Latest News

എംജിയിലേക്കുള്ള കെഎസ്‌യു മാര്‍ച്ചില്‍ അക്രമം; ഡോ. ഷീന ഷുക്കൂറിന്റെ കാര്‍ തകര്‍ത്തു

കോട്ടയം: എംജി സര്‍വകലാശാലയുടെ ആസ്ഥാനത്തേക്കു കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രോ വൈസ് ചാന്‍സലറുടേത് അടക്കം മൂന്നു കാറുകള്‍ അടിച്ചുതകര്‍ത്തു. ഓഫിസുകളുടെ ജനല്‍ച്ചില്ലുകളും മുറ്റത്തെ ചെടിച്ചട്ടിയും തല്ലിത്തകര്‍ത്തു. കെഎസ്‌യു വിന്റെ ഇടുക്കി, കോട്ടയം ജില്ലാ പ്രസിഡന്റുമാര്‍ അടക്കം 15 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പൊലീസു കാര്‍ക്കും ഒരു കെഎസ്‌യു പ്രവര്‍ത്തകനും പരുക്കേറ്റു.

എംജി സര്‍വകലാശാലയിലെ ഏകജാലക പ്രവേശനം അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക, പ്രവേശന നടപടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച 11 മണിയോടെയായിരുന്നു മാര്‍ച്ച്. സര്‍വകലാശാല കവാടത്തില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കഴിഞ്ഞപ്പോഴായിരുന്നു സംഘര്‍ഷം.

നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമായി. ഇതിനിടെ എട്ടുപേര്‍ മതില്‍ ചാടി അകത്തു കയറി. സെക്യൂരിറ്റി ജീവനക്കാരുടെ ക്യാബിന്റെ ജനല്‍ച്ചില്ല് അടിച്ചുപൊട്ടിക്കുന്നതിനിടെ ഒരു വിദ്യാര്‍ഥിയുടെ കൈ മുറിഞ്ഞു. കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറിന്റെ കാര്‍ ഉള്‍പ്പെടെ മൂന്നു കാറുകള്‍ തകര്‍ത്തു. ചെടിച്ചട്ടികള്‍ എടുത്തെറിഞ്ഞ് പൊട്ടിച്ചു. മതിലിനു പുറത്തു നിന്ന വിദ്യാര്‍ഥികള്‍ സര്‍വകലാശാല ആസ്ഥാനത്തിനു നേരെ കല്ലേറു നടത്തി. അതോടെ പൊലീസ് ലാത്തി വീശി. കല്ലേറില്‍ സര്‍വകലാശാല ഓഫിസുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

ഈസ്റ്റ് സിഐ: വി. റോയി, ഗാന്ധിനഗര്‍ എസ്‌ഐ: ഇ.പി. റെജി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെഎസ്‌യു കോട്ടയം, ഇടുക്കി ജില്ലാ പ്രസിഡന്റുമാരായ ജോബിന്‍ ജേക്കബ്, നിയാസ് കൂരാപ്പള്ളി, എംജി സര്‍വകലാശാല യൂണിറ്റ് പ്രസിഡന്റ് പയസ് ജോര്‍ജ്, പ്രവര്‍ത്തകരായ ബോണി തോമസ്, ടോണി തോമസ്, ജോണി സി. ജോയി, മാത്യു കെ. ജോണ്‍, സിബി ജോസ്, ആന്റണി, ടി.കെ. ബ്ലസില്‍, ആന്‍സണ്‍ ആന്റണി, ലിനോ ജോസ്, വിപിന്‍ കുമാര്‍, അബ്ലുള്‍ സബില്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേരെ കൂടി പ്രതിചേര്‍ത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു. കെഎസ്‌യു മാര്‍ച്ചിനുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനാചരണവും പ്രതിഷേധ ദിനാചരണവും നടത്തുമെന്നു കെഎസ്‌യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സര്‍വകലാശാലയിലേക്കു നടന്ന മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് ജോബിന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സബീര്‍ മുട്ടം, ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സോണി എം. ജോസ്, സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍ ജോസ് ആനത്താരയ്ക്കല്‍ യൂത്ത് കോണ്‍ഗ്രസ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ജോബി അഗസ്റ്റിന്‍, മുന്‍ പ്രസിഡന്റ് ജോബോയ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.


Keywords: Kottayam, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.