Latest News

ബ്രസീല്‍ ഒരു മഹാദുരന്തമായി മാറി; ജര്‍മ്മനി ഫൈനലില്‍

ബെലൊ ഹോറിസോണ്ടെ: കണ്ണീര്‍ക്കടലായി മാറിയ ബെലൊ ഹോറിസോണ്ടെയില്‍ അവിശ്വസനീയമായൊരു ദുരന്തം. സ്വന്തം മണ്ണിലെ ലോകകപ്പ് സെമിഫൈനലില്‍ ആരാധകലക്ഷങ്ങള്‍ക്ക് മുന്നില്‍ ബ്രസീല്‍ ഒരു മഹാദുരന്തമായി മാറി. ജര്‍മനിയോട് ഒന്നിനെതിരെ ഏഴു ഗോളാണ് ആതിഥേയര്‍ വഴങ്ങിയത്. ചരിത്രത്തില്‍ മഞ്ഞപ്പട നേരിട്ട ഏറ്റവും വലിയ തോല്‍വി.

ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ദയനീയമായ, ഏറ്റവും അവിശ്വസനീമായ നിമിഷങ്ങള്‍ക്കാണ് എസ്റ്റാഡിയോ മിനെയ്‌രോ സ്‌റ്റേഡിയത്തിലെ സെമിഫൈനല്‍ പോരാട്ടം സാക്ഷ്യം വഹിക്കുന്നത്. കളി തുടങ്ങി 26 മിനിറ്റിനുള്ളില്‍ തന്നെ അഞ്ചു ഗോള്‍ വഴങ്ങിയ ബ്രസീല്‍ രണ്ടാം പകുതിയിലാണ് ആറാമത്തെയും ഏഴാമത്തെയും ഗോളുകള്‍ ഏറ്റുവാങ്ങിയത്.

ടോണി ക്രൂസും പകരക്കാരന്‍ ആന്ദ്രെ ഷുര്‍ളെയും രണ്ടു ഗോള്‍ വീതവും തോമസ് മുള്ളറാം മിറോസ്ലാവ് ക്ലോസേയും സമി ഖദീര എന്നിവര്‍ ഓരോ ഗോളുമാണ് നേടിയാണ് കാനറികളെ ക്രൂരമായി കശാപ്പു ചെയ്തത്. ഇതോടെ ഗോള്‍ സമ്പാദ്യം പതിനാറാക്കിയ ക്ലോസെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മാറി. ബ്രസീലിന്റെ റൊണാള്‍ഡോയുടെ റെക്കോഡണ് ക്ലോസെ മറികടന്നത്. ഈ ലോകകപ്പില്‍ ഇത് ക്ലോസെയുടെ രണ്ടാം ഗോളാണ്. മുള്ളറുടെ അഞ്ചാം ഗോളും. മുള്ളറുടെ മൊത്തം ലോകകപ്പ് ഗോള്‍ സമ്പാദ്യം പത്തായി. തൊണ്ണൂറാം മിനിറ്റില്‍ ഒരു ഓസ്‌ക്കര്‍ ബ്രസീലിനുവേണ്ടി ഒരു ഗോള്‍ മടക്കി.

നെയ്മറില്ലെങ്കിലും തുടക്കത്തില്‍ പ്രതീക്ഷയോടെ ആക്രമിച്ചു കളിച്ച ബ്രസീലിന് പതിനൊന്നാം മിനിറ്റ് മുതലാണ് അടിതെറ്റിയത്. തിയാഗോ സില്‍വയില്ലാത്ത ബ്രസീലിയന്‍ പ്രതിരോധത്തെ വെറുംകാഴ്ചക്കാരാക്കിക്കൊണ്ടാണ് ജര്‍മനി കൂട്ടക്കുരുതി നടത്തിയത്. സമി ഖദീര ഒരു നല്ല മുന്നേറ്റം നഷ്ടപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ഗോള്‍ വീണത്. വലതു വിംഗിലൂടെ മുന്നേറാനുള്ള ഖദീരയുടെ ശ്രമം ഡിഫന്‍ഡറുടെ കാലിലിടിച്ച് പുറത്തുപോയി. തുടര്‍ന്നു ലഭിച്ച കോര്‍ണറാണ് അവര്‍ക്ക് ഗോള്‍ സമ്മാനിച്ചത്. വലതു ഫ്ലൂഗിനോടു ചേര്‍ന്ന് ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ പോസ്റ്റിന് മുന്നിലേയ്ക്ക് പറന്നു താഴ്ന്നിറങ്ങുമ്പോള്‍ ഡാന്റേയ്ക്കും ഡേവിഡ് ലൂയിസിനും പിറകില്‍ മുള്ളര്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു. അവസരം പാഴാക്കാതെ നല്ലൊരു വോളിയിലൂടെ മുള്ളര്‍ പന്ത് നേരെ വലയിലേയ്ക്ക് പായിക്കുകയും ചെയ്തു. ഗോളി സെസാര്‍ നിസ്സഹായനായിരുന്നു അപ്പോള്‍.

