Latest News

ബെല്‍ജിയം ജയത്തോടെ തുടങ്ങി

ബെലൊ ഹോറിസോണ്ടെ: ഒന്നു വിറച്ചുപോയ ചെകുത്താന്മാര്‍ പിന്നെ പകരക്കാരുടെ കരുത്തില്‍ ചോര നുണഞ്ഞ് ഉജ്വലമായി തിരിച്ചുവന്നു. അത്ഭുതങ്ങള്‍ ചെപ്പിലൊളിപ്പിച്ച ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയം ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എച്ചില്‍ ജയത്തോടെ തുടങ്ങി. കളിയുടെ ഒഴുക്കിനെതിരെ അപ്രതീക്ഷിതമായി ഗോള്‍ വീണ് പതറിപ്പോയവര്‍ അള്‍ജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് പരാജയപ്പെടുത്തിയത്.

കളിയുടെ ഒഴുക്കിനെതിരെ വീണുകിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഫെഗൂളിയാണ് അള്‍ജീരിയയെ ആദ്യം മുന്നിലെത്തിച്ചത്. 70-ാം മിനിറ്റില്‍ പകരക്കാരന്‍ ഫെല്ലനി സമനിലയും 80-ാം മിനിറ്റില്‍ മറ്റൊരു പകരക്കാരന്‍ മെര്‍ട്ടെന്‍സ് വിജയഗോളും വലയിലാക്കി.

ബെല്‍ജിയം ചിട്ടയാര്‍ന്ന കളിയിലൂടെ എല്ലാ അര്‍ഥത്തിലും സമഗ്രാധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനിറ്റില്‍ ഫെഗൗളിയാണ് പെനാല്‍റ്റിയിലൂടെ അവരെ ഞെട്ടിച്ച ഗോള്‍ നേടിയത്. ഏറ്റവും കൂടുതല്‍ നേരെ ഗോളടിക്കാതെ കളിച്ചവരെന്ന അപൂര്‍ണ റെക്കോഡിന്റെ വക്കില്‍ നിന്നായിരുന്നു ഈ അപ്രതീക്ഷിത ഗോള്‍. ലോകകപ്പില്‍ അഞ്ചു മത്സരങ്ങളിലായി 517 മിനിറ്റുകള്‍ക്കുശേഷമാണ് അള്‍ജീരിയ ഒരു ഗോള്‍ നേടുന്നത്. 1986 ലോകകപ്പിലാണ് അവര്‍ അവസാനമായി വല ചലിപ്പിച്ചത്.

ഒന്നാം പകുതിയുടെ 67 ശതമാനം നേരവും കളി നിയന്തിക്കുകയും എട്ട് ഷോട്ടുകള്‍ എതിര്‍ ഗോളിലേയ്ക്ക് തൊടുക്കുകയും ചെയ്താണ് ബെല്‍ജിയം ഒരു ഗോള്‍ വഴങ്ങിയത്. ഒന്നാം പകുതില്‍ ഒരേയൊരു തവണയാണ് അള്‍ജീരിയ ബെല്‍ജിയം ഗോളിലേയ്ക്ക് നിറയൊഴിച്ചത്. അപകടരഹിതമായ ഒരു ക്രോസ് ഓടിപ്പിടിക്കാന്‍ ശ്രമിച്ച ഫെഗൗളിയെ തീര്‍ത്തും അനാവശ്യമായി വെര്‍ട്ടോങ്ങന്‍ ഫൗള്‍ ചെയ്തതാണ് ബെല്‍ജിയത്തിന് വിനയായത്. പന്ത് വാരകള്‍ക്കപ്പുറത്തൂടി പുറത്തേയ്ക്ക് പോകുമ്പോഴായിരുന്നു പിറകില്‍ നിന്നുള്ള വെര്‍ട്ടോങ്ങന്റെ ഫൗള്‍. ഇതുവഴി ബെല്‍ജിയം ഡിഫന്‍ഡര്‍ ഒരു മഞ്ഞ കാര്‍ഡും വാങ്ങിവച്ചു. വലത്തോട്ട് ചാടിയ ഗോളിയെ കബളിപ്പിച്ച് ഇടത്തോട്ട് ഒന്ന് പ്‌ളേസ് ചെയ്യേണ്ട ആവശ്യമേ ഫെര്‍ഗൂളിക്കുണ്ടായിരുന്നുള്ളൂ.

