Latest News

25 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്; സിദ്ധന്‍ ഉള്‍പ്പെടെ സഹോദരങ്ങളായ നാലു പേര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: വിദേശത്തു ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്ന പേരില്‍ 86 പേരില്‍നിന്ന് 25 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ സിദ്ധന്‍ ഉള്‍പ്പെടെ സഹോദരങ്ങളായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലുമായി ഫാന്‍സി കെമിക്കല്‍സ് കമ്പനി നടത്തിയിരുന്ന പുല്ലൂറ്റ് മഞ്ഞന റോഡ് കല്ലുങ്ങല്‍ അഷറഫ് (55), സഹോദരങ്ങളായ അബ്ദുല്‍ സലാം (47), ഷറഫുദ്ദീന്‍ (43), അബ്ദുല്‍ സമദ് (39) എന്നിവരെയാണ് എസ്‌ഐ പി.കെ. പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്.

മന്ത്രവാദത്തിലൂടെയും സിദ്ധന്‍ ചമഞ്ഞും അഷറഫ് ആളുകളെ വശീകരിച്ചാണു തട്ടിപ്പിനു കളമൊരുക്കിയിരുന്നത്. പണം നഷ്ടപ്പെട്ടവര്‍ അന്വേഷിച്ചെത്തിയതോടെ പുല്ലൂറ്റിലെ താമസസ്ഥലത്തു നിന്ന് വിദേശത്തേക്കു മുങ്ങിയ സംഘം മടങ്ങിയെത്തി പാലക്കാട് പുതുനഗരത്ത് ഒളിവില്‍ താമസിക്കുന്നതിനിടെയാണു പിടിയിലായത്.

കൊടുങ്ങല്ലൂര്‍, മാള, തൃശൂര്‍ എന്നിവിടങ്ങളിലായി നടത്തിയിരുന്ന ഫാന്‍സി കെമിക്കല്‍സിലും വിദേശത്തു തുടങ്ങുന്ന ചിക്കന്‍ സെന്ററിലും പങ്കാളിത്തവും ലാഭവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം അയ്യായിരം രൂപയാണു ലാഭവിഹിതമായി നല്‍കാമെന്നേറ്റത്.

ആദ്യഘട്ടത്തില്‍ ചിലര്‍ക്കു ലാഭവിഹിതം നല്‍കി വിശ്വാസം നേടിയ ശേഷമാണു വിപുലമായി രീതിയില്‍ പണം സമാഹരിച്ചത്. പലരുടെയും ഭൂമിയുടെ ആധാരങ്ങളും സ്വര്‍ണവും വാങ്ങി പണയപ്പെടുത്തിയും ഭീമമായ സംഖ്യയുടെ കുറികള്‍ക്കു ജാമ്യം നിര്‍ത്തിയുമാണ് പണം തട്ടിയെടുത്തത്.

ഒന്‍പതു മാസം മുമ്പ് ഇവര്‍ നിക്ഷേപകരെ വഞ്ചിച്ച് ഒളിവില്‍ പോയതിനെത്തുടര്‍ന്നു തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു സമരം തുടങ്ങിയിരുന്നു. ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങളും ആക്ഷന്‍ കൗണ്‍സിലിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സമരങ്ങളും നടന്നു. അടച്ചു പൂട്ടിയ ഫാന്‍സി കെമിക്കല്‍സിനു മുമ്പില്‍ ആത്മാഹുതി ശ്രമം വരെ നടന്നിരുന്നു.

കേസിലെ ഒന്നാം പ്രതി അഷറഫ് മന്ത്രവാദത്തിലൂടെയും സിദ്ധന്‍ ചമഞ്ഞും ആളുകളെ ആകര്‍ഷിച്ചാണു തട്ടിപ്പിനു കളമൊരുക്കിയതെന്നു പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു പ്രതികളിലൊരാളായ ഷറഫുദ്ദീന്‍ വിദേശത്തു നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.

വിമാനത്താവളത്തില്‍ നിന്നു തൃശൂരിലേക്കു യാത്രയ്ക്കിടെ പിന്തുടര്‍ന്ന പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മറ്റു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു. പാലക്കാട് കഞ്ചിക്കോടിനടുത്ത് പുതുനഗരത്ത് ആഡംബര വീട് വാടകക്കെടുത്തു താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം. പിടിയിലായവരുടെ സഹോദരന്‍മാരും കേസിലെ മറ്റു പ്രതികളായ സൈനുല്‍ ആബ്ദീന്‍, മനാഫ്, ഷിഹാബ് എന്നിവര്‍ ഇപ്പോഴും വിദേശത്താണ്.

മറ്റൊരു പ്രതിയും ഇവരുടെ സഹായിയുമായ ചങ്ങരംകുളം സ്വദേശി ഗഫൂറിനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതികള്‍ക്കെതിരെ തൃശൂര്‍, മതിലകം, അങ്കമാലി, ചെങ്ങമനാട് സ്‌റ്റേഷനിലും കേസുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിപിഒ സി.ആര്‍. പ്രദീപ്, സി.കെ. ഷാജു, പി.യു. ഉണ്ണി, എ.ബി. സബീഷ് എന്നിവരും ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.