Latest News

താജുല്‍ ഉലമ നഗരി ഒരുങ്ങി: എസ്.വൈ.എസ് ചതുര്‍ദിന റമസാന്‍ പ്രഭാഷണ പരമ്പര 5 ന് തുടങ്ങും

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ഖുര്‍ആന്‍ വിളിക്കുന്നു ക്യാമ്പയിന്‍ ഭാഗമായി ജില്ലാ കമ്മറ്റിക്കു കീഴില്‍ ജൂലൈ 5 മുതല്‍ 8 വരെ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണ പരമ്പരയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 

കാസര്‍കോട് പുതിയ ബസ്റ്റാന്റിനു സമീപം പ്രത്യേകം സജ്ജമാക്കുന്ന താജുല്‍ ഉലമ നഗരിയില്‍ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പ്രഭാഷണം. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരമാണ് ഇസ്‌ലാമിലെ നാല് ഖലീഫമാരുടെ ജീവിതം ആസ്പദമാക്കി നാല് ദിവസം പ്രഭാഷണം നടത്തുന്നത്. പ്രവാചക ജീവിതം അനുധാവനം ചെയ്ത് ലോകത്തിന് വഴി കാട്ടിയ മാതൃകാ ഭരണാധികാരികളുടെ ജീവിത ചിത്രം തുറന്ന് വെക്കുന്നത് ആധുനിക ലോകത്തിന് മാര്‍ഗ ദര്‍ശനമേകും.
എല്ലാ ദിവസവും ആത്മീയ നായകരുടെ ദുആ സദസ്സോടെയാണ് പരിപാടി സമാപിക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങള്‍ ഓരോ ദിവസവും അതിഥിയായെത്തും. വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നടക്കും. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 3000 പേര്‍ക്ക് പ്രഭാഷണം വീക്ഷിക്കാവുന്ന സൗകര്യത്തോടെ കൂറ്റന്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രഭാഷണം ശ്രവിക്കുന്നതിന് പ്രത്യേകം സൗകര്യമുണ്ട്. പരിപാടികള്‍ ആഗോള തലത്തില്‍ തല്‍സമയം ലഭ്യമാക്കും. പ്രഭാഷണം കഴിയുന്ന സമയത്തു തന്നെ അതിന്റെ സി.ഡികള്‍ നഗരിയില്‍ നിന്നു വാങ്ങാന്‍ സൗകര്യം ഒരുക്കും.
വെള്ളിയാഴ്ച ജുമുഅക്കു ശേഷം പള്ളികളില്‍ വിളംബരം നടക്കും. അന്ന് 2.30ന് തളങ്കര മാലിക്ദീനാര്‍ മഖാമില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് ഖമറലി തങ്ങള്‍ നേതൃത്വം നല്‍കും. 3.30ന് നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് യു.പി. എസ് തങ്ങള്‍ പതാക ഉയര്‍ത്തും. രാവിലെ മുതല്‍ സന്ദേശ യാത്ര നടക്കും.
ജൂലൈ 5ന് ശനിയാഴ്ച (റമസാന്‍ 7) രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറാംഗം ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ജമലുല്ലൈലി ബേക്കല്‍, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, എ.ബി മൊയ്തു സഅദി, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ഹമീദ് മൗലവി ആലമ്പാടി, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ എന്നിവര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
. വിവിധ പ്രസിദ്ധീകരണങ്ങള്‍ പി.ബി അഹ്മദ്, മുക്രി ഇബ്രാഹീം ഹാജി, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, മുഈനുദ്ദീന്‍ ഹാജി തളങ്കര, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, അബ്ദുല്‍ കലാം ബാവിക്ക (മസ്‌കറ്റ്), ഫ്രികുവൈറ്റ് അബ്ദുല്ല ഹാജി ബോവിക്കാനം തുടങ്ങിയവര്‍ പ്രകാശനം ചെയ്യും.
എട്ടിന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് എം.അലിക്കുഞ്ഞി മുസ്ലിയാരുടെ പ്രാര്‍ത്ഥനാ സദസ്സോടെ പരിപാടി സമാപിക്കും. പ്രസ്ഥാനിക നേതൃനിരയിലെ സജീവസാന്നിധ്യമായിരുന്ന സമീപകാലത്ത് ജില്ലയില്‍ നിന്നും വിട്ട് പിരിഞ്ഞ എ.കെ ഇസ്സുദ്ദീന്‍ സഖാഫി, ബി.കെ അബ്ദുല്ല ഹാജി, അയ്യൂബ് ഖാന്‍ സഅദി, സി.എ അബ്ദുല്ല ചൂരി എന്നിവരുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിവിധ മത്സര പരീക്ഷകളില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ വിതരണം ചെയ്യും. എസ്.വൈ.എസ് സാന്ത്വനം ആമ്പുലന്‍സ് അന്ന് പുറത്തിറക്കും. സാന്ത്വനം രണ്ടാം ഘട്ട പദ്ധതിയുടെ പ്രഖ്യാപനവും നടക്കും.
എസ്.വൈ.എസ് സാന്ത്വനം പദ്ധതിക്കു കീഴില്‍ റമസാനില്‍ ഈ വര്‍ഷം 10 കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തു നടന്നു വരുന്നത്. ഒരു യൂണിറ്റില്‍ ശരാശരി 15,000 രൂപയുടെ റിലീഫ് എന്നതോതില്‍ സംസ്ഥാനത്തെ 5000 യുണിറ്റില്‍ 7.5 കോടി രൂപയുടെ റമസാന്‍ റിലീഫും ചികിത്സ, വിവാഹ സഹായം, ആകസ്മിക ദുരന്തത്തില്‍ പെടുന്നവരെ സഹായിക്കല്‍ തുടങ്ങിയവക്കായി 2.5 കോടി രൂപയുടെ റിലീഫും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന റിലീഫ് ഫണ്ടിലേക്ക് ജൂലൈ 11ന് യൂണിറ്റുകളില്‍ നിന്നും ഫണ്ട് സമാഹരിക്കും. ജില്ലയില്‍ റമസാനില്‍ മാത്രം അരക്കോടി രൂപയുടെ റിലീഫ് നടന്ന് വരുന്നു.
എസ്.വൈ.എസ് റമസാന്‍ ക്യാമ്പയിന്‍ ഭാഗമായി യൂണിറ്റുതലങ്ങളില്‍ ക്ലാസ്സ് റൂം, മോറല്‍ സ്‌കൂള്‍, കുടുംബ സഭ, ഇഅ്തികാഫ് ജല്‍സ, ബദ്‌റ് സ്മരണ, സമൂഹ നോമ്പ് തുറ തുടങ്ങിയ പരിപാടികളും സര്‍ക്കിള്‍, സോണ്‍, ജില്ലാ തലത്തില്‍ ഇഫ്ത്താര്‍ മീറ്റും നടന്നു വരുന്നു.

പത്ര സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ ജനറല്‍ സെക്രട്ടറി, സുലൈമാന്‍ കരിവെള്ളൂര്‍, സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് യു.പി.എസ് തങ്ങള്‍, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് ടിപ്പു നഗര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.