അനവസരത്തിലുള്ള ഈ ഗോള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബെല്‍ജിയം തന്നെയായിരുന്നു കളിയിലുണ്ടായിരുന്നത്. 4-3-2-1 എന്ന ഫോര്‍മേഷനില്‍ മധ്യനിരയില്‍ മൈതാനത്തിന്റെ വീതി പൂര്‍ണമായി ഉപയോഗിച്ചുകൊണ്ടാണ് ബെല്‍ജിയം ഓരോ നീക്കവും ആസൂത്രണം ചെയ്തത്. ക്ഷമാപൂര്‍വം മെല്ലെ ഓളമുയര്‍ത്തി മുന്നേറിയവര്‍ക്ക് പക്ഷേ, ലൂക്കാക്കുവിനോ ഡെ ഡിബ്രൂയ്‌നോ ഹസാഡിനോ കരുത്തുറ്റ അള്‍ജീരിയന്‍ പ്രതിരോധത്തെ അതേ ലാഘവത്തില്‍ പിളര്‍ത്താന്‍ കഴിഞ്ഞില്ല. മധ്യനിരയിലെ ആസൂത്രണമികവ് എതിര്‍ഗോള്‍ ഏരിയയില്‍ എത്തുമ്പോള്‍ ഭാവനാശൂന്യമായി ഒടുങ്ങി.

ചില കരുത്തുറ്റ ലോങ് റേഞ്ചറുകളിലൂടെ വിറ്റ്‌സല്‍ ഇടയ്ക്ക് അവരെ പരീക്ഷിച്ചെങ്കിലും പ്രതിരോധഭിത്തി പിളര്‍ത്തിയ തീപ്പന്തുകള്‍ക്ക് ഗോളി റിയാസി മറികടക്കാന്‍ കഴിഞ്ഞില്ല. ലുക്കാക്കു നന്നായി പന്ത് കൈമാറി ചില കടന്നു കയറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും അത്ര അപകടകരമായിരുന്നില്ല. ലൂക്കാക്കു പന്തുമായി മെരുങ്ങിയതുന്നെ ഏറെക്കഴിഞ്ഞാണ്. ഒന്നാം പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അള്‍ജീരിയന്‍ പ്രതിരോധത്തിന്റെ കടുംപൂട്ട് ഹസാഡ് ഒന്ന് പൊട്ടിച്ചു. ഒന്നാന്തരമൊരു ക്രോസാണ് ചാഡ്‌ലിയെ ലാക്കാക്കി പായിച്ചതെങ്കിലും ഗോളിലേയ്ക്ക് വഴിമാറിയില്ല.

ഏതാനും സബ്‌സ്റ്റിറ്റിയൂഷനുകള്‍ വരുത്തിയും ആക്രമണശൈലി മാറ്റിയുമാണ് ബെല്‍ജിയം രണ്ടാം പുകുതിയില്‍ കളിച്ചത്. ഇതാണ് കളിയുടെ ഗതിയും വിധിയും മാറ്റിമറിച്ചത്. കടല്‍പോലെ ഇരമ്പിയ ചെങ്കടയ്ക്ക് മുന്നില്‍ അവസരങ്ങള്‍ ഒട്ടേറെ തുറന്നുകിട്ടിയിട്ടും അള്‍ജീരയന്‍ പ്രതിരോധമതിലില്‍ വിള്ളല്‍ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് കോച്ചിനെ ആക്രമണശൈലി മാറ്റാന്‍ പ്രേരിപ്പിച്ചത്.

