Latest News

എസ്.വൈ.എസ് 60-ാം വാര്‍ഷിക പ്രഖ്യാപന റാലി വെളളിയാഴ്ച

കാസര്‍കോട് : സുന്നി ആദര്‍ശ പതാക വാഹക സംഘം 'സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം' എന്ന പ്രമേയത്തില്‍ പ്രഖ്യാപന റാലി വെളളിയാഴ്ച കാസര്‍കോട് നഗരത്തില്‍ നടക്കും. അറുനൂറംഗ എസ് വൈ എസ് ധ്വജവാഹക സംഘം അണി നിരക്കുന്ന പ്രൗഢ റാലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

എസ് വൈ എസ് 60-ാം വാര്‍ഷികം വിളംബരം ചെയ്ത് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന പ്രഖ്യാപനങ്ങളുടെ ഭാഗമായാണ് കാസര്‍കോട് റാലി നടക്കുന്നത്. അസര്‍ നിസ്‌കാര ശേഷം പഴയ ബസ് സ്റ്റാന്റിലുള്ള സഅദിയ്യ ലോഡ്ജ് പരിസരത്തു നിന്നും തുടങ്ങുന്ന റാലി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റിനു സമീപം സമാപിക്കും. 

എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പ്രഖ്യാപനം നടത്തും. സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും സമുന്നത നേതാക്കള്‍ റാലിയില്‍ അണി നിരക്കും. 

ജില്ലാ എക്‌സിക്യൂട്ടീവ്, 60-ാം വാര്‍ഷിക ജില്ലാ ഇ.സി എന്നിവരടങ്ങുന്ന 60 അംഗ പതാക വാഹക സംഘം മുന്‍ നിരയില്‍ അണി നിരക്കും. ഓരോ സോണുകളും പ്രത്യേകം സന്ദേശമെഴുതിയ ബാനറുകളുമായി 60 വീതം സംഘങ്ങള്‍ പിറകില്‍ അണി നിരക്കും.
സമര്‍പ്പിത യൗവ്വനമാണ് ജീവിതത്തിന്റെ സാക്ഷാല്‍കാരമെന്ന് വിളംബരം ചെയ്ത് കരുത്തുറ്റ എസ് വൈ എസ് യുവത്വം മുന്നോട്ട് നീങ്ങും. നശീകരണമല്ല നിര്‍മാണാത്മക സമരമാണ് യുവത്വത്തിന്റെ കരുതലെന്ന് പ്രഖ്യാപിക്കുന്ന റാലി അശരണര്‍ക്ക് ആശ്വാസം ചൊരിഞ്ഞ് അപരന്റെ ആരോഗ്യത്തിന് കാവലിരിക്കണമെന്ന് പ്രതിജ്ഞ ചെയ്യും.

എസ് വൈ എസ്, എസ് എസ് എഫ്, ജംഇയ്യതുല്‍ മുഅല്ലിമീന്‍, എസ് എം എ ജില്ലാ നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ സഖാഫി കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സോണ്‍ ബാനറുകള്‍ക്ക് പിന്നില്‍ സോണ്‍ ഭാരവാഹികള്‍ അണി നിരക്കും.
വരുന്ന എട്ട് മാസങ്ങള്‍ സംസ്ഥാനം സാക്ഷ്യം വഹിക്കുന്ന നൂതനവും വ്യത്യസ്തവുമായ എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന പരിപാടികളുടെ ദിശ നിര്‍ണ്ണയിക്കുന്ന ആദര്‍ശ മുന്നേറ്റമായി പ്രഖ്യാപന റാലിയെ മാറ്റാന്‍ പ്രവര്‍ത്തകര്‍ സജ്ജമായിക്കഴിഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, sys


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.