Latest News

താറാവീഹ് നമസ്‌കാരത്തിന് നേത്രത്വം നല്‍കുന്നത് പത്താം ക്ലാസ് വിദ്യാര്‍ഥി

ചെമ്മനാട്: ലേസിയത്ത് മാവില റോഡില്‍ ഉള്ള ഗഫാരി മസ്ജിദില്‍ ഈ റമസാനിലെ താറാവീഹ് നമസ്‌കാരത്തിന് നേത്രത്വം നല്‍കിയത് ചെമ്മനാട് ജമാഅത്ത് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും ഹാഫിളുമായ യഹ്യ അഹമ്മദ്. പ്രവേശന പരീക്ഷയിലൂടെ ഇംഗ്ലീഷ് മീഡിയം പത്താം ക്ലാസ്സില്‍ പഠനം നടത്തുന്ന യഹ്യ അഹമ്മദ് തളിപ്പറമ്പ് അന്‍സാറുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്നാണ് ഹാഫിള് പട്ടം കൈവരിച്ചത്. 

ദേളി ജാമിഅ സഅദിയയില്‍ നിന്ന് അഞ്ചാം ക്ലാസ്സ് പൂര്‍ത്തിയാക്കിയ ശേഷം ദാറുല്‍ ഇസ്ലാമില്‍ മത പഠനത്തിനായി ചേരുകയായിരുന്നു. പഠന കാര്യങ്ങളിലും പാഠങ്ങള്‍ മനപ്പാഠമാക്കുന്നതിലും പ്രത്യേക കഴിവ് പ്രകടിപ്പിച്ച യഹ്യ ഒരു വര്‍ഷം കൊണ്ടാണ് വിശുദ്ധ ഖുര്‍ആനിലെ മുപ്പത് അധ്യായങ്ങളും മനപ്പാടമാക്കിയാണ് ഹാഫിള് പദവി നേടിയത്. 

ഈ റമസാനിലെ പ്രാരംഭം മുതല്‍ ഗഫാരി മസ്ജിദില്‍ താറാവീഹ് നമസ്‌കാരത്തിന് പള്ളി കമ്മിറ്റി കണ്ടെത്തിയത് യഹ്യ അഹമ്മദിനെയായിരുന്നു. ഭക്തി സാന്ദ്രവും ശബ്ദ മധുരിമയും കലര്‍ന്ന ആകര്‍ഷകമായ ഖുര്‍ആന്‍ പാരായണം മഹല്‍ നിവാസികളെ ഏറെ ആകര്‍ഷിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്നും താറാവീഹ് നമസ്‌കാരത്തിലെ യഹ്യയുടെ ഖുര്‍ആന്‍ പാരായണം ആസ്വദിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്.
ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്ത്‌സി ക്ലാസ്സിലെ വിദ്യാര്‍ഥി ആയ യഹ്യ അഹമ്മദിനെക്കുറിച്ച് ക്ലാസ് ടീച്ചറായ ശ്രീമതി ലേഖക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്. ക്ലാസ്സിലെ മറ്റു വിദ്യാര്‍ഥികള്‍ ഈ ഹാഫിളിനെ ആദരവോടെ ആണ് നോക്കിക്കാണുന്നത്.

മേല്‍പ്പറമ്പ് മാക്കോട് ഇഖ്ബാലിന്റെയും നഫീസയുടെയും മകനായ യഹ്യ സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം മത പഠനവും നടത്തി വരുന്നു. ചെമ്മനാട്ടെ ജമിയാത്തുല്‍ ബാകിയാത്തുല്‍ സ്വാലിഹാത്ത് മദ്രസ്സയിലും കുറച്ചു കാലം മത പഠനം നടത്തിയിട്ടുണ്ട്. 

ഖുര്‍ആന്‍ പാരായണത്തിലെ ശബ്ദ ക്രമീകരണത്തിനും ഉച്ചാരണ ശുദ്ധിക്കും തളിപ്പറമ്പ് അന്‍സാരുല്‍ ഇസ്ലാം മദ്രസ്സയിലെ ഗഫൂര്‍ മൗലവിയോടും സക്കറിയ മൗലവിയോടും പ്രത്യേകം കടപ്പെട്ടിരിക്കുന്നു എന്ന് യഹ്യ അഹമ്മദ് നന്ദിയോടെ ഓര്‍ക്കുന്നു.

സി.എല്‍ ഹമീദ്‌ 

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.