ബ്രസീല്‍ ഗോള്‍ മടക്കാന്‍ കഠിനാധ്വാനം ചെയ്യുന്നതിനിടെ 23-ാം മിനിറ്റില്‍ വീണ്ടും ഗോള്‍ വീണു. ജര്‍മന്‍കാര്‍ ബോക്‌സില്‍ പന്ത് കൈമാറുമ്പോള്‍ ബ്രസീലിയന്‍ പ്രതിരോധം വെറും കാഴ്ചക്കാരായിരുന്നു. ആദ്യ ഷോട്ട് ഡിഫന്‍ഡറുടെ ദേഹത്ത് ഇടിച്ചുമടങ്ങിയെങ്കിലും ക്ലോസെ രണ്ടാമതും തൊടുത്ത ഷോട്ട് ചരിത്രം കുറിച്ചുകൊണ്ട് വലയില്‍.

ബ്രസീല്‍ ഞെട്ടിത്തരിച്ചിരിക്കെ ഒരു മിനിറ്റിനുള്ളില്‍ വീണ്ടും വല ചലിച്ചു. അതും തൊട്ടടുത്ത മിനിറ്റില്‍. ഫിലിപ്പ് ലാമിന്റെ പാസില്‍ നിന്ന് ടോണി ക്രൂസാണ് മൂന്നാം ഗോള്‍ വലയിലാക്കിയത്. ഇതോടെ തന്നെ ബ്രസീലിന്റെ കഥ ഏതാണ്ട് കഴിഞ്ഞെങ്കിലും ദയനീയമായ ദുരന്തം ഇനിയും വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. രണ്ടു മിനിറ്റിനുള്ളില്‍ വീണ്ടും ഗോള്‍. സമി ഖദീരയുടെ വക. ഖദീര ആദ്യം ഓസിലിന് നല്ലൊരു പന്ത് സമ്മാനിച്ചു. ഓസില്‍ അത് തിരിച്ച് ഖദീരയ്ക്ക് തന്നെ കൈമാറി. ബ്രസീല്‍ പ്രതിരോധക്കാര്‍ നോക്കിനില്‍ക്കെ കുട്ടിക്കളിയിലെന്നപോലെ ഖദീര പോസ്റ്റിലേയ്‌ക്കൊരു വെടിയുണ്ട പായിച്ചു. കിറുകൃത്യം. ക്രൂസിന്റെ രണ്ടാം ഗോള്‍. ബ്രസീല്‍ അഞ്ചു ഗോളിന് പിറകില്‍.

രണ്ടാം പകുതിയില്‍ പുതിയൊരു ബ്രസീലിനെയാണ് കണ്ടത്. മികച്ച ഒത്തിണക്കം. എണ്ണമറ്റ മുന്നേറ്റങ്ങള്‍. തുടക്കം മുതല്‍ തന്നെ ജര്‍മനിയെ പ്രതിരോധത്തിലാക്കിയ ആക്രമണങ്ങള്‍. നാലു തവണയാണ് ഗോള്‍കീപ്പര്‍ ന്യൂയറുടെ മിടുക്ക് അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായത്. എന്നാല്‍, കളി മാറിയെങ്കിലും കഥ മാറിയില്ല. ഒരു തമാശക്കഥയിലെന്നവണ്ണം 69-ാം മിനിറ്റില്‍ അവര്‍ ആറാം ഗോളും വഴങ്ങി. വലതു പാര്‍ശ്വത്തില്‍ നിന്ന് ഫിലിപ്പ് ലാം കൊടുത്ത അളന്നു മുറിച്ച ക്രോസ് പോസ്റ്റിന് മുന്നില്‍ നിന്ന് നേരെ വലയിലേയ്ക്ക് മനോഹരമായ ഒരു വോളിയിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു ഷുര്‍ളെ.

തീര്‍ന്നില്ല. എഴുപത്തിയൊന്‍പാതം മിനിറ്റില്‍ ഷുര്‍ളെ തന്നെ മനോഹരമായൊരു ഗോളിലൂടെ ചരിത്രം രചിക്കുന്നതും കണ്ടു. ഇടതു പാര്‍ശ്വത്തിലൂടെ മുള്ളറുടെ പാസ് സ്വീകരിച്ച് മുന്നേറിയ ഷുര്‍ളെ ഒന്നാന്തരമായി പന്ത് സെസാറിന്റെ തലയ്ക്ക് മുകളിലൂടെ ചെത്തിയിടുകയായിരുന്നു. ബ്രസീലിന്റെ ഏറ്റവും ദയനീയമായ തോല്‍വി ഉറപ്പിക്കുന്നതായിരുന്നു ഈ ഗോള്‍.

അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് ആഘോഷങ്ങളുടെ അകമ്പടി ഏതുമില്ലാത്ത ഓസ്‌ക്കര്‍ ബ്രസീലിനുവേണ്ടി ഒരു ഗോള്‍ മടക്കിയത്. മാഴ്‌സലൊ നല്‍കിയ പന്തുമായി മുന്നേറി ഓസ്‌ക്കര്‍ പായിച്ച ഷോട്ട് ആദ്യമായി ന്യൂയറുടെ കൈകളെ മറികടന്ന് വലയിലെത്തി.

Keywords: World Cup football, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.