് തട്ടിപ്പിന് ഇരയായ ആള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഇയാളിപ്പോള്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്.

തിരുവല്ലം സ്വദേശിയായ പൊതുമരാമത്ത് കോണ്‍ട്രാക്ടറെയാണ് ശാലിനി ഇതിന് മുമ്പ് വിവാഹം കഴിച്ചത്. നല്ല സാമ്പത്തിക സ്ഥിതിയുള്ള ഇയാളെ വനിതാ എസ്.ഐ എന്ന് പറഞ്ഞായിരുന്നു സമീപിച്ചത്. ഇത് വിശ്വസിച്ച് കാട്ടാക്കട തൂങ്ങാംപാറ ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിവാഹം നടത്തിയത്. നിലവിലെ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ഈ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് അടിച്ചുപൊളിച്ചായിരുന്നു ജീവിതം. രണ്ട് മാസം ഇയാള്‍ക്കൊപ്പം വീട്ടില്‍ താമസിക്കുകയും ചെയ്തു. ഇതിനിടെ ഇയാളില്‍ നിന്ന് സ്വര്‍ണവും ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണവും പിന്‍വലിപ്പിച്ച് അടിച്ചുമാറ്റിയെന്ന് മാത്രമല്ല പ്രമാണം ബാങ്കില്‍ പണയം വച്ച് വന്‍തുക ലോണ്‍ എടുപ്പിച്ച് അതുംകൂടി കൈക്കലാക്കിയാണ് ശാലിനി മുങ്ങിയത്. 

മാനക്കേട് കാരണം ഇയാള്‍ തട്ടിപ്പ് വിവരം പുറത്ത് പറഞ്ഞില്ല. പണമെല്ലാം നഷ്ടപ്പെട്ടതോടെ മാനസികമായി തളര്‍ന്ന മട്ടിലാണ് ഇയാളുടെ ജീവിതം. ഇവര്‍ തിരുവനന്തപുരത്തിന് പുറമെ ചാലക്കുടിയിലും ചെങ്ങന്നൂരും കുന്നത്തുനാടിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വേറെ പലയിടത്തും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും നിലവില്‍ നാലിടങ്ങളില്‍ മാത്രമേ കേസുള്ളൂ. 2010 ല്‍ കിടങ്ങന്നൂര്‍ സ്വദേശിക്ക് വിവാഹ വാഗ്ദാനം നല്‍കി 25 പവനും മൂന്ന് ലക്ഷം രൂപയും 10 ചെക്ക് ലീഫുകളും തട്ടിയെടുത്തെന്ന കേസാണ് ചെങ്ങന്നൂര്‍ പൊലീസിലുള്ളത്. 2013 ല്‍ പ്രബീഷ് എന്ന യുവാവുമായി ചേര്‍ന്ന് ചാലക്കുടി സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ തട്ടിപ്പ് നടത്തി. കുന്നത്തുനാട്ടില്‍ വീട്ടുവേലക്കാരിയെ കബളിപ്പിച്ച് സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ ഇവര്‍ പിടിയിലായിരുന്നു. അന്നാണ് ഇവരുടെ വിവാഹ തട്ടിപ്പുകളും പുറത്ത് വന്നത്.

ഏറ്റവുമൊടുവിലാണ് ഓട്ടോ ഡ്രൈവറായ ചിങ്ങവനം വെള്ളുത്തുരുത്തി സ്വദേശി ശശീന്ദ്രന്‍നായരെ പറ്റിക്കുന്നത്. അഭിഭാഷക എന്ന പേരില്‍ പരിചയപ്പെടുത്തിയായിരുന്നു വിവാഹം നടത്തിയത്. വിവാഹ ദിവസം തന്നെ ആലപ്പുഴയില്‍ കൊണ്ടുപോയ ശേഷം അവിടെ നിന്നുമാണ് മുങ്ങിയത്. ഇതിനിടെ ശാലിനി ചടയമംഗലം സ്വദേശിനിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവര്‍ ഓച്ചിറയിലുണ്ടായിരുന്നതായി വിവരം ലഭിച്ചുവെങ്കിലും പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Shalini, Marriage, Robbery, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.