കുറ്റമറ്റ രീതിയില്‍ പ്രതിരോധിച്ചുകൊണ്ടിരുന്ന അള്‍ജീരിയക്ക് എന്നാല്‍, ഈ പ്രതിരോധതന്ത്രം തന്നെ പിന്നീട് തിരിച്ചടിയാവുകയായിരുന്നു. അഞ്ചു ആറും പേരുമായി തിരമാല പോലെ മുന്നേറിക്കൊണ്ടിരുന്ന ബെല്‍ജിയം ആക്രമണത്തെ പ്രതിരോധിക്കാന്‍ കൂടുതല്‍ കൂടുതല്‍ പിറകോട്ട് വലിയുകയായിരുന്നു അള്‍ജീരിയന്‍ പ്രതിരോധം. എന്നാല്‍, ഇത് അള്‍ജീരിയന്‍ ഗോള്‍ ഏരിയയില്‍ പന്ത് നിയന്ത്രിക്കാന്‍ വിള്ളലുകള്‍ കണ്ടെത്തി അസ്ത്രം പായിക്കാനും ബെല്‍ജിയത്തിന് സമയവും സൗകര്യവും നല്‍കി. അവര്‍ മാറ്റം വരുത്തിയ ആക്രമണ ശൈലി നന്നായി നടപ്പിലാക്കാനും ഇതുവഴി കഴിഞ്ഞു. ഡീപ്പില്‍ നിന്ന് വിംഗുകളിലേയ്ക്ക് പന്തെത്തിക്കുകയും അവിടെ നിന്ന് ബോക്‌സിലേയ്ക്ക് ക്രോസുകള്‍ പായിക്കുകയുമായിരന്നു ഈ തന്ത്രം. അത്ര വലിയ തന്ത്രമൊന്നുമല്ലെങ്കിലും ഇത് ശരിക്കും ഫലം കണ്ടു.

എഴുപതാം മിനിറ്റില്‍ കെവന്‍ ഡി ബ്യൂയ്ന്‍ ബോക്‌സിലേയ്ക്ക് ഒരു ക്രോസ് പായിക്കുമ്പോള്‍ ചാലഞ്ച് ചെയ്യാന്‍ ഒരൊറ്റ പ്രതിരോധഭടന്‍ പോലും മുന്നോട്ടു വന്നില്ല. ഹസാഡില്‍ നിന്ന് പന്ത് സ്വീകരിച്ച് നന്നായി ആലോചിച്ച് ഫെല്ലെനിയും ഹസമാഡും ഓഫ് സൈഡ് കെണിയില്‍ നിന്ന് ഒഴിഞ്ഞെന്ന് ഉറപ്പുവരുത്തിയശേഷമാണ് ബ്യൂയ്ന്‍ ക്രോസ് തൊടുത്തത്. വലിയ വെല്ലുവിളിയൊന്നും കൂടാതെ തന്നെ പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച ഫെല്ലനിക്ക് അത് നെറ്റിലേയ്ക്ക് കുത്തിയിടാനും കഴിഞ്ഞു.

ഈ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് പത്ത് മിനിറ്റിനുള്ളില്‍ അവര്‍ വിജയഗോളും കണ്ടെത്തിയത്. ഒരു പ്രത്യാക്രമണത്തിനിടെ ഇടതു പാര്‍ശ്വത്തില്‍ നിന്ന് മൈതാനത്തിന് കുറുകെ മാര്‍ക്കിങ് ശല്ല്യമില്ലാതെ ഓടിയിറങ്ങിയ മെര്‍ട്ടെന്‍സിന് ഒരു ക്രോസ്. പന്തുമായി ഓടിയിറങ്ങി മാര്‍ട്ടെന്‍സ് തൊടുത്ത ബുള്ളറ്റിന് മുന്നില്‍ ഗോളി റയീസിന് പകച്ചുനില്‍ക്കാനെ കഴിഞ്ഞുള്ളൂ.

തുടര്‍ന്നും ആക്രമിച്ചു കളിച്ച ബെല്‍ജിയത്തിന് ഫെല്ലനിയിലൂടെ രണ്ടു നല്ല അവസരങ്ങള്‍ കൂടി വീണുകിട്ടിയ  88-ാം മിനിറ്റില്‍ ഒറിഗിയില്‍ നിന്നു ലഭിച്ച ഒരു പാസ് നിയന്ത്രിക്കാനാവാതെ നഷ്ടപ്പെടുത്തിയപ്പോള്‍ തൊട്ടടുത്ത മിനിഷറ്റില്‍ ഓഫ് സൈഡ് കെണിയിലും പെട്ടു. ഗോള്‍ ഏരിയയിലേയ്ക്ക് പതിനാറും പോസ്റ്റിലേയ്ക്ക് പത്തും ഷോാട്ടുകള്‍ പായിച്ചശേഷമാണ് ബെല്‍ജിയം വിജയം നുണഞ്ഞത്. അള്‍ജീരിയയാകട്ടെ ബെല്‍ജിയന്‍ പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചത് ഒരേയൊരു തവണ മാത്രം.


Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.